ആറ്റിങ്ങൽ: അസൗകര്യങ്ങളിൽ വീർപ്പുമുട്ടി വക്കം ഗ്രാമപഞ്ചായത്ത് ഓഫിസ് കെട്ടിടം. മിനി സിവിൽ സ്റ്റേഷൻ പോലെ വിവിധ സർക്കാർ ഓഫിസുകൾ പഞ്ചായത്ത് ഓഫിസ് കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. വക്കം ചന്തമുക്കിന് സമീപം റോഡരികിൽ എട്ട് സെന്റ് ഭൂമിയിൽ രണ്ട് നിലകളിലായുള്ള കെട്ടിടത്തിൽ പ്രവർത്തിക്കുന്നത് ഒരു ഡസൻ സ്ഥാപനങ്ങളാണ്. ഇതിൽ രണ്ട് ആശുപത്രികളും കൃഷിഭവനും ഉൾപ്പെടും.
ഓഫിസുകൾ കൂടിയതോടെ ഒന്നാം നിലയുടെ മുകളിൽഷീറ്റിട്ട് ഒരു നില കൂടി പണിതു. താഴത്തെ നിലയിൽ കൃഷിഭവൻ, ഹോമിയോ ഡിസ്പെൻസറി, ആയുർവേദ ആശുപത്രി, ജൈവകർഷക സംഘത്തിന്റെ ഓഫിസ് വിവിധ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷരുടെ ഓഫിസ് എന്നിവയാണ് പ്രവർത്തിക്കുന്നത്. ഒന്നാംനിലയിലാണ് ഗ്രാമപഞ്ചായത്ത് കാര്യാലയം. രണ്ടാം നിലയിൽ അസിസ്റ്റന്റ് എൻജിനീയറുടെ കാര്യാലയം, വി.ഇ ഓഫിസ്, കുടുംബശ്രീ, ഗ്രാമീണ നിയമ സഹായ സംരക്ഷണ കേന്ദ്രം, ഗ്രാമപഞ്ചായത്ത് കോൺഫറൻസ് ഹാൾ, ഐ.സി.ഡി.എസ്, ജാഗ്രത സമിതി ഓഫിസ്, സാക്ഷരത തുടർവിദ്യാകേന്ദ്രം, ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഓഫിസ് എന്നിവ പ്രവർത്തിക്കുന്നു.
ശാരീരിക വൈകല്യമുള്ളവർക്കും വയോധികർക്കും നിരവധി പടിക്കെട്ടുകൾ കയറിവേണം വിവിധ ഓഫിസുകളിലെത്താൻ. ഇത്രയും ഓഫിസുകളിലെ ജീവനക്കാർക്ക് പ്രാഥമികാവശ്യങ്ങൾ നിറവേറാൻ വേണ്ട സൗകര്യങ്ങളുമില്ല. സ്വതന്ത്രമായി പ്രവർത്തിക്കേണ്ട ആയുർവേദ ആശുപത്രിയും, ഹോമിയോ ആശുപത്രിയും, കൃഷിഭവനും സ്ഥലപരിമിതിയിൽ വീർപ്പു മുട്ടുകയാണിപ്പോൾ. ആയുർവേദാശുപത്രിയിൽ കഷായം ഉൾപ്പെടെ മരുന്നുകൾ നിർമിക്കാനും അരിഷ്ഠങ്ങളും മറ്റും സൂക്ഷിക്കാൻ വിശാലമായ കെട്ടിടം ആവശ്യമുണ്ട്. കൃഷിഭവനും അനുയോജ്യമായ കെട്ടിടം വേണം. കാർഷിക സാധനങ്ങൾ സൂക്ഷിക്കാൻ നിലവിൽ സൗകര്യമില്ല.
മാറ്റി സ്ഥാപക്കൽ അനിവാര്യമായ സ്ഥാപനങ്ങൾ ഇവിടെനിന്നും മാറ്റുകയോ ഗ്രാമപഞ്ചായത്ത് ഓഫീസിന് പുതിയ സ്ഥലവും മന്ദിരവും കണ്ടെത്തുകയോ വേണമെന്ന ആവശ്യം ജനപ്രതിനിധികളടക്കം ഉന്നയിക്കുന്നു. വിവിധ സ്ഥാപനങ്ങൾ സർക്കാർ അനുവദിക്കുമ്പോൾ അതിനു ആവശ്യമായ സ്ഥല സൗകര്യം കണ്ടെത്തി നൽകേണ്ടത് പ്രാദേശിക ഭരണകൂടങ്ങളുടെ ചുമതലയാണ്. അതിൽ വന്ന വീഴ്ചയാണ് പഞ്ചായത്ത് ഓഫിസിൽതന്നെ ഡിസ്പെൻസറികളും വിവിധ ഓഫിസുകളും തുടങ്ങേണ്ട സാഹചര്യമുണ്ടാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.