വ​ക്കം ഖാ​ദ​ർ അ​നു​സ്മ​ര​ണ വേ​ദി​യു​ടെ ‘സ്വാ​ത​ന്ത്ര്യ സ്മൃ​തി സാ​ഗ​രം’ പ​രി​പാ​ടി​യു​ടെ മ​ന്ത്രി ആ​ൻ​റ​ണി രാ​ജു ഉ​ദ്​​ഘാ​ട​നം ചെയ്യുന്നു

ഷൂസ് തുടച്ചും മാപ്പെഴുതിയും രക്ഷപ്പെട്ടവരാണ് ഇന്ന് ദേശീയതയുടെ വക്താക്കളെന്ന് മന്ത്രി

ശംഖുംമുഖം: ഷൂസ് തുടച്ചും മാപ്പെഴുതിയും രക്ഷപ്പെട്ടവരാണ് ഇന്ന് ദേശീയതയുടെ വക്താക്കളെന്ന് മന്ത്രി ആൻറണി രാജു. വീരമൃത്യു വരിച്ച വക്കം ഖാദർ ജില്ലയുടെ അഭിമാനവും രാജ്യത്തിന്‍റെ സ്വത്തുമാണ്. മാപ്പെഴുതി കൊടുത്തവർക്ക് സ്മാരകം പണിയുന്ന വിരോധാഭാസങ്ങൾ നടക്കുന്ന കാലത്ത് വക്കം ഖാദർ ഉൾപ്പെടെയുള്ളവരുടെ പ്രസക്തി ഏറെയാണെന്നും മന്ത്രി ആൻറണി രാജു. വക്കം ഖാദർ അനുസ്മരണ വേദിയുടെ 'സ്വാതന്ത്ര്യ സ്മൃതി സാഗരം' പരിപാടിയുടെ ഉദ്ഘാടനം ശംഖുംമുഖം ബീച്ചിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വക്കം ഖാദർ അനുസ്മരണ വേദി ചെയർമാൻ എം.എ. ലത്തീഫ് അധ്യക്ഷതവഹിച്ചു. കോർപറേഷൻ കൗൺസിലർ സെറാഫിൻ ഫ്രെഡി, പഞ്ചായത്ത് അംഗങ്ങളായ അജയരാജ്, ശ്രീചന്ദ്, സംഘാടകസമിതി ഭാരവാഹികളായ സഞ്ജു, സജീർ ജന്മിമുക്ക്, ഡ്വാളി, മൈക്കിൽ, ശരത് ശൈലേഷൻ, ജോസ് നിക്കോളാസ് എന്നിവർ സംസാരിച്ചു.

സ്വാതന്ത്ര്യത്തിന്‍റെ 75ാം വാർഷികവേളയിൽ അനന്തപുരിയുടെ സ്വാതന്ത്ര്യ പ്രക്ഷോഭ ഭൂമികളിലൂടെ ഐ.എൻ.എ ഹീറോ വക്കം ഖാദർ അനുസ്മരണവേദി 'നാം പൊരുതിനേടിയ സ്വാതന്ത്ര്യവും ജനാധിപത്യവും സംരക്ഷിക്കുവാൻ'എന്ന മുദ്രാവാക്യമുയർത്തി സംഘടിപ്പിക്കുന്ന കാമ്പയിനാണ് ആസാദി ജ്വാല പ്രയാൺ. ആഗസ്റ്റ് ഒമ്പത് ക്വിറ്റ് ഇന്ത്യ ദിനം മുതൽ സെപ്റ്റംബർ 10 ഐ.എൻ.എ ഹീറോ വക്കം ഖാദർ രക്തസാക്ഷിത്വദിനം വരെ ഒരു മാസം നീളുന്നതാണ് ഈ ദേശീയ കാമ്പയിൻ. തലസ്ഥാന ജില്ലയിലെ സ്വാതന്ത്ര്യസമര രംഗത്തെ നിർണായക പോരാട്ട ഭൂമികളോ സംഭവങ്ങളോ ആയ അഞ്ചുതെങ്ങ് കോട്ട, കല്ലറ വെടിവെപ്പ്, ആറ്റിങ്ങൽ വെടിവെപ്പ്, നെയ്യാറ്റിൻകര വെടിവെപ്പ്, പേട്ട വെടിവെപ്പ് എന്നീ ചരിത്ര സ്ഥലങ്ങളിൽ സ്മൃതിസംഗമം സംഘടിപ്പിക്കും.

ദീപശിഖ പ്രയാണം, സെമിനാറുകൾ, അനുസ്മരണ സമ്മേളനങ്ങൾ, അനുമോദനങ്ങൾ, ദേശീയത കാമ്പയിനുകൾ, സാംസ്കാരിക സംഗമം, സംവാദം, സ്മാരക പ്രഭാഷണം, കലാസാഹിത്യ മത്സരങ്ങൾ, സ്വാതന്ത്ര്യ സമരസ്മൃതി സംഗമം, ലോകസമാധാന കാമ്പയിൻ, മാധ്യമ സെമിനാർ, ചിത്രരചന, ക്വിസ് മത്സരം, ഉപന്യാസം രചന, ദേശഭക്തി ഗാനമത്സരം തുടങ്ങിയ വ്യത്യസ്ത പരിപാടികൾ ഇതിന്റെ ഭാഗമായി സംഘടിപ്പിക്കുന്നു.

ആസാദി ജ്വാല പ്രയാണിന്‍റെ ഭാഗമായി 12ന് വക്കം മൗലവി സ്മാരക പ്രഭാഷണം കിളിമാനൂരിൽ നടക്കും. 13ന് ദേശഭക്തി ഗാനമത്സരം പോത്തൻകോട് നടക്കും. 14ന് ജില്ലതല ചിത്രരചന മത്സരം കോളാഷ് ഹാളിൽ നടക്കും. 15ന് സ്വാതന്ത്ര്യ ദിനാചരണം ചിറയിൻകീഴിൽ നടക്കും. 16ന് ലോക സമാധാന കാമ്പയിൻ തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്നിൽ നടക്കും. 20ന് കല്ലറ പാങ്ങോട് കലാപ സ്മൃതി സമ്മേളനം കല്ലറയിൽ നടക്കും. പുഷ്പാർച്ചന, ആദരിക്കൽ എന്നിവ ഇതിന്‍റെ ഭാഗമായി നടക്കും. 21ന് സ്വാതന്ത്ര്യ സമര ചരിത്രത്തെ ആസ്പദമാക്കി ജില്ലതല ക്വിസ് മത്സരം ആറ്റിങ്ങലിൽ നടത്തും. 24ന് വൈകുന്നേരം 5.30ന് കലാപ ജ്വാല സായാഹ്നം അഞ്ചുതെങ്ങ് കോട്ടക്ക് മുന്നിൽ നടക്കും. 26ന് ധീര സൈനികർക്ക് ആദരം പരിപാടി തിരുവനന്തപുരത്ത് നടക്കും. 27ന് '1721: ആറ്റിങ്ങൽ കലാപം / അഞ്ചുതെങ്ങ് പ്രതിരോധം' എന്ന വിഷയത്തിൽ സംവാദം നടത്തും. 29ന് മാധ്യമ സെമിനാർ - വിഷയം: വാർത്ത മാധ്യമങ്ങൾ: സ്വാതന്ത്ര്യ സമരകാലം മുതൽ വർത്തമാനകാലം വരെ. 31ന് രാവിലെ നെയ്യാറ്റിൻകര വെടിവെപ്പ് സ്മൃതി സംഗമം നെയ്യാറ്റിൻകരയിൽ നടക്കും. സാംസ്കാരിക സംഗമം സെപ്റ്റംബർ നാലിന് തോന്നക്കൽ ആശാൻ സ്മാരകത്തിൽ നടക്കും. ആറിന് ജില്ലതല ഉപന്യാസരചന മത്സരം നടക്കും. 10ന് രാവിലെ ആസാദി ജ്വാല പ്രയാൺ വക്കത്തുനിന്ന് ആരംഭിച്ച് വൈകുന്നേരം തിരുവനന്തപുരം രക്തസാക്ഷി മണ്ഡപത്തിൽ സമാപിക്കും. മന്ത്രിമാർ, സാംസ്കാരിക നായകർ തുടങ്ങിയവർ പങ്കെടുക്കും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.