തിരുവനന്തപുരം: പൊതുവിപണിയിലെ വിലക്കയറ്റത്തെ തുടർന്ന് അരി, പലവ്യഞ്ജനം, പച്ചക്കറി തുടങ്ങിയ വിപണന കേന്ദ്രങ്ങളിൽ കലക്ടർ ജെറോമിക് ജോർജ് മിന്നൽ പരിശോധന നടത്തി. പൊതുവിതരണ വകുപ്പ്, ലീഗൽ മെട്രോളജി, ഭക്ഷ്യസുരക്ഷ വകുപ്പ് എന്നിവരുടെ സംയുക്ത നേതൃത്വത്തിലായിരുന്നു പരിശോധന. ചാല മാർക്കറ്റ് കേന്ദ്രീകരിച്ചാണ് പരിശോധന നടത്തിയത്.
പരിശോധനയിൽ കരിഞ്ചന്ത, പൂഴ്ത്തിവെപ്പ്, കൃത്രിമ വിലക്കയറ്റം എന്നിവ കണ്ടെത്തിയില്ല. 22 മൊത്ത വ്യാപാര, ചില്ലറ വിൽപനശാലകൾ പരിശോധിച്ചതിൽ വിലനിലവാര ബോർഡ്, അളവ് തൂക്ക സംബന്ധമായ ക്രമക്കേടുകൾ, ഭക്ഷ്യസുരക്ഷ ലൈസൻസുകൾ യഥാവിധി സൂക്ഷിക്കാതിരിക്കുക എന്നിങ്ങനെ 12 ക്രമക്കേടുകൾ കണ്ടെത്തി. ലൈസൻസില്ലാതെ പ്രവർത്തിച്ച റീട്ടെയിൽ പ്രൊവിഷൻ സ്റ്റോറിന്റെ പ്രവർത്തനം താൽക്കാലികമായി നിർത്തലാക്കി. വിലവിവരപ്പട്ടിക പ്രദർശിപ്പിക്കണമെന്ന് കടയുടമകൾക്ക് കർശന നിർദേശം നൽകി.
പരിശോധനയിൽ ജില്ല സപ്ലൈ ഓഫിസർ പ്രവീൺകുമാർ എച്ച്, സിറ്റി റേഷനിങ് ഓഫിസർ (സൗത്ത്) പി.വി. ബിജു, ഫുഡ് സേഫ്റ്റി ഓഫിസർമാരായ ഡോ. ജിഷ രാജ്, മെട്രോളജി ഇൻസ്പെക്ടർമാരായ പ്രിയ ബി, സൗമ്യ ആർ, നഹാസ്, റേഷനിങ് ഇൻസ്പെക്ടർമാരായ സജീദ്, ജിഷ പി.പി, വി.പി. സാബു, കെ.വി. രശ്മി, ശ്രീജിത്ത് മോഹൻ എന്നിവർ പങ്കെടുത്തു.
താലൂക്ക് തലത്തിൽ താലൂക്ക് സപ്ലൈ ഓഫിസർമാർ പരിശോധന നടത്തിയിരുന്നു. പരിശോധന വരും ദിവസങ്ങളിലും തുടരുമെന്ന് കലക്ടർ അറിയിച്ചു. വില നിയന്ത്രണ നടപടി കർശനമായി പാലിക്കണമെന്ന് ജില്ലയിലെ മൊത്ത-ചില്ലറ വ്യാപാരികളുടെ യോഗം വിളിച്ചുകൂട്ടി കലക്ടർ നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.