തിരുവനന്തപുരം: തൊണ്ടി സ്പിരിറ്റ് മോഷ്ടിച്ച് കടത്തിയ സംഭവത്തിൽ സി.ഐ ഉൾപ്പെടെ ആറ് എക്സൈസ് ഉദ്യോഗസ്ഥർക്കെതിരെ കേസെടുത്ത് അന്വേഷണം നടത്താൻ തിരുവനന്തപുരം വിജിലൻസ് സ്പെഷൽ കോടതി ഉത്തരവ്. പ്രാരംഭ അന്വേഷണ റിപ്പോർട്ട് 60 ദിവസത്തിനകം ഹാജരാക്കാൻ വിജിലൻസ് ഡയറക്ടർക്ക് ജഡ്ജി ജി. ഗോപകുമാർ നിർദേശം നൽകി.
പത്തനംതിട്ട മല്ലപ്പള്ളി റേഞ്ച് ഇൻസ്പെക്ടറായിരുന്ന പി. സാജു, പ്രിവന്റിവ് ഓഫിസർ സചിൻ സെബാസ്റ്റ്യൻ, ഡ്രൈവർ പി.ജി. വിശ്വനാഥൻ, സിവിൽ ഓഫിസർമാരായ വി. പ്രദീപ് കുമാർ, എസ്. ഷൈൻ, ജി. പ്രവീൺ എന്നിവർക്കെതിരെ അഴിമതി, വ്യാജ എഫ്.ഐ.ആർ ചമയ്ക്കൽ, കണക്കുകളുടെ വ്യാജരേഖകളുണ്ടാക്കൽ, തെളിവ് നശിപ്പിക്കൽ കുറ്റങ്ങൾ ചുമത്തി കേസെടുക്കാനാണ് ഉത്തരവ്.
സംഭവത്തിൽ കേസ് വേണ്ടെന്നും ഉദ്യോഗസ്ഥർക്കെതിരെ നികുതി വകുപ്പ് മുഖേന വകുപ്പുതല നടപടി മതിയെന്നുമുള്ള വിജിലൻസ് എസ്.പി കെ.ഇ. ബൈജുവിന്റെ റിപ്പോർട്ട് തള്ളിയാണ് കോടതി ഉത്തരവ്.
എസ്.പിയെ കോടതി രൂക്ഷമായി വിമർശിക്കുകയും ചെയ്തു. എക്സൈസ് ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് നെയ്യാറ്റിൻകര പി. നാഗരാജൻ സമർപ്പിച്ച സ്വകാര്യ അന്യായത്തിലാണ് ഉത്തരവ്.
2018 ഒക്ടോബർ 18ന് വൈകീട്ട് 3.30നായിരുന്നു കേസിനാസ്പദമായ സംഭവം. പത്തനംതിട്ട ജില്ല സെഷൻസ് കോടതിയിൽനിന്ന് തീർപ്പായ കേസിന്റെ തൊണ്ടിമുതൽ സ്പിരിറ്റ് നശിപ്പിക്കാൻ മല്ലപ്പള്ളി എക്സൈസ് റേഞ്ചിന് കൈമാറിയിരുന്നു. ഇത് റേഞ്ച് ഓഫിസിൽനിന്ന് വകുപ്പിന്റെ വാഹനത്തിൽ എക്സൈസ് തന്നെ കടത്തിക്കൊണ്ടുപോയി.മല്ലപ്പള്ളി ടൗണിൽവെച്ച് നാട്ടുകാർ തടഞ്ഞ് കീഴ്വായ്പൂർ പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.