പോത്തൻകോട്: സഹകരണ സംഘങ്ങളിൽ ജോലി വാഗ്ദാനം ലഭിച്ച് ലക്ഷങ്ങളുടെ തട്ടിപ്പിനിരയായ പോത്തൻകോട് വാവറയമ്പലം മംഗലത്തുനട ശാസ്താക്ഷേത്രത്തിന് സമീപം രഞ്ജിത്ത് ഭവനിൽ രാമചന്ദ്രൻനായർ-രമാദേവി ദമ്പതികളുടെ മകൻ രജിത്തിന്റെ (38) മൃതദേഹം സംസ്കരിച്ചു. തിങ്കളാഴ്ച ഉച്ചക്ക് 12.30 ന് മൃതദേഹം വീട്ടിലെത്തിച്ചു. ഉച്ചക്ക് ഒന്നോടെ വൻജനാവലിയുടെ സാന്നിധ്യത്തിൽ മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു.
ഞായറാഴ്ച ഉച്ചക്ക് 12 ഓടെയാണ് രജിത്തിനെ വീട്ടിലെ മുറിക്കുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടുകാർ പുറത്തുപോയി മടങ്ങിവന്നിട്ടും മുറി തുറക്കാത്തതിനാൽ വീട്ടുകാർ അയൽവാസികളെ അറിയിക്കുകയായിരുന്നു. നാട്ടുകാരെത്തി മുറിയുടെ പുറത്തെ ജനൽ ചില്ല് തകർത്ത് നടത്തിയ അന്വേഷണത്തിലാണ് രജിത്തിനെ മുറിക്കുള്ളിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്.
മുറിക്കുള്ളിൽനിന്ന് ആത്മഹത്യക്കുറിപ്പും പൊലീസ് കണ്ടെത്തിയിരുന്നു. അസ്വാഭാവിക മരണത്തിന് കേസെടുത്തതായി പോത്തൻകോട് എസ്.ഐ രാജീവ് പറഞ്ഞു.
2018ലാണ് രജിത്തും ഭാര്യ രേവതിയും ജോലിക്കായി ആറ്റിങ്ങൽ കേന്ദ്രമായി പ്രവർത്തിക്കുന്ന കേരള ട്രഡീഷനൽ ഫുഡ് പ്രോസസിങ് ആൻഡ് ഡിസ്ട്രിബ്യൂഷൻ ഇൻഡസ്ട്രിയൽ കോഓപറേറ്റിവ് സൊസൈറ്റിയുടെ പ്രസിഡന്റായ സജിത്തിന് എട്ടു ലക്ഷം രൂപ നൽകിയത്. നാലുമാസം ആറ്റിങ്ങൽ കേന്ദ്രമായി പ്രവർത്തിച്ചിരുന്ന സഹകരണ സംഘത്തിൽ ഇവർ ജോലി ചെയ്തിരുന്നെങ്കിലും ഒരു മാസത്തെ ശമ്പളമാണ് ഇവർക്ക് നൽകിയത്.
തുടർന്ന് ഇവർ ജോലി മതിയാക്കുകയും പണം തിരികെ കിട്ടാനായി സജിത്തിനെ സമീപിക്കുകയും ചെയ്തു. എന്നാൽ, പണം തിരികെ കിട്ടിയില്ല. ചിറയിൻകീഴ് പൊലീസ് സ്റ്റേഷനിൽ 2021ൽ പരാതി നൽകി. സഹകരണവകുപ്പിന് കീഴിൽ ചിറയിൻകീഴ് ഇരട്ടക്കലുങ്ക് കേന്ദ്രമാക്കി ചിറയിൻകീഴ് താലൂക്ക് ഓട്ടോറിക്ഷാത്തൊഴിലാളി കോഓപറേറ്റിവ് സൊസൈറ്റിയും (കാൽകോസ്) വ്യവസായവകുപ്പിന് കീഴിൽ ആറ്റിങ്ങൽ കേന്ദ്രമാക്കി കേരള ട്രഡീഷനൽ ഫുഡ് പ്രോസസിങ് ആൻഡ് ഡിസ്ട്രിബ്യൂഷൻ ഇൻഡസ്ട്രിയൽ കോഓപറേറ്റിവ് സൊസൈറ്റിയും (കെ.ടി.എഫ്.ഐ.സി.എസ്. ലിമിറ്റഡ്) രൂപവത്കരിച്ചാണ് ചിറയിൻകീഴ് സ്വദേശിയായ സജിത്കുമാർ തട്ടിപ്പ് നടത്തിയത്.
ഇദ്ദേഹം തന്നെയായിരുന്നു രണ്ടു സംഘത്തിന്റെയും പ്രസിഡന്റ്. തട്ടിപ്പ് കേസുകൾ ക്രൈം ബ്രാഞ്ചാണ് നിലവിൽ അന്വേഷിക്കുന്നത്
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.