തിരുവനന്തപുരം: കോവിഡിനെതുടർന്നുള്ള യാത്രാവിലക്ക് കാരണം ചൈനയിലെയും യുദ്ധത്തെതുടർന്ന് യുക്രെയ്നിലെയും പഠനം മുടങ്ങിയ വിദ്യാർഥികൾക്ക് മെഡിക്കൽ പഠനവും പരിശീലനവും തുടരാൻ കേന്ദ്ര, സംസ്ഥാന സർക്കാറുകളും നാഷനൽ മെഡിക്കൽ കമീഷനും നടപടി സ്വീകരിക്കണമെന്ന് ഫോറിൻ മെഡിക്കൽ ഗ്രാജ്വേറ്റ്സ് പേരന്റ്സ് അസോസിയേഷൻ സംസ്ഥാന ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
ചൈനയിലെ വിദ്യാർഥികൾക്ക് രണ്ടുവർഷം പിന്നിട്ടിട്ടും മടങ്ങാൻ കഴിഞ്ഞിട്ടില്ല. തുടർപഠന കാര്യത്തിൽ നിരന്തരം ആവശ്യമുയർത്തിയിട്ടും അനുകൂല തീരുമാനം സർക്കാറിൽ നിന്നുണ്ടായിട്ടില്ല. പ്രശ്നത്തിൽ പ്രതികരിക്കാൻ കേന്ദ്ര ആരോഗ്യമന്ത്രി തയാറായിട്ടില്ല. ചൈനയിൽനിന്ന് മടങ്ങിയ 23000ത്തോളം വിദ്യാർഥികളുടെ പഠനമാണ് മുടങ്ങിയത്. തിരിച്ചുപോക്ക് വൈകുന്ന സാഹചര്യത്തിൽ കേരളത്തിലെ സർക്കാർ ആശുപത്രികളിൽ ക്ലിനിക്കൽ പരിശീലന സൗകര്യം ഏർപ്പെടുത്തണമെന്നാവശ്യപ്പെട്ട് സംസ്ഥാന സർക്കാറിന് നിവേദനം നൽകിയെങ്കിലും അനുകൂല തീരുമാനം ഉണ്ടായിട്ടില്ല.
നാഷനൽ മെഡിക്കൽ കമീഷന്റെ അനുമതി കിട്ടിയാൽ പരിശീലന സൗകര്യം നൽകാമെന്നാണ് ആരോഗ്യ വകുപ്പ് ഡയറക്ടറും മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറും പറയുന്നത്. ഇക്കാര്യത്തിൽ നാഷനൽ മെഡിക്കൽ കമീഷനും കേരള മെഡിക്കൽ കമീഷനും അനുകൂല നടപടിയെടുക്കണം.
വിദേശ മെഡിക്കൽ ബിരുദ വിദ്യാർഥികൾക്കായി നടത്തുന്ന എഫ്.എം.ജി.ഇ പരീക്ഷയിൽ പത്ത് ശതമാനം പേരാണ് ജയിക്കുന്നതെന്ന കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷിയുടെ പ്രസ്താവന വാസ്തവ വിരുദ്ധമാണ്. ബിരുദ കോഴ്സ് കഴിഞ്ഞുവരുന്ന വിദ്യാർഥികൾക്ക് പി.ജിതലത്തിലുള്ള ചോദ്യങ്ങൾ ഉൾപ്പെടുത്തിയാണ് പരീക്ഷ നടത്തുന്നത്. വിദേശത്ത് പഠിച്ചുവരുന്ന വിദ്യാർഥികളോട് കേരള മെഡിക്കൽ കൗൺസിൽ വൈരാഗ്യബുദ്ധിയോടെയാണ് പെരുമാറുന്നത്.
സ്വകാര്യ മേഖലയിൽ മെഡിക്കൽ വിദ്യാഭ്യാസം നടത്താൻ കഴിയാത്ത കുടുംബങ്ങളിലെ വിദ്യാർഥികളാണ് താരതമ്യേന കുറഞ്ഞ ഫീസിൽ വിദേശത്തെ മെഡിക്കൽ കോളജുകളിൽ പഠിക്കാൻ പോകുന്നത്. വിദേശ വിദ്യാർഥികളുടെ വിവരങ്ങൾ ഏകീകൃത സംവിധാനത്തിന് കീഴിൽ ശേഖരിക്കാൻ സർക്കാർ നടപടിയെടുക്കണമെന്നും ഭാരവാഹികളായ ആൻഡ്രൂസ് മാത്യു, ഹുസൈൻ കൂരിമണ്ണിൽ, മുഹമ്മദ് സഗീർ, ലേഖാ ശങ്കർ, ചൈനയിലെ മെഡിക്കൽ വിദ്യാർഥിനി പാർവതി ഉണ്ണി എന്നിവർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.