തിരുവനന്തപുരം: കാനഡയിൽ ജോലി വാഗ്ദാനം ചെയ്ത് മൂന്നര ലക്ഷത്തോളം രൂപ തട്ടിയെടുത്തയാളെ ബംഗളൂരുവിൽ നിന്ന് പിടികൂടി. ബംഗളൂരു ജ്യോതിപുര സ്വദേശി ഡേവിഡ് രാജ് (35) നെയാണ് തിരുവനന്തപുരം സിറ്റി സൈബർ ക്രൈം െപാലീസ് അറസ്റ്റ് ചെയ്തത്.
കനേഡിയൻ കമ്പനിയുടെ ഇന്ത്യയിലെ റിക്രൂട്ടിങ് ഓഫിസർ എന്ന വ്യാജേന നവ മാധ്യമങ്ങൾ വഴി പരസ്യം നൽകിയായിരുന്നു തട്ടിപ്പ്. അപേക്ഷ നൽകിയ തിരുവനന്തപുരം സ്വദേശിനിയെ പറഞ്ഞ് വിശ്വസിപ്പിച്ച് കനേഡിയൻ എമിഗ്രേഷൻ ചാർജിനും ആപ്ലിക്കേഷൻ നടപടികൾക്കുമായി മൂന്നരലക്ഷത്തോളം രൂപയാണ് ഇയാൾ തട്ടിയെടുത്തത്. വ്യാജ തിരിച്ചറിയൽ രേഖകൾ ഉപയോഗിച്ച് എടുത്ത ഫോൺ നമ്പറുകളും വാട്സ്ആപ് അക്കൗണ്ടുകളും മാറിമാറി ഉപയോഗിച്ചുകൊണ്ടിരുന്ന പ്രതിയെക്കുറിച്ച് പ്രാഥമിക അന്വേഷണഘട്ടത്തിൽ സൂചനകളൊന്നും തന്നെ ഉണ്ടായിരുന്നില്ല.
തുടർന്ന് ന്യൂതന സൈബർ സാങ്കേതിക വിദ്യകളുടെ സഹായത്തോടെ ഒരാഴ്ചക്കാലത്തോളം ബംഗളൂരുവിൽ ക്യാമ്പ് ചെയ്ത് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ബംഗളൂരുവിലെ ഇന്ദിരാനഗറിൽ നിന്ന് തിരുവനന്തപുരം സിറ്റി സൈബർ ക്രൈം െപാലീസ് പ്രതിയെ പിടികൂടിയത്. തിരുവനന്തപുരം സിറ്റി പോലീസ് കമീഷണർ സ്പർജൻകുമാറിന്റെ നിർദേശപ്രകാരം ഡെപ്യൂട്ടി െപാലീസ് കമീഷണർ അജിത്കുമാറിന്റെ മേൽനോട്ടത്തിൽ തിരുവനന്തപുരം സിറ്റി സൈബർ ക്രൈം െപാലീസ് സ്റ്റേഷൻ എ.സി.പി ശ്യാംലാൽ, ഇൻസ്പെക്ടർ വിനോദ്കുമാർ, എസ്.ഐ ബിജുലാൽ, സി.പി.ഒ വിജേഷ് എന്നിവരടങ്ങിയ െപാലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.
ബംഗളൂരുവിലെ ബാനസവാടി െപാലീസ് സ്റ്റേഷനിൽ സമാനമായ നിരവധി കേസുകളുള്ള ഇയാളിൽ നിന്ന് കുറ്റകൃത്യത്തിന് ഉപയോഗിച്ച ഇലക്ട്രോണിക് ഉപകരണങ്ങൾ െപാലീസ് കണ്ടെടുത്തിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.