തിരുവനന്തപുരം: വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഓണാഘോഷം വ്യത്യസ്തമാക്കി വിദ്യാർഥികൾ. തൈക്കാട് ഗവ. മോഡൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികളാണ് ഇത്തവണ നിർധനരായ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും പൊതിച്ചോർ നൽകി തങ്ങളുടെ ഓണാഘോഷം ഗംഭീരമാക്കിയത്. എല്ലാ വർഷവും നടത്തുന്ന വിഭവസമൃദ്ധമായ സദ്യ വേണ്ട എന്ന നിർദേശം വെച്ചതും വിദ്യാർഥികൾ തന്നെ ആയിരുന്നു.
പകരം എന്തു ചെയ്യാം എന്ന സ്കൂൾ പാർലമെൻറിൽ നടന്ന ചർച്ചയാണ് പൊതിച്ചോർ വിതരണം നടത്തി ആഘോഷം ഗംഭീരമാക്കാമെന്ന ആശയത്തിലേക്ക് എത്തിച്ചത്. സ്കൂൾ നാഷനൽ സർവിസ് ടീം പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
അഞ്ചു മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള കുട്ടികളും അവരുടെ അധ്യാപകരും അനധ്യാപകരും പദ്ധതിയിൽ പങ്കാളികളായി. എഴുനൂറോളം പൊതികളാണ് ആർ.സി.സി, മെഡിക്കൽ കോളജ് പരിസരങ്ങളിലായി വിതരണം ചെയ്തത്.
തങ്ങളുടെ വിദ്യാർഥി ജീവിതത്തിലെ മറക്കാനാകാത്ത ഒരു ദിവസം എന്ന് സ്കൂൾ ചെയർമാൻ സുബിത് സുരേഷ് പറഞ്ഞു. എൻ.എസ്എസ് കോഓർഡിനേറ്റർ രതീഷ് കുമാർ, ക്രിസ്റ്റഫർ ജോണി, വിശ്വദാസ് എന്നീ അധ്യാപകരും സ്കൂൾ പാർലമെൻറ് അംഗങ്ങൾ, എൻ.എസ്.എസ് വളൻറിയർമാരും പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.