ബൈ​പാ​സിൽ തിരുവല്ലത്തെ അപകട സാധ്യതയേറിയ ഭാഗം

തിരുവല്ലത്ത് വാഹനങ്ങൾ തലങ്ങും വിലങ്ങും

അമ്പലത്തറ: തിരുവല്ലത്ത് സമാന്തര പാലത്തിന്‍റെ നിർമാണം വൈകുന്നത് അപകടങ്ങളുടെ എണ്ണം കൂട്ടുന്നു. സമാന്തര പാലമില്ലാത്ത കാരണം തിരുവല്ലം ജങ്ഷന്‍ മുതല്‍ കരിമ്പുവിള വരെയുള്ള അര കിലോമീറ്ററോളം ഭാഗത്ത് ബൈപാസിലൂടെ വാഹനങ്ങള്‍ തലങ്ങുംവിലങ്ങും സഞ്ചരിക്കുന്ന അവസ്ഥയാണ്. പ്രതിദിനം ചെറുതും വലുതുമായി പത്തില്‍കൂടുതല്‍ അപകടങ്ങള്‍ ഇവിടെ പതിവാണ്. അശാസ്ത്രീയമായി തിരുവല്ലത്ത് ബൈപാസ് നിര്‍മിച്ചതാണ് അപകടങ്ങള്‍ക്ക് കാരണം. ഇത് തിരിച്ചറിഞ്ഞ ദേശീയപാത അതോറിറ്റി തിരുവല്ലത്ത് അടിയന്തരമായി മറ്റൊരു സമാന്തര പാലം കൂടി നിര്‍മിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും രണ്ടു വര്‍ഷം കഴിഞ്ഞിട്ടും പദ്ധതി കടലാസില്‍ ഒതുങ്ങിനില്‍ക്കുന്നു. പാലത്തിന്‍റെ എസ്റ്റിമേറ്റ് തയാറാക്കിയെങ്കിലും അംഗീകാരം ലഭിക്കാത്തതാണ് പാലം പണി വൈകാന്‍ കാരണമെന്ന് ദേശീയപാത അതോറിറ്റി അധികൃതര്‍ വ്യക്തമാക്കുന്നു. 10 കോടി രൂപ ചെലവില്‍ 110 മീറ്റര്‍ നീളത്തില്‍ പഴയ പാലം നിലനിര്‍ത്തി പുതിയ പാലം നിര്‍മിക്കാനാണ് എസ്റ്റിമേറ്റ് നല്‍കിയത്.

കോവളത്തുനിന്ന് പഴയ റോഡ് വഴി കിഴക്കേകോട്ടയിലേക്ക് പോകുന്നതും മുട്ടത്തറ നിന്ന് ബൈപാസ് വഴി കോവളത്തേക്ക് പോകുന്നതും പഴയ പി.ഡബ്ല്യു.ഡി പാലം വഴിയാണ്. നാലുവശത്തുനിന്നും വാഹനങ്ങള്‍ വരുന്നതിനാലാണ് അപകടങ്ങള്‍ തുടര്‍ക്കഥയായി മാറുന്നത്. നിലവില്‍ ഇവിടെ സിഗ്നല്‍ സംവിധാനവുമില്ല. മറ്റൊരു പാലം വന്നാല്‍ ബൈപാസില്‍ കയറാതെ സർവിസ് റോഡുകള്‍ വഴി വാഹനങ്ങള്‍ക്ക് നഗരത്തില്‍ പ്രവശിക്കാന്‍ കഴിയും. 2019ലാണ് ഇവിടെ പാലമെന്ന ആശയം ദേശീയപാത അതോറിറ്റി മുന്നോട്ട് വെച്ചത്. കഴിഞ്ഞ വര്‍ഷം പുതിയ പാലം നിര്‍മിക്കാൻ തീരുമാനിച്ചെങ്കിലും വിവിധ കാരണങ്ങളാല്‍ ഇത് മുടങ്ങുകയായിരുന്നു.

ബൈപാസിലെത്തുന്ന വാഹനങ്ങള്‍ എവിടെ തിരിയണമെന്നറിയാതെ നട്ടം തിരിയുകയാണ്. പലയിടത്തും കൃത്യമായി ദിശാബോര്‍ഡുകളില്ല. കിഴക്കേ കോട്ടയില്‍ നിന്ന് അമ്പലത്തറ വഴി തിരുവല്ലം പരശുരാമസ്വാമി ക്ഷേത്രത്തിലേക്ക് വരുന്ന വാഹനങ്ങള്‍ പലപ്പോഴും കരിമ്പുവിള ഭാഗത്തെത്തി ബൈപാസില്‍ കയറുന്നതിനു പകരം വഴി അറിയാതെ ഇടയാര്‍ ഭാഗത്തേക്ക് പോകുന്ന റോഡിലേക്ക് കയറുന്ന അവസ്ഥയാണ്. ഇവിടെ കൃത്യമായി ദിശാസൂചന ബോര്‍ഡുകള്‍ വെക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടെങ്കിലും ഇതുവരെയും അധികൃതര്‍ അതിന് തയാറായിട്ടില്ല.

Tags:    
News Summary - thiruvallam traffic problem

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.