തിരുവനന്തപുരം: നഗരത്തിൽ എൽ.ഇ.ഡി തെരുവുവിളക്കുകൾ സ്ഥാപിക്കുന്ന പ്രവൃത്തി സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് മേയർ ആര്യ രാജേന്ദ്രൻ. നഗരത്തിലെ ട്യൂബ്ലൈറ്റുകൾ മാറ്റി എൽ.ഇ.ഡി സ്ഥാപിക്കുക, തെളിയാത്ത എൽ.ഇ.ടി ലൈറ്റുകൾ മാറ്റി സ്ഥാപിക്കുക എന്നീ ജോലികളാണ് കാർബൺ ന്യൂട്രൽ നഗരമെന്ന കോർപറേഷൻ പദ്ധിതയുടെ ഭാഗമായി അഞ്ചു മാസത്തിലേറെയായി പുരോഗമിക്കുന്നത്.
ബി.ജെ.പി കൗൺസിലർമാരുടെ ആവശ്യപ്രകാരം വിളിച്ച സ്പെഷൽ കൗൺസിൽ യോഗത്തിലായിരുന്നു മേയർ ഇക്കാര്യം വ്യക്തമാക്കിയത്. ഫെബ്രുവരിയിലാണ് എൽ.ഇ.ഡി തെരുവുവിളക്കുകൾ സ്ഥാപിക്കാനായി കരാർ ഒപ്പിട്ടത്. ആറ് മാസത്തിനുള്ളിൽ പണി പൂർത്തിയാക്കണമെന്ന നിർദേശമാണ് കമ്പനിക്ക് നൽകിയത്. സെപ്തംബർ 12നുള്ളിൽ പണി പൂർത്തിയാക്കുമെന്നും ഇതുമായി ബന്ധപ്പെട്ട് കോര്‍പറേഷന്റെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായിട്ടില്ലെന്നും അഴിമതി നടന്നു എന്നതരത്തിലുള്ള പ്രതിപക്ഷ പ്രചാരണം വസ്തുതകള്‍ക്ക് നിരക്കാത്തതാണെന്നും മേയര്‍ പറഞ്ഞു.
കഴക്കൂട്ടം, തിരുവനന്തപുരം, നെയ്യാറ്റിൻകര ഡിവിഷനുകളിലായാണ് തെരുവു വിളക്കുകൾ സ്ഥാപിക്കുന്ന പ്രവൃത്തി നടക്കുന്നത്. അടുത്ത പത്തു വർഷത്തേക്ക് തെരുവു വിളക്കുകളുടെ അറ്റകുറ്റപ്പണിയും കരാറെടുത്ത കമ്പനിയുടെ ചുമതലയാണ്. തെരുവ് വിളക്കുകള്‍ സ്ഥാപിക്കാന്‍ കോര്പറേഷന് ഏല്‍പ്പിച്ചിരിക്കുന്ന കരാര്‍ കമ്പനി അലംഭാവം കാട്ടുന്നതായി പ്രതിപക്ഷം ആരോപിച്ചു. പുതിയ എല്‍.ഇ.ഡി ബള്‍ബുകള്‍ പലയിടത്തും കത്തുന്നില്ലെന്ന് ബി.ജെ.പി കൗണ്‍സിലര്‍ എം.ആര്. ഗോപന് ആരോപിച്ചു. പ്രവൃത്തി പൂര്‍ത്തിയാക്കുന്നതില്‍ കമ്പനി അലംഭാവം കാണിച്ചെന്ന് ബോധ്യപ്പെട്ടപ്പോള്‍ കോര്പറേഷന് നോട്ടീസ് അയയ്ക്കുകയും വിശദീകരണം തേടുകയും ചെയ്തതായി മേയർ വ്യക്തമാക്കി. കരാറില്‍ ഒപ്പുവെച്ചെങ്കിലും അത് പാലിക്കപ്പെട്ടില്ലെന്നും ഇതില്‍ അഴിമതി ഉണ്ടെന്നും കമ്പനിയുടെ അലംഭാവത്തിന് പിഴ ഈടാക്കാമെന്ന് വ്യവസ്ഥയുണ്ടായിരിക്കെ അത് നടപ്പാക്കിയില്ലെന്നും ഗിരികുമാര്‍ ആരോപിച്ചു. എന്നാല്‍, വെറുതെ ആരോപണം ഉന്നയിക്കാന്‍ പറ്റില്ലെന്നും തെളിവ് വേണമെന്നും മേയര്‍ പറഞ്ഞു. ലൈറ്റുകള്‍ പരിശോധിക്കാന്‍ ടെക്നിക്കല്‍ കമ്മിറ്റിയെ നിയോഗിച്ചിട്ടുണ്ടെന്നും വിഷയത്തിൽ ഓണ്‍ലൈനായും നേരിട്ടും പത്തോളം യോഗങ്ങൾ ടെക്നിക്കല്‍ കമ്മിറ്റി ചേര്‍ന്നിട്ടുണ്ടെന്നും മേയര്‍ മറുപടി നൽകി. അഴിമതി ആരോപണം ചൂണ്ടിക്കാട്ടി ബി.ജെ.പി അംഗങ്ങള്‍ ബാനര്‍ ഉയര്‍ത്തി പ്രതിഷേധിച്ചു. ആഗസ്റ്റ് 30 മുമ്പ് നഗരത്തിലെ തെരുവ് വിളക്കുകള്‍ എല്ലാം കത്തിക്കുമെന്ന് ചര്‍ച്ചക്ക് മറുപടിയായി സ്റ്റാന്‍ഡിങ് കൗണ്‍സില്‍ ചെയര്മാന് മേടയില്‍ വിക്രമന് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.