നെടുമങ്ങാട്: ഹോർട്ടികോർപ്പിന്‍റെ അനാസ്ഥ കാരണം കർഷകർ നെടുമങ്ങാട് ഗ്രാമീണ കാർഷിക മൊത്ത വ്യാപാര വിപണിയിൽ എത്തിച്ച ആയിരം കിലോ പച്ചക്കറി നശിച്ചു. കൃത്യസമയത്ത് ഹോർട്ടികോർപ് ഏറ്റെടുക്കാതെയും ബാക്കിയുള്ളത് കൂൾ ചേംബറിൽ സൂക്ഷിക്കാതെയുമാണ് പച്ചക്കറി നശിച്ചത്. കഴിഞ്ഞ തിങ്കളാഴ്ച വിപണിയിലെത്തിച്ച പച്ചക്കറിയാണ് അഴുകിയത്. തിങ്കളാഴ്ച കൊണ്ടുവന്ന പച്ചക്കറി ചൊവ്വാഴ്ചയും മാർക്കറ്റിലേക്ക് മാറ്റാത്തതാണ് നശിക്കാനിടയാക്കിയതെന്ന് കർഷകർ ആരോപിച്ചു.
നെടുമങ്ങാട്, കാട്ടാക്കട താലൂക്കുകളിലെ കർഷകരാണ് മാർക്കറ്റിൽ പച്ചക്കറി എത്തിച്ച് ഹോർട്ടികോർപ്പിന് വിൽക്കുന്നത്. എന്നത്തെയും പോലെ എത്തിച്ച പച്ചക്കറിയുടെ ഒരുഭാഗം മാത്രം ഹോർട്ടികോർപ് ഏറ്റെടുക്കുകയും ബാക്കിയുള്ളവ ഉപേക്ഷിക്കുകയുമായിരുന്നു. എന്നാൽ, മിച്ചമുള്ളത് കൂൾ ചേംബറിലേക്ക് മാറ്റിയില്ല. 50 ലക്ഷം രൂപയോളം ചെലവഴിച്ച് നിർമിച്ച കൂൾ ചേംബർ ഇവിടെയുള്ളപ്പോഴാണ് പച്ചക്കറി പുറത്തിട്ട് അഴുക്കിക്കളഞ്ഞത്.
ബുധനാഴ്ച മാക്കറ്റിലെത്തിയപ്പോഴാണ് തങ്ങളുടെ ഉൽപന്നങ്ങൾ ഏറ്റെടുക്കാതെ പുറത്തുകിടന്ന് അഴുകി നശിക്കുന്ന കാഴ്ച കർഷകർ കാണുന്നത്. പടവലവും വെള്ളരിയുമാണ് നശിച്ചത്. ഹോർട്ടികോർപ്പിന്‍റെ അനാസ്ഥ മഴക്കെടുതിക്ക് പിന്നാലെ കർഷകർക്ക് തിരിച്ചടിയായി.
കർഷകർ വിപണിയിലെത്തിക്കുന്ന പച്ചക്കറി ഹോർട്ടികോർപ് ഏറ്റെടുത്ത് വില നൽകുമെന്നാണ് സർക്കാർ ഉറപ്പ്. ഇതനുസരിച്ചാണ് കർഷകർ വിപണിയിൽ പച്ചക്കറി എത്തിക്കുന്നത്. കർഷകരുടെ പച്ചക്കറി സംഭരിക്കാനോ വിപണനം ചെയ്യാനോ തയാറാകാത്ത ഹോർട്ടി കോർപ്പിന്‍റെ നടപടി മനുഷത്വരഹിതമാണെന്ന് കെ.പി.സി.സി മുൻ നിർവാഹക സമിതി അംഗം ആനാട് ജയൻ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.