തിരുവനന്തപുരം: തൈക്കാട് വിറക് ശ്മശാനത്തിന്റെ നടത്തിപ്പിനെ ചൊല്ലി കോർപറേഷൻ കൗൺസിലിൽ പോര്. ശ്മശാനത്തിന്റെ നടത്തിപ്പ് സി.പി.എം ജില്ല കമ്മിറ്റി അംഗം പ്രസിഡന്റായ സഹകരണ സ്ഥാപനത്തിന് നൽകിയതിൽ ക്രമക്കേടെന്ന് നടന്നതായി ബി.ജെ.പി ആരോപിച്ചു. ലേലത്തുകയിൽ 7.52 ലക്ഷം രൂപ കുടിശ്ശികയുണ്ടായിരിക്കേ, ശ്മശാനം നടത്തിപ്പ് തുടരാൻ കഴിയില്ലെന്ന് കത്തു നൽകിയ സ്ഥാപനത്തിന് വീണ്ടും നടത്തിപ്പ് ചുമതല നൽകാൻ മേയർ മുൻകൂർ അനുമതി നൽകിയതിനെതിരെയായിരുന്നു വിമർശനം.
11,28,000 രൂപക്കാണ് വിറക് ശ്മശാനം നടത്തിപ്പ് ട്രാവൻകൂർ ഇലക്ട്രിക്കൽ ആൻഡ് സിവിൽ ലേബർ കോൺട്രാക്ട് സൊസൈറ്റി ഏറ്റെടുത്തത്. വിറകിന്റെ വില കൂടുതലും സംസ്കാര ചടങ്ങുകളുടെ എണ്ണക്കുറവും ചൂണ്ടിക്കാട്ടി ശ്മശാനം നടത്തിപ്പിൽനിന്നു പിന്മാറുന്നതായി സൊസൈറ്റി അധികൃതർ കോർപറേഷനു കത്തു നൽകി.
ലേലത്തുകയിൽ 7,52,000 രൂപ കുടിശ്ശികയുണ്ടായിരിക്കെയാണ് ശ്മശാനം നടത്തിപ്പിൽനിന്ന് സൊസൈറ്റി പിന്മാറിയത്. ഇതിന്റെ അടിസ്ഥാനത്തിൽ കോർപറേഷൻ പുനർലേല നടപടികൾ സ്വീകരിച്ചു. എന്നാൽ, ഒരു സ്വകാര്യ വ്യക്തി മാത്രമാണ് ലേലത്തിൽ പങ്കെടുത്തത്. ഇയാൾ ക്വാട്ടു ചെയ്ത തുക കുറവാണെന്നു ചൂണ്ടിക്കാട്ടി കോർപറേഷൻ ലേല നടപടികൾ റദ്ദാക്കിയ ശേഷം ശ്മശാനം നടത്തിപ്പ് വീണ്ടും സൊസൈറ്റിയെ ഏൽപ്പിച്ചു. ഇതിനായി കഴിഞ്ഞ നവംബർ 18ന് മേയർ നൽകിയ മുൻകൂർ അനുമതിയാണ് വിവാദങ്ങൾക്കിടയാക്കിയത്.
അടുത്ത സാമ്പത്തിക വർഷത്തെ കരാറിൽനിന്ന് വിവാദ സൊസൈറ്റിയെ ഒഴിവാക്കുന്നതും ശ്മശാനം നടത്തിപ്പ് കോർപറേഷൻ നേരിട്ട് ഏറ്റെടുക്കുന്നതും ആലോചിക്കാമെന്ന് പി.കെ. രാജു മറുപടി നൽകി. അതേസമയം, ധനകാര്യ സ്ഥിരംസമിതി അധ്യക്ഷനായ പി.കെ. രാജുവിനെതിരെ ധനകാര്യ സ്ഥിരംസമിതിയിലെ ബി.ജെ.പി കൗൺസിലർമാർ വിമർശനവുമായി രംഗത്തുവന്നു.ധനകാര്യ സ്ഥിരംസമിതിയുടെ തീരുമാനങ്ങളല്ല കൗൺസിൽ യോഗത്തിൽ അജണ്ടയായി വരുന്നതെന്ന് ബി.ജെ.പി ആരോപിച്ചു. എന്നാൽ, ഈ ആരോപണങ്ങൾ ഡെപ്യൂട്ടി മേയർ പി.കെ. രാജു തള്ളിക്കളഞ്ഞു. സമിതിയിൽ അവതരിപ്പിച്ച വിഷയങ്ങൾതന്നെയാണ് കൗൺസിൽ അജണ്ടയിൽ ഉൾപ്പെടുത്തുന്നതെന്ന് രാജു പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.