ആ​റ്റി​ങ്ങ​ൽ കൃ​ഷി ഭ​വ​ൻ പ​രി​സ​ര​ത്ത് അ​ല​ഞ്ഞു​ന​ട​ക്കു​ന്ന തെ​രു​വു​നാ​യ്ക്ക​ൾ

തെരുവുനായ് ശല്യം രൂക്ഷം, ആശങ്കയിൽ നാട്ടുകാർ

ആറ്റിങ്ങൽ: നഗരസഭാ പരിധിയിലും സമീപ മേഖലകളിലും തെരുവുനായ് ശല്യം രൂക്ഷം. തെരുവിൽ വ്യാപകമായി നായ്ക്കൾ അലഞ്ഞുതിരിഞ്ഞ് നടക്കുന്നുണ്ട്. തെരുവുനായ്ക്കളുടെ കടിയേൽക്കുന്നതിനു പുറമെ, ഇവയെ ഭയന്നോടി കുട്ടികൾ വീണ് പരിക്കേൽക്കുന്ന സംഭവങ്ങളും പതിവാണ്. ആറ്റിങ്ങൽ നഗരത്തിൽ പുലർച്ച നടക്കാനിറങ്ങുന്നവർ തെരുവുനായ്ക്കളുടെ ഭീഷണി നേരിടുന്നുണ്ട്. പലരും നായെ ഓടിക്കാൻ വടിയുമായാണ് നടക്കാൻ പോകുന്നത്.

കഴിഞ്ഞ ദിവസം ആറ്റിങ്ങലിൽ തെരുവുനായ്ക്കളുടെ കടിയേറ്റ് നാലുപേർക്ക് ഗുരുതരമായി പരിക്കേറ്റു. ചിറ്റാറ്റിൻകര സ്വദേശികളായ പ്രഭാവതി (70), പൊടിയൻ (58), ഗോകുൽരാജ് (18), ലിനു (26) എന്നിവർക്കാണ് കടിയേറ്റത്.

ഞായറാഴ്ച വൈകീട്ട് 6 മണിയോടെ പ്രഭാവതി അമ്മ വീട്ടുമുറ്റത്ത് കരിയില തൂത്തുകൂട്ടി തീയിടുന്നതിനിടെ, ഓടിയെത്തിയ നായ് ചെവിയിലും കൈയിലും കടിച്ചു. ഇവരുടെ നിലവിളികേട്ടെത്തിയ സമീപവാസിയായ പൊടിയൻ വടിയുമായി എത്തിയപ്പോൾ നായ് അയാൾക്കു നേരെ ചാടിവീണ് കാലിൽ കടിച്ച് ഓടിപ്പോയി. സമീപ പ്രദേശത്തെ ഗോകുൽ രാജിനും ലിനുവിനും തിങ്കളാഴ്ചയാണ് നായുടെ കടിയേറ്റത്.

ഗോകുൽരാജിന്‍റെ വയറ്റിലും ലിനുവിന്‍റെ കവിളിലുമാണ് കടി. നാലുപേരെയും കടിച്ചത് ഒരു നായ് ആണെന്നാണ് കരുതുന്നത്.

തിങ്കളാഴ്ച ആറ്റിങ്ങൽ പാലമൂട്ടിൽ നാലുപേർക്കും തെരുവുനായുടെ കടിയേറ്റിരുന്നു. മണമ്പൂർ, കടയ്ക്കാവൂർ പഞ്ചായത്തുകളിൽ തെരുവുനായ് ശല്യം കൂടുതലാണ്.

ആട്, കോഴി എന്നിവയെ തെരുവുനായ്ക്കൾ കടിച്ചുകൊല്ലുന്നത് പഞ്ചായത്ത് മേഖലകളിൽ വ്യാപകമാണ്. പഞ്ചായത്ത്, ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി പ്രദേശവാസികൾക്ക് ആടിനെയും കോഴികളെയും വിതരണം ചെയ്യാറുണ്ട്. എന്നാൽ തെരുവുനായ്ക്കളെ കാരണം ജനങ്ങൾക്ക് ഈ പദ്ധതികൾ പ്രയോജനപ്പെടാറില്ല.

Tags:    
News Summary - Locals are worried about street dog harassment

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.