ആറ്റിങ്ങൽ: കുടിവെള്ളക്ഷാമം രൂക്ഷമാകുന്നു. വക്കം ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ വാട്ടർ അതോറിറ്റി അധികൃതരെ ഉപരോധിച്ചു. വക്കത്തെ കുടിവെള്ള വിതരണം കാര്യക്ഷമമാക്കണമെന്ന് ആവശ്യപ്പെട്ട് വാട്ടർ അതോറിറ്റി അധികൃതരെ ഉപരോധിച്ചു. പഞ്ചായത്ത് പ്രസിഡന്റ് താജുന്നിസ, വൈസ് പ്രസിഡന്റ് എൻ. ബിഷ്ണു, മെംബർമാരായ അശോകൻ, ഫൈസൽ എന്നിവരാണ് ആറ്റിങ്ങലിൽ വാട്ടർ അതോറിറ്റി എക്സിക്യൂട്ടിവ് എൻജിനീയറെ ഉപരോധിച്ചത്.
മൂന്ന് വശവും കായലാൽ ചുറ്റപ്പെട്ട വക്കത്ത് ഗാർഹികാവശ്യങ്ങൾക്ക് ജനം ആശ്രയിക്കുന്നത് പൈപ്പ് വെള്ളത്തെയാണ്. എന്നാൽ, നിരവധി നാളുകളായി ഇവിടെ വാട്ടർ അതോറിറ്റിയുടെ ടാപ്പുകളിൽ വെള്ളം ലഭിക്കാറില്ല. ജല അതോറിറ്റിയിൽ ബന്ധപ്പെടുമ്പോൾ വിവിധ ന്യായീകരണങ്ങൾ പറഞ്ഞ് ഒഴിവാകും. നാട്ടുകാരും പഞ്ചായത്തും നിരവധി തവണ അധികൃതർക്ക് പരാതികൾ നൽകിയിട്ടും ഗൗരവമായി എടുക്കുകയോ ശാശ്വത പരിഹാരം കാണുകയോ ചെയ്യുന്നില്ല. കഴിഞ്ഞ ഒരു മാസത്തിനിടെ രണ്ടുദിവസം മാത്രമാണ് ഇവിടെ ജലവിതരണം സുഗമമായി നടന്നത്. ഇതോടെയാണ് വക്കം പഞ്ചായത്ത് ഭരണസമിതി ഉപരോധ സമരത്തിലേക്ക് നീങ്ങിയത്.
വക്കം പഞ്ചായത്തിന്റെ എല്ലാ പ്രദേശങ്ങളിലേക്കും വെള്ളം എത്തിക്കുന്നതിന് നടപടികൾ സ്വീകരിക്കുമെന്ന് എക്സിക്യൂട്ടിവ് എൻജിനീയർ ഉറപ്പുനൽകിയതിന്റെ അടിസ്ഥാനത്തിലാണ് ഉപരോധം അവസാനിപ്പിച്ചത്.
കഴിഞ്ഞ ദിവസങ്ങളിൽ അഞ്ചുതെങ്ങ്, കടയ്ക്കാവൂർ, അഴൂർ പഞ്ചായത്ത് അധികൃതരും ഇതേ വിഷയം ഉന്നയിച്ച് ജല അതോറിറ്റി ആറ്റിങ്ങൽ ഡിവിഷൻ ഓഫിസ് ഉപരോധിച്ചിരുന്നു.
പമ്പ് ഹൗസിൽ ഉണ്ടായ തകരാറ് കാരണം ആണ് ജല വിതരണം തടസ്സപ്പെടുന്നത്. മറ്റ് പമ്പ് ഹൗസുകൾ നിന്നുള്ള ജലം ഇതര മേഖലകളിലേക്കും വഴിതിരിച്ചുവിട്ടാണ് ഒരു മേഖലയിൽ ഉണ്ടാകാവുന്ന സമ്പൂർണ കുടിവെള്ളതടസ്സം ഒഴിവാക്കാൻ ശ്രമിക്കുന്നത്. ഇത്തരത്തിൽ ചെയ്യുന്നതിന്റെ ഫലമായി എല്ലാ മേഖലയിലും പൈപ്പ് ലൈനുകളുടെ അവസാന ഭാഗത്ത് ജല വിതരണം നടക്കുന്നില്ല.
ഇതാണ് വ്യാപക പ്രതിഷേധങ്ങൾക്ക് കാരണമാകുന്നത്. ആറ്റിങ്ങൽ നഗരത്തിൽ കുടിവെള്ള ലഭ്യത ഉറപ്പുവരുത്തുന്നുണ്ട്. ഗ്രാമീണ മേഖലയിലെ ഉൾപ്രദേശങ്ങളിലെ ജനങ്ങൾ ആണ് പ്രതിസന്ധി നേരിടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.