തിരുവനന്തപുരം: മൃഗശാല ജീവനക്കാരെ ഒന്നടങ്കം വട്ടംചുറ്റിച്ച് ആഞ്ഞിലി മരത്തിൽനിന്ന് കാണാതായ പെൺഹനുമാൻകുരങ്ങ് ശനിയാഴ്ച വൈകീട്ടോടെ തിരിച്ചെത്തി. എന്നാൽ, ഇരുന്ന ആഞ്ഞിലി മരത്തിനു സമീപത്തെ മറ്റൊരു മരത്തിലാണ് കുരങ്ങിനെ കണ്ടെത്തിയത്. വെള്ളിയാഴ്ച രാത്രി ജീവനക്കാരുടെ കണ്ണുതെറ്റിയപ്പോഴാണ് കുരങ്ങ് കാണാമറയത്ത് പോയത്. ഇതു സ്ഥിരീകരിക്കാൻ ഒരു ജീവനക്കാരൻ മരത്തിനു മുകളിൽ കയറിയും പരിശോധിച്ചു.
മ്യൂസിയം കോമ്പൗണ്ടിന് പുറത്ത് നഗരത്തിലേക്ക് എത്തിയെന്ന സംശയത്തിൽ രാവിലെ മുതൽതന്നെ മൃഗശാല ജീവനക്കാർ കുറവൻകോണം, അമ്പലംമുക്ക്, കവടിയാർ കൊട്ടരത്തിന്റെ വളപ്പ് എന്നിവിടങ്ങളിൽ തിരച്ചിൽ നടത്തി. ഉച്ചവരെയുള്ള തിരച്ചിലിനും കുരങ്ങിനെ കണ്ടെത്താതെ ജീവനക്കാർ മൃഗശാലയിലേക്ക് മടങ്ങി. തുടർന്ന് വൈകീട്ട് 6.30ഓടെ കാക്കയും പരുന്തും മൃഗശാലയിലെ കടുവാകൂട്ടിന് സമീപത്തെ മരത്തിനു ചുറ്റും വട്ടംമിടുന്നതു കണ്ട് നോക്കിയപ്പോഴാണ് കുരങ്ങിനെ കണ്ടത്. അൽപസമയത്തിനു ശേഷം മരത്തിൽനിന്ന് ഒരുവിധം ഇറങ്ങി സമീപത്തെ ഉയരമുള്ള മരത്തിൽ കയറി നിലയുറപ്പിച്ചു. കൂട്ടിൽ കെണിവെച്ച് പിടിക്കുക മാത്രമാണ് ഇനി പോംവഴി.
ഇണയെ കാട്ടിയും ഇഷ്ട ഭക്ഷണം കാട്ടിയും കൂട്ടിൽ കെണിവെക്കാനൊരുങ്ങുകയാണ് അധികൃതർ. മയക്കുവെടിവെക്കുന്നത് പ്രായോഗികമല്ലാത്തതുകൊണ്ട് അതിലേക്ക് അധികൃതർ കടക്കില്ല. നിലവിലുള്ള മരത്തിന് താഴെ കുരങ്ങിന് ഭക്ഷിക്കാൻ പഴങ്ങളും തണ്ണിമത്തനും കൂടാതെ, കുടിക്കാൻ ജലവും സജ്ജീകരിച്ചിട്ടുണ്ട്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് പെൺഹനുമാൻകുരങ്ങ് അധികൃതരുടെ കണ്ണുവെട്ടിച്ച് കൂടിന് വെളിയിൽ ചാടിയത്.
വേണ്ടത്ര തയാറെടുപ്പുകൾ ഒന്നും നടത്താതെ കൂട്ടിലേക്ക് തുറന്നുവിട്ടതാണ് കുരങ്ങ് ചാടിപ്പോകാൻ കാരണമെന്ന ആരോപണവും ശക്തമാണ്. തിരുപ്പതി ശ്രീവെങ്കിടേശ്വര സുവോളജിക്കൽ പാർക്കിൽനിന്ന് കൊണ്ടുവന്ന ഹനുമാൻകുരങ്ങുകളിൽ ഒന്നാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.