മുതലപ്പൊഴിയിൽ മരണപ്പെട്ട മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങളെ സർക്കാർ ക്രൂരമായി അവഗണിക്കുന്നുവെന്ന് ബന്ധുക്കൾ

തിരുവനന്തപുരം: മുതലപ്പൊഴിയിൽ മരണപ്പെട്ട മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിക്കാതെ സർക്കാർ ക്രൂരമായി അവഗണിക്കുന്നുവെന്ന് മരണപ്പെട്ടവരുടെ ബന്ധുക്കൾ. മരണപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് പ്രത്യേക ധനസഹായം, വീട്, കുട്ടികളുടെ വിദ്യാഭ്യാസ ചെലവ് എന്നിവ സർക്കാർ നിർവഹിക്കുമെന്നാണ് മന്ത്രിമാർ ഉറപ്പു നൽകിയിരുന്നത്. എന്നാൽ മത്സ്യത്തൊഴിലാളികൾക്ക് സ്വാഭാവികമായി ലഭിക്കുന്ന ഇൻഷുറൻസ് തുകയല്ലാത്ത മറ്റൊരു സഹായവും ഇതുവരെ ലഭിച്ചിട്ടില്ല. ദുരന്തസമയത്തെ വാർത്താ പ്രാധാന്യത്തിനപ്പുറത്ത് ഉറ്റവർ നഷ്ടപ്പെടുന്ന കുടുംബാംഗങ്ങൾക്ക് യാതൊരു പരിഗണനയും സർക്കാരിൽ നിന്ന് ലഭിക്കുന്നില്ല. സർക്കാരിന്റെ നിരുത്തരവാദിത്വം കൊണ്ടാണ് മുതലപ്പൊഴിയിൽ 78 പേർ മരണപ്പെട്ടത്.

ഇതിന്റെ ഉത്തരവാദിത്തം പൂർണമായും സർക്കാരിനാണ്. എന്നിട്ടും മരണപ്പെടുന്നവരുടെ കുടുംബാംഗങ്ങൾ എങ്ങനെ ജീവിക്കുന്നു എന്ന കാര്യം പോലും സർക്കാർ അന്വേഷിക്കുന്നില്ല. ഇത് അസഹനീയമായ അവഗണനയാണ്. കുടുംബത്തിൻ്റെ ഏക വരുമാനമായിരുന്നവരാണ് ദുരന്തത്തിൽ മരണപ്പെട്ടത്. അവർക്ക് ശേഷം ദൈനംദിന ജീവിതം തന്നെ മുന്നോട്ടു കൊണ്ടുപോകാൻ കഴിയാത്ത കഷ്ടപ്പാടിലാണ് നിരവധി കുടുംബങ്ങൾ ഉള്ളത്. സർക്കാർ എന്തുകൊണ്ടാണ് ഇങ്ങനെ നിഷേധ സമീപനം സ്വീകരിക്കുന്നതെന്ന് മനസ്സിലാകുന്നില്ല. മനുഷ്യാവകാശ പ്രശ്നമാണിത്. ഭരണകൂടത്തിന്റെ ഈ നിസ്സംഗതക്കെതിരെ കേരളീയ സമൂഹം പ്രതിഷേധിക്കണമെന്നും കുടുംബാംഗങ്ങൾ ആവശ്യപ്പെട്ടു.

കഴിഞ്ഞ വർഷം ജൂലൈയിൽ ഒരു കുടുംബത്തിലെ നാലുപേരാണ് അപകടത്തിൽ മരിച്ചത്. ആ സമയത്ത് വീട് സന്ദർശിച്ച മന്ത്രി സജി ചെറിയാൻ, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് അഞ്ച് ലക്ഷം രൂപ നൽകുമെന്നും കുടുംബത്തിന് വീടും കുട്ടികളുടെ വിദ്യാഭ്യാസ ചെലവും സർക്കാർ ഏറ്റെടുക്കും എന്നറിയിച്ചു. എന്നാൽ ആ വാഗ്ദാനം പാലിക്കാൻ മന്ത്രിയും സർക്കാരും തയായിട്ടില്ല. ഇതുപോലെ നിരവധിയായ കുടുംബങ്ങൾ സർക്കാരിന്റെ ഇടപെടൽ കാത്ത് നിൽക്കുകയാണ്.

ആവർത്തിച്ച് മരണങ്ങൾ ഉണ്ടായിട്ടും മുതലപ്പൊഴിയിൽ ശാശ്വത പരിഹാരം കാണുന്നില്ല എന്നത് പ്രതിഷേധാർഹമാണ്. മത്സ്യത്തൊഴിലാളികളെ ദുരന്തമുഖത്തേക്ക് സർക്കാർ എറിഞ്ഞു കൊടുക്കുകയാണ് ചെയ്യുന്നത്. പഠനം നടത്തി സമർപ്പിക്കപ്പെട്ട ഡി.പി.ആറിൽ പോലും കാര്യക്ഷമമായ ഇടപെടൽ സർക്കാർ തലത്തിൽ ഉണ്ടാകുന്നില്ല. അപകടങ്ങളിൽ പെടുന്നവരെ ആശുപത്രികളിൽ ഉടനടി എത്തിക്കുന്നതിന് വേണ്ടി മുതലപ്പൊഴിയിൽ ആംബുലൻസ് സൗകര്യം ഏർപ്പെടുത്തണം മത്സ്യത്തൊഴിലാളികളുടെ ജീവന് സർക്കാർ ഒരു പ്രാധാന്യവും കൽപ്പിക്കുന്നില്ല എന്നതാണ് ഇത്രയും അധികം ദുരന്തങ്ങൾ ഉണ്ടായിട്ടും അനങ്ങാപ്പാറ നയം സ്വീകരിക്കുന്നതിൽ നിന്ന് മനസ്സിലാകുന്നത്.

മരണപ്പെട്ടവരുടെ കുടുംബാംഗങ്ങളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനും വാഗ്ദാനങ്ങൾ പാലിക്കുന്നതിനും സർക്കാർ തയ്യാറാകുന്നില്ല എങ്കിൽ കുടുംബാംഗങ്ങൾ അനിശ്ചിതകാല സമരത്തിന് തയ്യാറാകുമെന്ന് അവർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. മരണപ്പെട്ടവരുടെ ബന്ധുക്കളായ മലാഷ, ലതിക, ബിനില, സൽമ, താഹിറ, വെൽഫെയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി ജബീന ഇർഷാദ്, വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡന്റ് അഷ്റഫ് കല്ലറ എന്നിവർ വാർത്താസമ്മേളനത്തിൽ പ​​ങ്കെടുത്തു.

Tags:    
News Summary - Relatives say the government is cruelly neglecting the muthalapozhi fishermen's families

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.