തിരുവനന്തപുരം: ചാല മാർക്കറ്റിലെ പച്ചക്കറിവ്യാപാരികൾ ഓണം എത്തിയതോടെ ആശങ്കയിലാണ്. സ്മാർട്ട് സിറ്റിയുടെ ഭാഗമായി മാർക്കറ്റിന്റെ പല ഭാഗങ്ങളിലും റോഡിന്റെ നിർമാണപ്രവർത്തനങ്ങൾ നടക്കുകയാണ്. പണി ആരംഭിച്ചിട്ട് ആറുമാസത്തോളമായെങ്കിലും ഇതുവരെ എങ്ങും എത്തിയിട്ടില്ല. റോഡ് നിർമാണപ്രവർത്തനങ്ങളുടെ ഭാഗമായി അടച്ച ചാല-ഗാന്ധാരിയമ്മൻകോവിൽ-സന്നിധിമുക്ക് റോഡ് പൂർണമായും ഇതേവരെ തുറന്നിട്ടില്ല. ഇതേ അവസ്ഥ തന്നെയാണ് കല്യാൺ ആശുപത്രി-കുര്യാത്തി റോഡിലും. ഇതുകാരണം ചാല മാർക്കറ്റിൽ തമിഴ്നാട്ടിൽനിന്ന് പച്ചക്കറികളുമായി എത്തുന്ന വലിയ വാഹനങ്ങൾ ഏറെ ബുദ്ധിമുട്ടിയാണ് കടന്നുപോകുന്നത്. പലപ്പോഴും മണിക്കൂറുകൾ ഗതാഗതം തടസ്സപ്പെടുന്നു.
ഇതുവഴിയുള്ള യാത്ര പൂർണമായും സജ്ജമാകാത്തതിനാൽ മാർക്കറ്റിൽ എത്തുന്ന ചെറുകിട കച്ചവടക്കാരും ഏറെ ബുദ്ധിമുട്ടുന്നു. നിർമാണപ്രവർത്തനങ്ങൾ പൂർത്തിയാവാത്ത ചാല-കരിപ്പെട്ടിക്കട പള്ളി റോഡ്വഴിയാണ് കിഴക്കേകോട്ടയിൽ പച്ചക്കറികൾ വാങ്ങാനെത്തുന്നവർ മാർക്കറ്റിൽ പ്രവേശിക്കുന്നത്.
അപകടം പതിയിരിക്കുന്ന ഈ ഭാഗങ്ങളിൽ ചുമട്ടുതൊഴിലാളികൾ ഏറെ ബുദ്ധിമുട്ടിയാണ് ജോലി ചെയ്യുന്നത്. ചെറുതും വലുതുമായ നിരവധി അപകടങ്ങളാണ് ഈ ഭാഗത്ത് നടന്നത്. ഈ മാസമെങ്കിലും നിർമാണപ്രവർത്തനങ്ങൾ പൂർത്തിയായില്ലെങ്കിൽ ഓണക്കച്ചവടം പൂർണമായും നിലക്കുന്ന മട്ടാണെന്ന് വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നു.
പലപ്പോഴും ഇതുവഴിയുള്ള ഗതാഗതം പൂർണമായി തടസ്സപ്പെട്ടതിനാൽ പല കച്ചവടക്കാരും മറ്റ് വൻകിട വ്യാപാരസ്ഥാപനങ്ങളെ ആശ്രയിക്കുകയാണെന്ന് ഇവർ പറയുന്നു. ആവശ്യത്തിന് ജോലിക്കാരെ നിർത്തി നിർമാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ കരാറുകാർ താൽപര്യം കാണിക്കുന്നില്ലെന്നും ഇവർ കുറ്റപ്പെടുത്തുന്നു.
ആറുമാസത്തോളമായി ഗതാഗതം പൂർണമായും തടസ്സപ്പെടുന്നതിനാൽ പല കച്ചവടസ്ഥാപനങ്ങളും അടച്ചുപൂട്ടൽ ഭീഷണി നേരിടുന്നു. വകുപ്പുമന്ത്രിയും സ്ഥലം എം.എൽ.എയും അടിയന്തരമായി സ്ഥലം സന്ദർശിച്ച് വ്യാപാരികളുടെ ആശങ്കകൾ പരിഹരിക്കണമെന്ന് വ്യാപാരികൾ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.