തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ പൂജക്കും അന്നദാനത്തിനും മറ്റുമുള്ള സാധനങ്ങൾക്ക് ക്ഷാമം. ഇതോടെ ക്ഷേത്രത്തില്‍ നിത്യ പൂജകള്‍ ഉള്‍പ്പെടെ മുടങ്ങുമോയെന്ന് ആശങ്ക. സാധനങ്ങൾ വാങ്ങിയ വകയിൽ കണ്‍സ്യൂമര്‍ഫെഡിന് നല്‍കാനുള്ള കുടിശ്ശിക ഒരു കോടിയോളം രൂപയായതാണ് പ്രതിസന്ധിക്ക് കാരണം. തുക ലഭിച്ചില്ലെങ്കിൽ സാധനങ്ങളുടെ വിതരണം നിര്‍ത്തുമെന്ന് കണ്‍സ്യൂമര്‍ഫെഡ് ക്ഷേത്ര അധികൃതർക്ക് മുന്നറിയിപ്പ് നൽകി.
നിത്യാവശ്യത്തിനുള്ള പല സാധനങ്ങളുടെയും ശേഖരം തീർന്നെന്നും അടിയന്തരമായി വിഷയത്തില്‍ ഇടപെടണമെന്നും ആവശ്യപ്പെട്ട് ക്ഷേത്രത്തിലെ സ്റ്റോര്‍ കീപ്പര്‍ ഭരണസമിതിക്ക് കത്ത് നൽകി. കണ്‍സ്യൂമര്‍ഫെഡ്, മാര്‍ക്കറ്റ് ഫെഡ് എന്നീ സ്ഥാപനങ്ങളില്‍നിന്നാണ് ക്ഷേത്രത്തിലെ അന്നദാനത്തിനുള്ള അരിയും പലവ്യഞ്ജനങ്ങളും പൂജാസാധനങ്ങളും വാങ്ങുന്നത്. ഡിസംബര്‍വരെയുള്ള കണക്ക് പ്രകാരം കണ്‍സ്യൂമര്‍ഫെഡിന് മാത്രം 73.57 ലക്ഷം രൂപയാണ് നല്‍കാനുള്ളത്. കഴിഞ്ഞ മൂന്നു മാസത്തെ കുടിശ്ശികകൂടി കണക്കാക്കുമ്പോള്‍ ഇത് 90 ലക്ഷത്തിലധികം വരുമെന്നാണ് വിവരം.
കുടിശ്ശിക തുക ആവശ്യപ്പെട്ട് കണ്‍സ്യൂമര്‍ഫെഡ് റീജനൽ മാനേജര്‍ ഡിസംബര്‍ 21ന് ക്ഷേത്രം എക്സിക്യൂട്ടിവ് ഓഫിസര്‍ക്ക് കത്ത് നല്‍കിയിരുന്നു. കുടിശ്ശിക എത്രയും വേഗം തീര്‍ക്കണമെന്നും അല്ലെങ്കില്‍ വിതരണം നിര്‍ത്തുമെന്നും കൺസ്യൂമർഫെഡ് അധികൃതർ അറിയിച്ചതായി സ്റ്റോര്‍ കീപ്പര്‍ നല്കിയ കത്തില്‍ പറയുന്നു.
എക്സിക്യൂട്ടിവ് ഓഫിസര്‍ രാജിവെച്ചതിനെതുടര്‍ന്ന് ക്ഷേത്രം അഡ്മിനിസ്ട്രേറ്റിവ് ഓഫിസര്‍ക്കാണ് ചുമതല. സീസണില്‍ 20 കോടിയോളം വരുമാനം ലഭിച്ച ക്ഷേത്രത്തിന് കോവിഡ് കാലത്തെ സാമ്പത്തിക പ്രതിസന്ധി മാറിയെന്നാണ് വിലയിരുത്തലെങ്കിലും ഇപ്പോഴുണ്ടായ സംഭവം ആശങ്കയുണ്ടാക്കുന്നു.
ക്ഷേത്രത്തിന് സാമ്പത്തിക പ്രതിസന്ധിയില്ലെന്ന വിശദീകരണമാണ് ഭരണസമിതി അംഗങ്ങൾ നൽകുന്നത്. നിത്യപൂജക്കുള്ള സാധനങ്ങൾ മുടങ്ങില്ലെന്നും പ്രശ്നം പരിഹരിച്ചതായും അവർ പറയുന്നു.
സ്റ്റോറിൽനിന്ന് ഹാജരാക്കിയ ബില്ലുകൾ പരിശോധിച്ച് വ്യക്തത വരുത്തിയശേഷം പണം അനുവദിക്കുന്നതിൽ കാലതാമസം നേരിട്ടു. അല്ലാതെ സാമ്പത്തിക പ്രതിസന്ധിയല്ലെന്നും ഭരണസമിതിയിലെ സർക്കാർ പ്രതിനിധി ഉൾപ്പെടെ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.