തിരുവനന്തപുരം: ഡിജിറ്റൽ ഇന്ത്യയുടെ 75 വിജയ മാതൃകകളിൽ തിരുവനന്തപുരം കോർപറേഷെൻറ സെപ്റ്റേജ് മാലിന്യ ശേഖരണ സംവിധാനവും ഇടംപിടിച്ചു. കേരളത്തിൽനിന്ന് പട്ടികയില്‍ ഇടംനേടിയ രണ്ടു പദ്ധതികളിലൊന്നാണിത്.
സെപ്റ്റേജ് ശേഖരിച്ച് കൊണ്ടുപോകുന്ന നൂറുകണക്കിന് തൊഴിലാളികളുടെ ജീവിതത്തിൽ മാറ്റമുണ്ടാക്കാൻ സാധിച്ചതിനൊപ്പം ജലസ്രോതസ്സുകൾ മലിനമാകുന്നതിൽനിന്ന് രക്ഷനേടാനും കോർപറേഷെൻറ ഇ-ഗവേണൻസ് പദ്ധതിയിലൂടെ സാധിച്ചെന്ന് കേന്ദ്ര സര്‍ക്കാറിെൻറ ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയം പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നു.
നേരത്തേ അനധികൃതമായി ശേഖരിച്ച് പൊതുസ്ഥലങ്ങളിൽ തള്ളിയിരുന്ന സെപ്റ്റേജ് മാലിന്യം ഇപ്പോൾ ഔദ്യോഗിക മേൽനോട്ടത്തിൽ നേരിട്ട് ശേഖരിച്ച് ശാസ്ത്രീയമായി സംസ്കരിക്കുകയാണ് ചെയ്യുന്നത്. നഗരസഭയുടെ സംവിധാനങ്ങളും പ്രവർത്തനരീതിയും റീ-എൻജിനീയറിങ് ചെയ്തതിനൊപ്പം ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, പൊതുജനങ്ങൾ, സേവനദാതാക്കൾ തുടങ്ങിയവരുടെ സമീപനത്തിലും ചിന്താധാരയിലും മാറ്റം കൊണ്ടുവരാനും ഈ പദ്ധതിക്ക് കഴിഞ്ഞതായി മന്ത്രാലയം പറയുന്നു.
സ്മാർട്ട് ട്രിവാൻഡ്രം മൊബൈൽ ആപ്ലിക്കേഷൻ വഴി തങ്ങളുടെ ബുക്കിങ്ങിെൻറ സ്ഥിതി അപ്പപ്പോൾ അറിയാം. സെപ്റ്റേജ് എടുക്കാനെത്തുന്ന വാഹനത്തിെൻറ നമ്പർ, ഡ്രൈവറുടെ വിവരങ്ങൾ, എത്തുന്ന സമയം എല്ലാം വിരൽത്തുമ്പിൽ ലഭിക്കും. കാൾ സെൻററിൽ വിളിച്ചോ ഓൺലൈൻ വഴിയോ പരാതി ബോധിപ്പിച്ചാൽ അപ്പോൾ തന്നെ പരിഹാരമുണ്ടാകുകയും ചെയ്യുന്നുണ്ടെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
2019 ഏപ്രിൽ 18നാണ് പദ്ധതിക്ക് തിരുവനന്തപുരം കോർപറേഷൻ തുടക്കമിട്ടത്. ഇതുവരെ 12 കോടി ലിറ്ററിലേറെ സെപ്റ്റേജ് മാലിന്യം ശേഖരിച്ച് ശാസ്ത്രീയമായി സംസ്കരിച്ചു. 9.83 കോടി രൂപയാണ് ഇതിനായി ആളുകൾ കോർപറേഷനിൽ അടച്ചത്. അതിൽ 2.3 കോടി രൂപ തിരുവനന്തപുരം കോർപറേഷെൻറ സർവിസ് ചാർജാണ്. 18 ശതമാനം ജി.എസ്.ടി കഴിഞ്ഞുള്ള തുക ടാങ്കർ ലോറിക്കാർക്കും നൽകി.
മുപ്പതോളം വാഹനങ്ങളാണ് ഇതിനായി ഓടുന്നത്. കോർപറേഷെൻറ രണ്ടു വാഹനം ഒഴികെ ബാക്കിയെല്ലാം ലൈസൻസോടെ ഓടുന്ന സ്വകാര്യ ടാങ്കറുകളാണ്. ബാങ്ക് അക്കൗണ്ട് വഴിയാണ് വാഹന ഉടമകൾക്ക് പണം കൈമാറുന്നത്. സര്‍ക്കാര്‍ നിർദേശപ്രകാരം തിരുവനന്തപുരം കോർപറേഷനു പുറമെ സമീപത്തെ 11 പഞ്ചായത്തുകളിലേക്കുകൂടി ഈ സേവനം വ്യാപിപ്പിച്ചിട്ടുണ്ട്.
24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കാള്‍സെൻറര്‍ വഴിയും (9496434488/ 0471 2377701) തിരുവനന്തപുരം നഗരപരിധിയില്‍ Smart Trivandrum മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയും തൊട്ടടുത്ത പഞ്ചായത്തുകളില്‍ https://smarttvm.tmc.lsgkerala.gov.in എന്ന ലിങ്ക് വഴിയും ബുക്ക് ചെയ്യാം. നഗരസഭയുടെ നേട്ടത്തിനു പിന്നിൽ പ്രവർത്തിച്ച മുഴുവന്‍ ജീവനക്കാരെയും മേയർ അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.