തിരുവനന്തപുരം: സംസ്ഥാന പൊലീസ് സേനയിൽ കൂട്ട സ്ഥലംമാറ്റത്തിന് അരങ്ങൊരുങ്ങുന്നു. കോവിഡ് പ്രതിസന്ധി നിലനിൽക്കുന്നതിനാൽ ഇൗവർഷം പൊലീസുകാർക്ക് പൊതു സ്ഥലംമാറ്റമുണ്ടാകില്ലെന്ന് മുഖ്യമന്ത്രി പ്രഖ്യാപനം നടത്തി ദിവസങ്ങൾക്കുള്ളിലാണ് സ്ഥലംമാറ്റ നടപടികൾ അടിയന്തരമായി നടപ്പാക്കാൻ ഡി.ജി.പി അനിൽകാന്തിെൻറ ഉത്തരവ്. ചില ജില്ലകളിൽ സ്ഥലംമാറ്റ നടപടികൾ ആരംഭിച്ചുകഴിഞ്ഞു. അധ്യയന വർഷം ആരംഭിച്ച ശേഷമുള്ള ഈ മാറ്റം സേനയിലെ 30,000 ത്തോളം ഉദ്യോഗസ്ഥരെ പ്രതികൂലമായി ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു.
സാധാരണ മാർച്ച്, ഏപ്രിൽ മാസങ്ങളിലാണ് പൊലീസുകാരുടെ പൊതു സ്ഥലംമാറ്റം. എന്നാൽ, കോവിഡ്, ലോക്ഡൗൺ എന്നിവയുടെ പശ്ചാത്തലത്തിൽ പൊലീസുകാർക്ക് ഇക്കുറി പൊതു സ്ഥലംമാറ്റമുണ്ടാകില്ലെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത്. എന്നാൽ, അത് കാറ്റിൽപറത്തി അടിയന്തരമായി സ്ഥലംമാറ്റം നടപ്പാക്കണമെന്ന നിർദേശമാണ് ജില്ല പൊലീസ് മേധാവികൾക്ക് കഴിഞ്ഞ വ്യാഴാഴ്ച ഡി.ജി.പി നൽകിയത്. ഇതിനെ തുടർന്ന്, ഒരു സ്റ്റേഷനിൽ മൂന്നു വർഷം പൂർത്തിയാക്കിയ സിവിൽ പൊലീസ് ഓഫിസർ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാർ എന്നിവർ 14നകം താൽപര്യം അറിയിക്കാൻ മേഖല ഐ.ജിമാർ ഉത്തരവിട്ടു.
അതിനിടെ, ഞായറാഴ്ച കൊല്ലം റൂറലിൽ സ്ഥലംമാറ്റം നടപ്പാക്കി ഉത്തരവിറക്കി. അപേക്ഷ സമർപ്പിക്കാനുള്ള ദിവസം നാളെ വരെയുള്ളപ്പോഴാണ് ഇൗ നടപടി. അതിൽ തന്നെ പലർക്കും ചോദിച്ച മൂന്നു സ്ഥലങ്ങളിൽ ഒരിടത്തുപോലും മാറ്റം ലഭിച്ചില്ല. ജൂനിയറായ പലർക്കും ആവശ്യപ്പെട്ട സ്റ്റേഷനുകളിൽ സീനിയോറിറ്റി മറികടന്ന് നിയമനം നൽകിയെന്ന ആക്ഷേപവുമുണ്ട്. 30 കിലോമീറ്ററിലധികം ദൂരെയുള്ള സ്ഥലങ്ങളിലേക്കാണ് പലർക്കും നിയമനം. പൊതുഗതാഗത നിയന്ത്രണം നിലനിൽക്കുന്നതിനാൽ ഇവിടങ്ങളിലേക്ക് എത്തിപ്പറ്റുന്നതിലെ ആശങ്കയും സേനാംഗങ്ങൾ മറച്ചുെവക്കുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.