ആറ്റിങ്ങൽ: ശിവഗിരി തീർഥാടനത്തോടനുബന്ധിച്ച് സ്പെഷൽ ട്രെയിൻ അനുവദിക്കണമെന്ന ആവശ്യം ശക്തം. ഇതുസംബന്ധിച്ച് അടൂർ പ്രകാശ് എം.പി റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവുമായും റെയിൽവേ ബോർഡ് ചെയർമാൻ വി.കെ. ത്രിപാഠിയുമായും കൂടിക്കാഴ്ച നടത്തി. ശിവഗിരി തീർഥാടനത്തിന്റെ നവതി വർഷമായ ഇത്തവണ രാജ്യത്തിന്റെ നാനാഭാഗത്തുനിന്ന് വൻ ജനപങ്കാളിത്തമാണ് പ്രതീക്ഷിക്കുന്നത്. ഒരുവർഷം നീളുന്ന നവതി ആഘോഷത്തിന്റെ സമാപനപരിപാടികൾ ഡിസംബർ 15ന് ആരംഭിക്കും.
കേരളത്തിന് അകത്തുനിന്നും പുറത്തുനിന്നും ലക്ഷക്കണക്കിന് തീർഥാടകർ എത്തും. അതിൽ ബഹുഭൂരിപക്ഷം തീർഥാടകരും ആശ്രയിക്കുന്നത് റെയിൽവേയെ ആണ്. കൂടുതൽ ട്രെയിനുകളും എല്ലാ ട്രെയിനിനും സ്റ്റോപ്പും അനുവദിക്കണമെന്ന് എം.പി കത്തിൽ ആവശ്യപ്പെട്ടു.
കോവിഡ് നിയന്ത്രണങ്ങൾ നീക്കിയതിനാലും ക്രിസ്മസ് അവധി പ്രമാണിച്ചും ട്രെയിനുകളിൽ വൻ തിരക്കും ടിക്കറ്റ് കിട്ടാത്ത അവസ്ഥയുമാണ്. ഇത് കണക്കിലെടുത്ത് തീർഥാടനത്തോടനുബന്ധിച്ച് സ്പെഷൽ ട്രെയിൻ അനുവദിക്കേണ്ടതിന്റെ ആവശ്യകത റെയിൽവേ മന്ത്രാലയത്തിന്റെ ശ്രദ്ധതിൽപെടുത്തി.
വർക്കലയിൽ എല്ലാ ട്രെയിനിനും സ്റ്റോപ് അനുവദിക്കണമെന്ന ആവശ്യവും ഉന്നയിച്ചു. ആവശ്യം അനുഭാവപൂർവം പരിഗണിക്കാമെന്ന് മന്ത്രിയും റെയിൽവേ ബോർഡ് ചെയർമാനും ഉറപ്പുനൽകിയതായി എം.പി അറിയിച്ചു.
തീർഥാടനവുമായി ബന്ധപ്പെട്ട് ശിവഗിരി സന്ദർശിച്ച വേളയിൽ ശിവഗിരി മഠം പ്രസിഡന്റ് സച്ചിദാനന്ദ സ്വാമികൾ ആവശ്യപ്പെട്ടതനുസരിച്ചാണ് കേന്ദ്രമന്ത്രിയെയും റെയിൽവേ ചെയർമാനെയും കണ്ടതെന്നും എം.പി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.