തിരുവനന്തപുരം: ഒറ്റത്തോർത്ത് ഉടുത്ത് ജീവനക്കാർ ഓട വൃത്തിയാക്കിയ സംഭവത്തിൽ മനുഷ്യാവകാശ കമീഷൻ കേസെടുത്തു.
തിരുവനന്തപുരം നഗരത്തിലെ ചാല ട്രിഡ കോംപ്ലക്സിന് സമീപത്തെ വെള്ളക്കെട്ട് ഒഴിവാക്കാൻ നഗരത്തിലെ മുഴുവൻ മാലിന്യവും ഒഴുകിയെത്തുന്ന ഓട വൃത്തിയാക്കുന്ന കരാർ തൊഴിലാളികൾക്ക് സുരക്ഷാ ഉപകരണങ്ങൾ നൽകാത്ത നഗരസഭയുടെ നടപടിക്കെതിരെയാണ് കമീഷൻ കേസെടുത്തത്. തിരുവനന്തപുരം നഗരസഭാ സെക്രട്ടറി ഇക്കാര്യം പരിശോധിച്ച് നാലാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആൻറണി ഡൊമിനിക് ആവശ്യപ്പെട്ടു.പത്ര ഫോട്ടോയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
കരാർ ജീവനക്കാരെ നിയോഗിച്ചിരിക്കുന്നത് നഗരസഭയാണ്. സുരക്ഷക്കായി ഗ്ലൗസോ ബൂട്ടോ നൽകിയിട്ടില്ല. പകർച്ചവ്യാധികൾക്കെതിരെ നഗരസഭ ബോധവത്കരണം നടത്തുമ്പോഴാണ് ഒറ്റത്തോർത്ത് മാത്രം ഉടുത്ത് കരാർ തൊഴിലാളികൾ നെഞ്ചറ്റം മലിനജലത്തിലിറങ്ങി ജോലി ചെയ്യുന്നത്. ജീവനക്കാരുടെ ഈ ദുരിതാവസ്ഥയിലാണ് കമീഷന്റെ ഇടപെടൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.