തിരുവനന്തപുരം: പാറശാല സ്വദേശിയായ പത്ര ഏജന്റ് രാധാകൃഷ്ണൻ നായരെ കമ്പി കൊണ്ട് തലക്കടിച്ചു കൊലപ്പെടുത്തിയ കേസിൽ പിതാവിനും രണ്ട് മക്കൾക്കും ജീവപര്യന്തം ശിക്ഷ. ഒന്നാം പ്രതി വിജയന് ഇരട്ട ജീവപര്യന്തവും കഠിന തടവും രണ്ടും, മൂന്നും പ്രതികളായ നാഗമണി, രത്നാകരൻ എന്നിവർക്ക് ജീവപര്യന്തം കഠിനതടവുമാണ് ശിക്ഷ. പ്രതികൾ മൂന്നുപേരും ഏഴു ലക്ഷം രൂപ വീതം പിഴയെടുക്കണമെന്നും തിരുവനന്തപുരം ഏഴാം അഡീഷനൽ സെഷൻസ് കോടതി ജഡ്ജി പ്രസൂൺ മോഹന്റെ ഉത്തരവിൽ പറയുന്നു.
പ്രതികൾ നടത്തിയ പ്രവർത്തി ക്രൂരവും സമൂഹത്തിൽ ഭീതി പരത്തുന്ന തരത്തിലും ആകുന്നുവെന്നാണ് ഉത്തരവിൽ പറയുന്നത്. കൊല്ലപ്പെട്ട രാധാകൃഷണൻ നായരുടെ ഭാര്യ കൃഷ്ണ കുമാരി, മക്കളായ രേണുക, രാധിക എന്നിവർക്ക് 12 ലക്ഷം രൂപ നൽകാനും ജില്ല ലീഗൽ സർവിസ് അതോറിറ്റിക്ക് കോടതി നിർദ്ദേശം നൽകി. 2010 മാർച്ച് ഒന്നിന് രാവിലെ 3.45നാണ് കേസിനാസ്പദമായ സംഭവം.
രാധാകൃഷ്ണൻ നായരുടെ ഇലവ് മരം മുറിച്ച സമയത്ത് നാഗമണിയുടെ മതിലിൽ വീണ് മതിൽ തകർന്നതിലുണ്ടായ വൈരാഗ്യമാണ് കൊലപാതകത്തിൽ കലാശിച്ചത്. സംഭവ ദിവസം വെളിപ്പിന് പത്ര കെട്ടുകൾ എടുക്കാൻ ബൈക്കിൽ പോയ രാധകൃഷ്ണനെ തടഞ്ഞ് നിർത്തി ആക്രമിക്കുകയായിരുന്നു. പാറശാല താലൂക്ക് ആശുപത്രിക്ക് സമീപത്തായിരുന്നു സംഭവം. പാറശാല പൊലീസാണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം കോടതിയിൽ സമർപ്പിച്ചത്. രാധാകൃഷണൻ നായരുടെ ഭാര്യയും മക്കളും അടക്കം 22 സാക്ഷികൾ, 33 രേഖകൾ, 13 തൊണ്ടിമുതലുകൾ എന്നിവ പ്രോസിക്യൂഷൻ ഹാജരാക്കി. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ കെ. വേണി, അഭിഭാഷകരായ ജെ. ഷെഹനാസ്, എ.യു. അഭിജിത്, കെ. വിഷ്ണു എന്നിവർ ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.