നെടുമങ്ങാട്: ഖനനം നടത്താൻ അനുവദിക്കില്ലെന്നും മങ്ങാട്ടുപാറയെ സംരക്ഷിക്കാനുള്ള നടപടികളുമായി മുന്നോട്ടുപോകുമെന്നും ജി. സ്റ്റീഫൻ എം.എൽ.എ. കുടിവെള്ള പദ്ധതി മങ്ങാട്ടുപാറയിൽത്തന്നെ കൊണ്ടുവരാനുള്ള ശ്രമം നടത്തുമെന്നും സ്ഥലം സന്ദർശിച്ചശേഷം എം.എൽ.എ അറിയിച്ചു. പഞ്ചായത്ത് ഭരണസമിതിയുമായി ചേർന്ന് തുടർനടപടികൾ ആലോചിക്കാൻ സർവകക്ഷി യോഗം ചേരും.
ഉഴമലയ്ക്കൽ പഞ്ചായത്തിൽ 5.71 ഹെക്ടറോളം വിസ്തൃതിയുള്ള റവന്യൂ ഭൂമിയാണ് മങ്ങാട്ടുപാറ. കഴിഞ്ഞ ദിവസം പാറയിലെ ആരാധനസ്ഥലത്തെ വിളക്കുകളും പ്രതിഷ്ഠയും കാണാതായിരുന്നു. തുടർന്ന്, നാട്ടുകാർ ഉഴമലയ്ക്കൽ പഞ്ചായത്ത് ഓഫിസിനു മുന്നിൽ തടിച്ചുകൂടി സെക്രട്ടറിക്ക് നിവേദനം നൽകി. മങ്ങാട്ടുപാറയിലെ പാറപൊട്ടിക്കാൻ കലക്ടർ മുമ്പ് അനുമതി നൽകിയിരുന്നു. ഇത് പ്രതിഷേധത്തിനിടയാക്കുകയും ചെയ്തു. പഞ്ചായത്തിന്റെ പരാതിയിൽ റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറിയുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് നിരാക്ഷേപപത്രം റദ്ദാക്കിയത്. ആദ്യം നിരാക്ഷേപപത്രം ലഭിച്ചയാൾ ഇതിനെതിരെ ഹൈകോടതിയെ സമീപിച്ചതിനെത്തുടർന്ന് തീരുമാനം ഹൈകോടതി സ്റ്റേ ചെയ്തിരുന്നു. കലക്ടർ നിരാക്ഷേപപത്രം നൽകിയതിനെതിരെ പഞ്ചായത്ത് വ്യവസായ വകുപ്പ് ജോയന്റ് സെക്രട്ടറിക്ക് അപ്പീൽ നൽകിയിരിക്കുകയാണ്.
പാറയെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് സംരക്ഷണസമിതി എം.എൽ.എക്ക് നിവേദനം നൽകിയിരുന്നു. ഈ സാഹചര്യത്തിലായിരുന്നു എൽ.എൽ.എയുടെ സന്ദർശനം. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്. ശേഖരൻ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ എ. റഹീം, കണ്ണൻ എസ്. ലാൽ, പഞ്ചായത്തംഗങ്ങളായ സജീന കാസിം, ഒ.എസ്. ലത, ടി. ജയരാജ്, എൽ. മഞ്ജു, എം.എ. അഖിൽ, സി.പി.എം. എൽ.സി സെക്രട്ടറി മനോഹരൻ, മറ്റ് രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.