തിരുവനന്തപുരം: തലസ്ഥാനനഗരത്തിന്റെ മുഖച്ഛായതന്നെ മാറ്റാൻ പര്യാപ്തമെന്ന് കണക്കുകൂട്ടി, പതിറ്റാണ്ടുകൾക്ക് ശേഷം തയാറാക്കിയ നഗരത്തിന്റെ മാസ്റ്റർ പ്ലാനിലെ പരാതികൾ കേൾക്കാൻ നടത്തിയ ‘ഹിയറിങ്’ തട്ടിക്കൂട്ടായി. രണ്ട് ദിവസമായി നടന്ന ഹിയറിങ്ങിന് പരാതിക്കാരിൽ വളരെക്കുറച്ച് പേർ മാത്രമാണ് എത്തിയത്. പൊതുജനങ്ങൾക്കായി വ്യാഴാഴ്ച നടത്തിയ ഹിയറിങ്ങിനെക്കുറിച്ച് കോർപറേഷൻ കൃത്യമായ അറിയിപ്പ് നൽകാത്തതായിരുന്നു പ്രധാന പ്രശ്നം. ഹിയറിങ് നടക്കുന്ന വിവരം അറിഞ്ഞില്ലെന്നാണ് മിക്കവരും ചൂണ്ടിക്കാട്ടിയത്.
മാസ്റ്റർ പ്ലാൻ സംബന്ധിച്ച് പരാതി നൽകിയ സംഘടനകളടക്കം 34 പേരെയാണ് ബുധനാഴ്ച ഹിയറിങ്ങിന് വിളിച്ചിരുന്നത്. ഏഴുപേർ മാത്രമാണ് എത്തിയത്. തങ്ങളുടെ വാദംകൂടി കേൾക്കണമെന്ന് ആവശ്യപ്പെട്ടിരുന്നവരോടാണ് നേരിട്ടെത്താൻ നിർദേശിച്ചിരുന്നത്. പലർക്കും ഹിയറിങ്ങിന് എത്താനുള്ള കത്തുകൾ ലഭിച്ചില്ലെന്നാണ് പരാതി. പരാതി വർധിച്ചതോടെ നവംബർ മൂന്നിന് ഒരവസരം കൂടി നൽകും. പ്രത്യേക കമ്മിറ്റി നടത്തുന്ന ഹിയറിങ്ങിൽ രാവിലെ 10.30 ന് ബന്ധപ്പെട്ട രേഖകളുമായി പങ്കെടുക്കാം.
തപാലിലും ഇ- മെയിൽ വിലാസം നൽകിയവർക്ക് അതുവഴിയുമാണ് അറിയിപ്പ് നൽകിയതെന്ന് കോർപറേഷൻ അധികൃതർ അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ തുടർച്ചയായി അവധികൾ വന്നതിനാൽ തപാൽ വഴി അയച്ച കത്തുകൾ പലർക്കും ലഭിക്കാത്തതാണ് പ്രശ്നമായതെന്ന് അധികൃതർ ചൂണ്ടിക്കാട്ടുന്നു. എന്നാൽ, പത്രങ്ങൾ മുഖേന എന്തിനും ഏതിനും വാർത്തനൽകുന്ന കോർപറേഷനാകട്ടെ മാസ്റ്റർ പ്ലാൻ വിഷയത്തിൽ വേണ്ടത്ര പ്രാധാന്യം കണ്ടില്ല.
വ്യാഴാഴ്ച പൊതു പരാതിക്കാർക്ക് നേരിട്ടെത്തി വിശദീകരിക്കാനുള്ള അവസരം നൽകിയിരുന്നതാണ്. എന്നാൽ, മുപ്പതോളം പേർ മാത്രമാണ് എത്തിയത്. 1750 ഓളം പരാതികളാണ് മാസ്റ്റർ പ്ലാൻ സംബന്ധിച്ച് കോർപറേഷന് ലഭിച്ചിരുന്നത്. ഇതിൽ 700 ഓളം എണ്ണം വ്യക്തതയില്ലാത്തതാണെന്നും അധികൃതർ ചൂണ്ടിക്കാട്ടുന്നു. പറഞ്ഞ് കേട്ട് എത്തിയതാണ് 30 ഓളം പേർ. രണ്ട് കോടിയോളം രൂപയാണ് അമൃത് പദ്ധതിയിൽനിന്ന് മാസ്റ്റർ പ്ലാൻ തയാറാക്കാനായി അനുവദിച്ചിട്ടുള്ളത്. വ്യക്തമായ അറിയിപ്പില്ലാതെ നടത്തിയ പബ്ലിക് ഹിയറിങ് ഒരുതവണകൂടി നടത്തണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. പരാതികൾ കേട്ട് തിരുത്തൽ വരുത്താതെ തട്ടിക്കൂട്ട് മാസ്റ്റർ പ്ലാൻ നടപ്പാക്കിയാൽ ഇത് ജനത്തെ വട്ടം ചുറ്റിക്കുമെന്നും വിഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.
2014 ലെ മാസ്റ്റർ പ്ലാൻ ശക്തമായ ജനരോഷത്തെതുടർന്ന് പിൻവലിക്കേണ്ടി വന്നതും വേണ്ടത്ര ചർച്ച നടത്താതെ നടപ്പാക്കാൻ ശ്രമിച്ചതിനാലാണ്. പൊതു ഹിയറിങ്ങിന് ഹാജരായവരിൽനിന്ന് ലഭിച്ച ഭൂരിഭാഗം പരാതികളും തരംമാറ്റി പുരയിടമാക്കിയ സ്ഥലങ്ങൾ വീണ്ടും സംരക്ഷണ മേഖലയിൽ ഉൾപ്പെട്ടു എന്നുള്ളതാണ്. ഇത്തരത്തിൽ വീണ്ടും ഭൂമി സംരക്ഷിത മേഖലയായാൽ വീടുവെക്കുന്നതിനടക്കം അനുമതി ലഭിക്കില്ല. കൂടാതെ താൽക്കാലിക മാസ്റ്റർ പ്ലാനിൽ കുടുങ്ങി കെട്ടിടനിർമാണ അപേക്ഷകൾ നിരസിക്കുന്നത് സംബന്ധിച്ചും പരാതികൾ ഉയർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.