നെടുമങ്ങാട്: ഭൂമിയുടെ രേഖകൾ വിരൽത്തുമ്പിൽ ലഭ്യമാക്കുന്ന 'എന്റെ ഭൂമി'പദ്ധതിയുടെ ഭാഗമായുള്ള ഡിജിറ്റൽ സർവേക്ക് നെടുമങ്ങാട് താലൂക്കിൽ തുടക്കമായി.
ആദ്യമായി കരകുളം, തൊളിക്കോട് വില്ലേജുകളിലാണ് സർവേ ആരംഭിച്ചത്. റിയൽ ടൈം കൈനമെറ്റിക് (ആർ.ടി.കെ.) സംവിധാനമുപയോഗിച്ചാണ് സർവേ നടത്തുന്നത്. നാലുവർഷംകൊണ്ട് ഭൂരേഖകൾ ശാസ്ത്രീയമായി നിർണയിക്കുന്നതിനുള്ള നടപടികളാണ് സംസ്ഥാനത്ത് പുരോഗമിക്കുന്നത്.
തദ്ദേശഭരണവകുപ്പിന്റെ സഹകരണത്തോടെയാണ് സർവേ നടപ്പാക്കുന്നത്. കോർസ് നെറ്റ്വർക്ക് ഡ്രോൺ ഉൾപ്പെടെ ആധുനിക സാങ്കേതികവിദ്യകൾ ഇതിനായി ഉപയോഗപ്പെടുത്തും. ഇതിന്റെ ആദ്യപടിയായിട്ടുള്ള വിവരശേഖരണം ആരംഭിച്ചു.
ഇതിനായി ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥർ വീടുകളിലെത്തി ഉടമസ്ഥാവകാശ രേഖകൾ പരിശോധിക്കും. ഇതിനായി വസ്തുവിന്റെ പ്രമാണം, കരംതീർത്ത രസീത് എന്നിവ ഉദ്യോഗസ്ഥന്മാരെ കാണിച്ച് പകർപ്പുകൾ നൽകണം. ഇവ ഓൺലൈനിലാക്കിയ ശേഷമാണ് ഡിജിറ്റൽ സർവേ ആരംഭിക്കുന്നത്.
വസ്തുവിന്റെ നാല് അതിരുകളിൽ റിയൽ ടൈം കൈനമെറ്റിക് ഉപകരണം വെച്ച് വസ്തുവിന്റെ രൂപരേഖ ഡിജിറ്റലായി രേഖപ്പെടുത്തും. വസ്തുവിന്റെ ഉടമസ്ഥന്റെ വിവരങ്ങളും ഇതോടൊപ്പം രേഖപ്പെടുത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.