തിരുവനന്തപുരം: നിര്‍മാണ തൊഴിലാളിയായ പിതാവ് പ്രേമകുമാറിെൻറയും മാതാവ് ശ്രീലതയുടെയും പിന്തുണക്കൊപ്പം കഠിനാധ്വാനംകൂടി ഒരുമിച്ചേപ്പാൾ അശ്വതി കൈപ്പിടിയിലൊതുക്കിയത് സിവില്‍ സര്‍വിസ് പരീക്ഷയിലെ 481ാം റാങ്ക്. കരിക്കകം വായനശാലക്ക് സമീപം മാവര്‍ത്തല അറപ്പുരവിളാകം 'സരോവരം' വീട്ടിലേക്ക് ആഹ്ലാദവാര്ത്തയെത്തിയതിന് പിന്നാലെ സുഹൃത്തുക്കളും സഹപാഠികളും അശ്വതിയെ അഭിനന്ദിക്കാൻ ആ കൊച്ചുവീട്ടിലെത്തി.
പ്ലസ്ടു പഠനകാലം മുതൽ സിവില്‍ സര്‍വിസ് സ്വപ്നം ഒപ്പം കൂടിയതാണ്. നാലാം ശ്രമത്തില്‍ മിന്നും വിജയം നേടി അശ്വതി റാങ്കുപട്ടികയില്‍ ഇടംപിടിച്ചു. കരിക്കകം സർക്കാർ സ്കൂളിലും കോട്ടണ്‍ഹില്‍ ഗവ. സ്കൂളിലുമായി സ്കൂള്‍ പഠനം പൂര്‍ത്തിയാക്കി. ബാര്‍ട്ടണ്‍ഹില്‍ എന്‍ജിനീയറിങ് കോളജില്‍നിന്ന് ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ്ങില്‍ ബിരുദം നേടി. ടി.സി.എസില്‍ രണ്ടുവര്‍ഷം ജോലി ചെയ്തു.
ഇതിനിടയില്‍ മലയാളം ഓപ്ഷണലായെടുത്ത് മൂന്നുതവണ സിവില്‍ സര്‍വിസ് പരീക്ഷ എഴുതി. മൂന്നുതവണയും പ്രിലിമിനറി കടക്കാനായില്ല. എങ്കിലും സ്വപ്നസാഫല്യത്തിനായി വീണ്ടും കഠിനാധ്വാനം ചെയ്തു. ജോലി ഉപേക്ഷിച്ച് മുഴുവന്‍ സമയ പഠനം. കേരള സ്റ്റേറ്റ് സിവില്‍ സര്‍വിസ് അക്കാദമിയിലടക്കം പരിശീലനം തേടി. നാലാം തവണ പരീക്ഷയുടെ മൂന്നുഘട്ടങ്ങളും വിജയകരമായി പൂര്‍ത്തിയാക്കി അശ്വതി നേടിയ 481ാം റാങ്കിന് ഇരട്ടിത്തിളക്കം.
കേരള കേഡറില്‍ ജോലി ചെയ്യാനാഗ്രഹിക്കുന്ന അശ്വതി ആദ്യ ഓപ്ഷനായി നല്‍കിയിരിക്കുന്നത് ഐ.എ.എസ് തന്നെയാണ്. രണ്ടാം ഓപ്ഷൻ ഐ.ആർ.എസും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.