പൂവാർ: സ്വന്തം വീട്ടിലേക്ക് സഞ്ചരിക്കാനുള്ള നടവഴി തുറന്നുനൽകണമെന്നാവശ്യപ്പെട്ട് വൃദ്ധ ദമ്പതികളുടെ സത്യഗ്രഹം. കരുംകുളം ഗ്രാമപഞ്ചായത്തിന് മുന്നിലാണ് വയോധികരും മൂന്നാം വാർഡിലെ മല്ലൻവിള കോളനിയിൽ താമസിക്കുന്ന സഹോദരങ്ങളായ ലീലയും വസന്തയും അർബുദരോഗിയായ വസന്തയുടെ ഭർത്താവ് രാജനും സത്യഗ്രഹവുമായി വീണ്ടും പഞ്ചായത്തിന് മുന്നിലെത്തിയത്. ഇവർ താമസിക്കുന്ന വീട്ടിലേക്കുള്ള വഴി സമീപവാസികൾ അനധികൃതമായി കെട്ടിയടയ്ക്കുകയായിരുന്നു.
വീട്ടിൽനിന്ന് പുറത്തിറങ്ങാൻ കഴിയാതെ അർബുദരോഗിയുടെ ചികിത്സയും പെരുവഴിയിലായ അവസ്ഥയിലായതായി ഇവർ പറയുന്നു. നിലവിൽ സമീപവാസിയായ ബന്ധുവിെൻറ ഔദാര്യത്തിൽ അവരുടെ സ്ഥലത്തുകൂടിയാണ് വഴിനടക്കുന്നത്. തങ്ങളുടെ വഴി തുറന്നുകിട്ടാൻ ഇവർ മുട്ടാത്ത വാതിലുകളില്ല.
വീട്ടിലേക്കുള്ള വഴി തുറന്നുതരണമെന്നാവശ്യപ്പെട്ട് ഇലക്ഷന് മുമ്പ് രണ്ടുതവണ പഞ്ചായത്തിന് മുന്നിൽ സത്യഗ്രഹമിരുന്നപ്പോൾ വോട്ടെടുപ്പിനുശേഷം പരിഹാരം കാണാമെന്ന പഞ്ചായത്ത് അധികൃതരുടെ ഉറപ്പിലാണ് അന്ന് സമരം അവസാനിപ്പിച്ചത്.
എന്നാൽ, ഇലക്ഷൻ കഴിഞ്ഞ് ദിവസങ്ങളായിട്ടും ഒരു നടപടിയും ഉണ്ടാകാതെ വന്നതോടെയാണ് പഞ്ചായത്തിന് മുന്നിൽ ഇന്നലെ വീണ്ടും സത്യഗ്രഹവുമാെയത്തിയത്. പുതിയ പഞ്ചായത്ത് ഭരണസമിതി അധികാരമേറ്റശേഷം ഈ വഴി പ്രശ്നം പരിഹരിക്കാൻ ഉപസമിതി രൂപവത്കരിച്ചിരുന്നു. എന്നാൽ, ഉപസമിതി തയാറാക്കിയ നിർദേശത്തിനോട് പഞ്ചായത്തിലെ ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും ചില അംഗങ്ങൾ വിയോജിച്ച് തുടർനടപടി തടസ്സപ്പെടുത്തുകയായിരുന്നെന്നാണ് ആക്ഷേപം.
ചില അംഗങ്ങൾ വിയോജിച്ചതോടെ തീരുമാനമെടുക്കാൻ ഉപസമിതിയുടെ നിർദേശം ആർ.ഡി.ഒക്ക് സമർപ്പിക്കാൻ തീരുമാനിച്ചതായി പഞ്ചായത്ത് സെക്രട്ടറി പി.ബി. സന്തോഷ് കുമാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.