തിരുവനന്തപുരം: മഴക്കുറവിന് പിന്നാലെ ചുട്ടെടുക്കുന്ന ചൂട് കൂടിയായതോടെ പൊള്ളിയുരുകുകയാണ് തലസ്ഥാനം. വരൾച്ച മൂടിയ ജനുവരിയും ചുട്ടുപഴുത്ത ഫെബ്രുവരിയും പിന്നിട്ട് കൊടുംചൂടിന്റെ മാർച്ചിലേക്ക് നാടും നഗരവും കാലൂന്നി. കത്തിയമരുന്ന പകലും പഴുത്തുരുകുന്ന രാത്രിയും സകലജീവജാലങ്ങൾക്കും ദുരിതം വിതക്കുന്നു. മഴയുടെ അളവിലും കുറവുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ കണക്കുകൾ.
2022 മാർച്ച് ഒന്നു മുതൽ േമയ് 31 വരെയുള്ള സീസണിൽ 54 ശതമാനം അധികമഴ ലഭിച്ചിരുന്നു. 2022ൽ 369.9 മില്ലിമീറ്റർ മഴയേ പ്രതീക്ഷിച്ചുള്ളൂവെങ്കിലും 559 മില്ലിമീറ്റർ കിട്ടി. 2023 മാർച്ച് ഒന്ന് മുതൽ 12 വരെ 12 മില്ലിമീറ്റർ മഴയാണ് തലസ്ഥാനത്ത് ലഭിക്കേണ്ടിയിരുന്നത്. എന്നാൽ കിട്ടിയതാകട്ടെ 0.1 മില്ലിമീറ്ററും. കിട്ടേണ്ട മഴയുടെ 99 ശതമാനവും കിട്ടിയില്ലെന്ന് വ്യക്തം.
34.2 ഡിഗ്രി ചൂടാണ് തലസ്ഥാനത്ത് കഴിഞ്ഞദിവസം അനുഭവപ്പെട്ടത്. ചുട്ടുപഴുത്ത പകലുകളിൽ ചൂടുകാറ്റ് കൂടി ഉണ്ടായതോടെ പുറത്തിറങ്ങാനാകാത്ത സ്ഥിതിയാണ്. രാത്രികാലങ്ങളുടെ സ്ഥിതിയും വ്യത്യസ്തമല്ല. ചൂട് കനത്തതോടെ ജില്ലയിലെ മൊത്തം കിണറുകളിൽ 60 ശതമാനത്തിലും ജലനിരപ്പ് താഴ്ന്നിട്ടുണ്ടെന്നാണ് വിലയിരുത്തൽ. ഇതിൽ 58.6 ശതമാനം കിണറുകളിൽ രണ്ട് മീറ്റർ വരെയാണ് താഴ്ന്നത്. നാല് മീറ്ററിൽ കൂടുതൽ ജലത്താഴ്ചയുള്ള സ്ഥലങ്ങളും ജില്ലയിലുണ്ട്.
ഭൂജലനിരപ്പിലെ താഴ്ച ജില്ലയിൽ ഗൗരവമേറിയ പ്രശ്നമായി അവശേഷിക്കുന്നു. രൂക്ഷമായ വരൾച്ചയിലാണ് ഇത്രയധികം കുറവുണ്ടാകുന്നത്. ചിറയിൻകീഴ്, നെയ്യാറ്റിൻകര, നെടുമങ്ങാട്, തിരുവനന്തപുരം മേഖലകളിലാണ് ജലനിരപ്പിലെ താഴ്ച പ്രകടമാകുന്നത്.
ചിറയിൻകീഴ് മേഖലയിൽ ഇടവ, കരവാരം, പഴയകുന്നുമ്മേൽ, മംഗലപുരം, മടവൂർ, ചിറയിൻകീഴ് എന്നിവിടങ്ങളിലും നെടുമങ്ങാട് മേഖലയിൽ അരുവിക്കര, നെടുമങ്ങാട്, ആനാട്, വെമ്പായം, നെല്ലനാട് എന്നിവിടങ്ങളിലും നെയ്യാറ്റിൻകര മേഖലയിൽ ആര്യങ്കോട്, കള്ളിക്കാട്, പെരിങ്കടവിള, പാറശ്ശാല, മലയിൻകീഴ്, തിരുവനന്തപുരം മേഖലയിൽ ബലരാമപുരം, കുളത്തൂർ, അതിയന്നൂർ എന്നിവിടങ്ങളിലുമാണ് ജലക്ഷാമം രൂക്ഷമായത്. നിയന്ത്രണാതീതമായി കുഴല്‍ക്കിണറുകള്‍ വർധിച്ചതും ജലവിതാനം താഴുന്നതിനിടയാക്കി.
കുടിവെള്ളവിതരണ പദ്ധതികളെയും വേനൽ ബാധിച്ചിട്ടുണ്ട്. നഗരത്തിന്റെ ഉയർന്ന പ്രദേശങ്ങളിലൊന്നും വെള്ളമില്ല. നദികളിലെ നീരൊഴുക്കിലും വലിയ കുറവ് പ്രകടമാണ്. ജലഅതോറിറ്റിയുടെ പൈപ്പ് ലൈനിലൂടെയുള്ള ജലവിതരണം നഗരപ്രദേശത്ത് തടസ്സം കൂടാതെ നടക്കുന്നുണ്ട്. എന്നാല്‍, ഗ്രാമീണ മേഖലകളില്‍ ജലവിതരണം പല സ്ഥലങ്ങളിലും നാമമാത്രമാണ്. തീരദേശമേഖലകളിലടക്കം പൈപ്പ് ലൈനിലൂടെ പല ദിവസവും കുടിവെള്ളം ലഭിക്കാത്ത അവസ്ഥയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.