നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന സംരക്ഷണ കേന്ദ്രങ്ങൾ; നടപടിയെടുക്കാൻ നിർദേശിച്ച് മനുഷ്യാവകാശ കമീഷൻ

തിരുവനന്തപുരം: വയോജനങ്ങളോടും ഭിന്നശേഷിക്കാരോടും സംരക്ഷണ കേന്ദ്രങ്ങൾ നടത്തുന്ന വഞ്ചനകൾ അവസാനിപ്പിക്കാൻ ഫലപ്രദമായ മാർഗനിർദേശങ്ങൾ ആവിഷ്കരിച്ച് നടപ്പാക്കണമെന്ന് മനുഷ്യാവകാശ കമീഷൻ. ഇത്തരം സ്ഥാപനങ്ങളിൽ യഥാസമയം പരിശോധന നടത്തണമെന്ന് കമീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് ആവശ്യപ്പെട്ടു. നിയമവിരുദ്ധമായും മതിയായ സൗകര്യങ്ങളില്ലാതെയും പ്രവർത്തിക്കുന്ന ഇത്തരം സ്ഥാപനങ്ങൾക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കണമെന്നും കമീഷൻ ആവശ്യപ്പെട്ടു.

ശ്രീകാര്യം ഏളംകുളത്ത് നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന കൃപാലയം വയോജന സംരക്ഷണ കേന്ദ്രത്തിനെതിരെ നിയമാനുസരണം ഉചിതമായ നടപടികൾ സ്വീകരിക്കണമെന്ന് സാമൂഹികക്ഷേമവകുപ്പ് സെക്രട്ടറിക്കും ഡയറക്ടർക്കും കമീഷൻ നിർദേശം നൽകി. വയോജനങ്ങളെ പാർപ്പിക്കാൻ അംഗീകാരമുള്ള വയോജന സംരക്ഷണ കേന്ദ്രത്തിൽ സെറിബ്രൽ പാൾസി രോഗമുള്ള 35 കാരനെ പാർപ്പിച്ച് മതിയായ ഭക്ഷണമോ ചികിത്സയോ നൽകാതെ പീഡിപ്പിച്ചെന്ന പരാതിയിലാണ് കമീഷൻ ഉത്തരവ്. രോഗിയുടെ സഹോദരനിൽ നിന്ന് 50,000 രൂപ അഡ്വാൻസും 20,000 രൂപ വീതം പ്രതിമാസഫീസും വാങ്ങിയിരുന്നു.

ആരോഗ്യവാനായിരുന്ന രോഗിയെ പട്ടിണിക്കിട്ട് എല്ലും തോലുമാക്കിയെന്നും ചികിത്സ നിഷേധിച്ചെന്നും പരാതിയിലുണ്ട്. പരസഹായമില്ലാതെ എഴുന്നേൽക്കാൻ പോലും കഴിയാത്ത രോഗിക്ക് വസ്ത്രം പോലും നിഷേധിച്ചതായി ആനയറ സ്വദേശിയുടെ പരാതിയിൽ പറയുന്നു.

കമീഷൻ ജില്ല സാമൂഹികനീതി ഓഫിസറിൽ നിന്ന് അന്വേഷണ റിപ്പോർട്ട് വാങ്ങി. സ്ഥാപനത്തിന് വയോജനങ്ങളെ സംരക്ഷിക്കാൻ ഓർഫനേജ് കൺട്രോൾ ബോർഡിന്റെ അംഗീകാരമുണ്ട്. എന്നാൽ, അംഗീകാരത്തിന് വിരുദ്ധമായി 60 വയസ്സ് പൂർത്തിയാകാത്ത പത്ത് പേരെ താമസിപ്പിച്ചിട്ടുണ്ട്. മൂന്ന് സ്ഥാപനങ്ങൾ കൂടി ഇവർ നടത്തുന്നുണ്ട്. 10,000 മുതൽ 45,000 രൂപ വരെ ഫീസായി ഈടാക്കുന്നുണ്ട്. വിടുതൽ സമയത്ത് അഡ്വാൻസ് തുക തിരികെ നൽകാറില്ല. ഡോക്ടറും നഴ്സും ഇല്ല. പൊതുജനങ്ങളിൽനിന്ന് സംഭാവന പിരിക്കാറുണ്ടെന്നും റിപ്പോർട്ടിലുണ്ട്.

സ്ഥാപനത്തിന്റെ ലൈസൻസ് റദ്ദാക്കേണ്ടതാണെന്ന് ശ്രീകാര്യം പൊലീസ് ഇൻസ്പെക്ടർ റിപ്പോർട്ട് ചെയ്തതായി വിശദീകരണത്തിൽ പറയുന്നു. പരാതിക്കാരന്റെ സഹോദരനുള്ളത് ആരോഗ്യം ക്ഷയിക്കുന്ന രോഗമാണെന്നും ഫലപ്രദമായ മരുന്ന് ലഭ്യമല്ലെന്നും ഇതെല്ലാം പരാതിക്കാരൻ സമ്മതിച്ചതാണെന്നും കൃപാലയം അധികൃതർ കമീഷനെ അറിയിച്ചു. െഡപ്പോസിറ്റ് തുക എതിർകക്ഷിയിൽനിന്ന് വാങ്ങി നൽകാനുള്ള നിർദേശം നൽകണമെന്നും അധികൃതരോട് കമീഷൻ ആവശ്യപ്പെട്ടു.

Tags:    
News Summary - Shelters operating illegally; Directing action Human Rights Commission

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.