കിളിമാനൂർ: കോവിഡ് കാലത്ത് കെ.എസ്.ആർ.ടി.സി ആരംഭിച്ച ബോണ്ട് സർവിസുകൾ നിർത്തലാക്കി. യഥാസമയം തിരുവനന്തപുരത്തെ ഓഫിസുകളിൽ എത്താൻ കഴിയാതായ ജീവനക്കാർ സ്വകാര്യ വാഹനങ്ങളെ ആശ്രയിച്ചു. എന്നാൽ ഇത് കെ.എസ്.ആർ.ടി.സിയെ തകർക്കാനുള്ള ശ്രമമാണെന്നുകാട്ടി മാനേജ്മെൻറ് പരാതി നൽകി.
കോവിഡ് കാലത്ത് സർവിസ് ലാഭകരമാക്കാൻവേണ്ടി കെ.എസ്.ആർ.ടി.സി ആരംഭിച്ച ജനകീയ പദ്ധതിയായിരുന്നു ബോണ്ട് സർവിസ്. നിശ്ചിത നിരക്കിൽ നിശ്ചിത എണ്ണം യാത്രക്കാരെ ഉൾപ്പെടുത്തിയാണ് ബോണ്ട് സർവിസ് ആരംഭിച്ചത്. പള്ളിക്കൽ, കിളിമാനൂർ പ്രദേശത്തുനിന്നും നഗരത്തിൽ ജോലി ചെയ്യുന്ന സർക്കാർ ജീവനക്കാരെയും സ്ഥിരം യാത്രക്കാരെയും നേരിട്ട് കണ്ടാണ് സർവിസുകൾ തുടങ്ങിയത്.
കിളിമാനൂർ ഡിപ്പോക്ക് കീഴിൽ ആദ്യം പള്ളിക്കലിൽ നിന്നും പിന്നീട് കടയ്ക്കൽ തുടർന്ന് പോങ്ങനാട് നിന്നും ഓരോ സർവിസുകൾ ആരംഭിച്ചു. 2020 ഒക്ടോബറിൽ എം. എൽ.എമാരുടെയടക്കം സാന്നിധ്യത്തിൽ ആഘോഷപൂർവമാണ് സർവിസ് ആരംഭിച്ചത്.
സ്ഥിരം യാത്രക്കാരും സർക്കാർ ഉദ്യോഗസ്ഥരുമായ യാത്രക്കാർ സർവിസ് ഏറ്റെടുക്കുകയായിരുന്നു. യാത്രക്കാരുടെ കൂട്ടായ്മ വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങളിലും ഏർപ്പെട്ടു. പള്ളിക്കൽ നിന്നും തിരുവനന്തപുരത്തേക്ക് 44 രൂപ സാധാരണ നിരക്ക് നിലനിന്നിരുന്ന കാലത്ത് 80 രൂപയാണ് ബോണ്ട് സർവിസിൽ ഈടാക്കിയിരുന്നത്. ബസ് ചാർജ് വർധിപ്പിച്ചതോടെ ബോണ്ട് നിരക്ക് 104 ആയി ഉയർന്നു. കിളിമാനൂരിലെ ബോണ്ട് സർവിസുകൾ മൂന്നാഴ്ച മുമ്പ് നിർത്തലാക്കി. പകരം ഒരാഴ്ച മുമ്പ് ഒരു എ.സി ലോ ഫ്ലോർ ബസ് ആരംഭിച്ചു. ഒരു ട്രിപ്പിന് മാത്രം 170 രൂപ നിരക്കിൽ മാസം 4080 രൂപയാണ് ഇതിന് ഈടാക്കുന്നത്. ഇതോടെ സ്വകാര്യ വാഹനങ്ങളെ ആശ്രയിക്കാൻ ജീവനക്കാർ നിർബന്ധിതരായി.
തങ്ങളാണ് വാഹന ഉടമയെ സമീപിച്ചതെന്നും കെ.എസ്.ആർ.ടി.സി യാത്രക്കാരെ തട്ടിയെടുക്കുന്നില്ലെന്നും ജീവനക്കാർ പറയുന്നു. മാനേജ്മെൻറിന്റെ പരാതിയെ തുടർന്ന് വാഹന ഉടമക്കെതി രെയും യാത്ര ചെയ്യുന്ന സർക്കാർ ജീവനക്കാർക്കെതിരെയും മോട്ടോർ വാഹന വകുപ്പ് നടപടി ആരംഭിച്ചതായും ഇവർ പറയുന്നു.
ഓഫിസിൽ കൃത്യസമയത്ത് എത്താൻ കഴിയുംവിധം കെ.എസ്.ആർ. ടി.സി സംവിധാനം ഒരുക്കിയാൽ യാത്രചെയ്യാൻ തങ്ങൾ ഒരുക്കമാണെന്നും അതിനായി നടപടി സ്വീകരിക്കണമെന്നും പള്ളിക്കൽ, കിളിമാനൂർ, കടയ്ക്കൽ മേഖലകളിലെ ജീവനക്കാരും സ്ഥിരം യാത്രക്കാരും ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.