ആറ്റിങ്ങൽ: കാർഷിക സംസ്കാരത്തിന്റെ അറിവുകൾ തേടി വിദ്യാലയ മുറികളിൽ നിന്ന് കുട്ടികൾ പാടശേഖരത്തിൽ. കടയ്ക്കാവൂർ എസ്.എസ്.പി.ബി.എച്ച്.എസിലെയും കിഴുവിലം പുരവൂർ എസ്.വി.യു.പി.എസിലെയും കുട്ടികളാണ് ഉഴുതുമറിച്ച പാടശേഖരങ്ങളിലെ ചളി മണ്ണിലിറങ്ങി ഞാറുനട്ട് കൃഷിയുടെ പ്രായോഗിക അറിവുകൾ നേടിയത്.
കടയ്ക്കാവൂർ എസ്.എസ്.പി.ബി.എച്ച്.എസിലെ സ്റ്റുഡന്റ്സ് പൊലീസ് കാഡറ്റ് പദ്ധതിയുടെ ഭാഗമായി കടയ്ക്കാവൂർ ജനമൈത്രി പൊലീസ് പദ്ധതിയുമായി സഹകരിച്ച് കവലയൂർ പാടശേഖരത്തിലാണ് കൃഷി ഇറക്കിയത്. പുതുതലമുറക്ക് കൃഷി രീതികൾ മനസ്സിലാക്കുന്നതിനും പൊതു സമൂഹത്തെ കാർഷിക വൃത്തിയിലേക്ക് ആകർഷിക്കുന്നതിനും വേണ്ടിയാണ് 'ഞങ്ങളും കൃഷിയിലേക്ക്'പദ്ധതി എസ്.പി.സി യൂനിറ്റ് ഏറ്റെടുത്തത്.
ജൈവ കാർഷിക അവാർഡ് ജേതാക്കളായ സുരേഷ്, സത്യൻ എന്നിവർ കുട്ടികൾക്ക് നെൽകൃഷിയിൽ പരിശീലനം നൽകി. ഇതിനുശേഷമാണ് കുട്ടികൾ ഞാറു നടീൽ ആരംഭിച്ചത്. മണമ്പൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് എ. നഹാസ് കുട്ടികൾക്ക് ഞാറ് കൈമാറി. കടയ്ക്കാവൂർ എസ്.എച്ച്.ഒ വി. അജേഷ് ഉദ്ഘാടനം ചെയ്തു. എ.എസ്.ഐ ജയപ്രസാദ് അധ്യക്ഷത വഹിച്ചു. വാർഡ് മെംബർ സുരേഷ്, പി.ടി.എ പ്രസിഡന്റ് എ. റസൂൽ ഷാ, എസ്.ഐ. മാഹീൻ, സി.പി.ഒ അരുൺ, സുജിൻ, രാകേഷ്, ജിജു, നിസാർ, വിനോദ്, അജിത്ത് എന്നിവർ നേതൃത്വം നൽകി. നെൽകൃഷി പഠിക്കാനെത്തിയ കുട്ടികൾക്ക് നാടൻ ഭക്ഷണങ്ങളും പാടശേഖര സമിതി ലഭ്യമാക്കി.
ആറ്റിങ്ങൽ നഗരസഭ വാർഡ് 22 ലെ അഞ്ചേക്കറോളം വരുന്ന കൊടുമൺ ഏലായിൽ ഞാറ് നട്ട് പുരവൂർ എസ്.വി.യു.പി സ്കൂളിലെ വിദ്യാർഥികൾ. അത്യുൽപാദന ശേഷിയുള്ള ജ്യോതി ഇനത്തിൽപെട്ട വിത്ത് പാകി 22 ദിവസങ്ങൾ ശേഷം ഞാറാക്കി മാറ്റിയ ശേഷമാണ് പാടശേഖര സമിതിയോടൊപ്പം കുട്ടികൾ കഴിഞ്ഞ ദിവസം ഞാറ് നട്ടത്. കർഷകത്തൊഴിലാളികളിൽ നിന്ന് കൃഷിരീതി കണ്ട് മനസ്സിലാക്കിയ ശേഷമാണ് കൊച്ചു കുട്ടികൾ ഞാറ് നട്ടത്. കൃഷിയുടെ ആദ്യ ഘട്ടം മുതൽ ഇവിടെ കുട്ടികൾ രംഗത്തുണ്ട്. മൂന്നു മാസം കഴിയുമ്പോൾ വിളവെടുക്കും. മറ്റ് കൃഷിയോടൊപ്പം നെൽകൃഷിയും കുട്ടികളെ പരിശീലിപ്പിക്കുക എന്നതാണ് ലക്ഷ്യം. 2010 മുതൽ മുടങ്ങാതെ കൃഷി ചെയ്യുന്ന പട്ടണത്തിലെ ഒരു പ്രധാന പാടശേഖരം കൂടിയാണിവിടം. പാടശേഖര സമിതി അംഗങ്ങളായ എ. ഗിരീജൻ, അശോക് കുമാർ, പ്രഭാകരൻ നായർ, ഹെഡ്മാസ്റ്റർ സാബു, പി.ടി.എ പ്രസിഡന്റ് സാബു, എസ്.എം.സി അംഗം രഞ്ജിനി, കർഷകർ തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.