തിരുവനന്തപുരം: പൊലീസിനെ ആക്രമിച്ച് വിലങ്ങുമായി രക്ഷപ്പെട്ടയാളുൾപ്പെടെ രണ്ടുപേരെ ഫോർട്ട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവല്ലം പുഞ്ചക്കരി സ്വദേശി വിവേക് (21), കുര്യാത്തി എം.എസ്.കെ നഗർ സ്വദേശി സുധീഷ് (25) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. മണക്കാട്, കമലേശ്വരം ഭാഗങ്ങളിലെ കടകൾ അടിച്ചുതകർത്ത് കവർച്ച നടത്തിയ കേസിൽ സംശയത്തിെൻറ അടിസ്ഥാനത്തിൽ പുഞ്ചക്കരി സ്വദേശി വിവേകിനെ കഴിഞ്ഞ 24ന് തിരുവല്ലം വണ്ടിത്തടം ശാന്തിപുരം കോളനിയിൽനിന്ന് തിരുവല്ലം പൊലീസിെൻറ സഹായത്തോടെ കസ്റ്റഡിയിൽ എടുത്തിരുന്നു.
വിവേകിെൻറ കൂട്ടാളികൾ പൊലീസിനു നേരെ നാടൻ ബോംബെറിയുകയും തിരുവല്ലം പൊലീസ് സ്റ്റേഷൻ ജീപ്പ് തല്ലിത്തകർത്ത് കൈവിലങ്ങോടെ വിവേകിനെ രക്ഷപ്പെടുത്തിയിരുന്നു. തുടർന്ന്, ഡി.സി.പി ദിവ്യഗോപിനാഥ്, ഫോർട്ട് അസിസ്റ്റൻറ് കമീഷണർ പ്രതാപൻ നായർ എന്നിവരുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ച് നടത്തിയ അന്വേഷണത്തിലാണ് വിവേകും കൂട്ടുപ്രതിയായ സുധീഷും വലയിലായത്.
രാത്രി ബൈക്കിലെത്തിയ ഇവർ ൈകയിൽ കരുതിയിരുന്ന വെട്ടുകത്തി കൊണ്ട് ടെക്സ്റ്റൈൽ ഷോപ്പുകൾ അടിച്ചുതകർത്ത് വില പിടിപ്പുള്ള തുണിത്തരങ്ങൾ മോഷ്ടിക്കുകയായിരുന്നു. മണക്കാട്, കമലേശ്വരം പ്രദേശത്തുള്ള മൂന്നു കടകളിൽ ഇവർ കവർച്ച നടത്തി. കോവളം ആഴാകുളം ഭാഗത്തുെവച്ച് വീട്ടമ്മയുടെ സ്വർണമാല പിടിച്ചു പറിച്ചതും മത്സ്യത്തൊഴിലാളിയെ വെട്ടുകത്തി കാട്ടി മൊബൈൽ ഫോൺ കവർച്ച ചെയ്തതും ഇവരാണെന്ന് തെളിഞ്ഞിട്ടുണ്ട്. വിവേകിെൻറ വീട്ടിൽനിന്ന് ഒന്നര കിലോയോളം കഞ്ചാവും പിടിച്ചെടുത്തു.
ഇതരസംസ്ഥാനങ്ങളിൽ നിന്ന് കഞ്ചാവ് എത്തിച്ച് നഗരത്തിൽ വിൽപന നടത്തുന്ന സംഘാംഗങ്ങളാണ് ഇവരെന്ന് വ്യക്തമായി. ഈ മയക്കുമരുന്ന് വിൽപന സംഘത്തിൽപെട്ടവരാണ് ശാന്തിപുരം കോളനിയിൽ പൊലീസിനെ ആക്രമിച്ചത്. ഫോർട്ട് എസ്.എച്ച്.ഒ രാകേഷ്, എസ്.െഎമാരായ വിമൽ, അശാ രേഖ, സജു എബ്രഹാം, സെൽവിസ് രാജ്, സി.പി.ഒ മാരായ ബിനു, വിനോദ്, കണ്ണൻ, സാബു, ശരത്, ഷിബു, ഗിരീഷ് എന്നിവരാണ് അറസ്റ്റും മറ്റു നടപടികളും നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.