കനിവായി 'കനിവ് 108': ആംബുലന്‍സില്‍ യുവതിക്ക് പ്രസവം

തിരുവനന്തപുരം: ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ കനിവ് 108 ആംബുലന്‍സിനുള്ളില്‍ യുവതി പ്രസവിച്ചു. ചെങ്ങന്നൂര്‍ പെരിങ്ങാല വലിയപറമ്പില്‍ അഭിലാഷിന്റെ ഭാര്യ ശീതള്‍ (27) ആണ് ആണ്‍ കുഞ്ഞിന് ജന്മം നല്‍കിയത്. ഇപ്പോൾ കോട്ടയം ജനറല്‍ ആശുപത്രിയിലാണ് അമ്മയും കുഞ്ഞും കഴിയുന്നത്. കൃത്യസമയത്ത് പരിചരണം നല്‍കി അമ്മയേയും കുഞ്ഞിനേയും സുഖമായി ആശുപത്രിയിലെത്തിച്ച കനിവ് 18 ആംബുന്‍സ് എമര്‍ജന്‍സി മെഡിക്കല്‍ ടെക്‌നീഷ്യന്‍ സിജു തോമസ് നൈനാന്‍, പൈലറ്റ് രാഹുല്‍ മുരളീധരന്‍ എന്നിവരെ ആരോഗ്യ മന്ത്രി വീണ ജോര്‍ജ് അഭിനന്ദിച്ചു.

വെള്ളിയാഴ്ച പുലര്‍ച്ചെ 3.30നാണ് സംഭവം. ശീതളിന് പ്രസവ വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ബന്ധുക്കള്‍ ഉടന്‍ ചെങ്ങനൂര്‍ ജില്ല ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇവിടെ നിന്ന് വിദഗ്ധ ചികിത്സയ്ക്കായി ശീതളിനെ കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റാന്‍ ഡോക്ടര്‍ കനിവ് 108 ആംബുലന്‍സിന്റെ സേവനം തേടി. തിരുവനന്തപുരം ടെക്‌നോപാര്‍ക്കിലെ കണ്‍ട്രോള്‍ റൂമില്‍ നിന്ന് സന്ദേശം ചെങ്ങനൂര്‍ ജില്ലാ ആശുപത്രിയിലെ കനിവ് 108 ആംബുലന്‍സിന് കൈമാറി. ആംബുലന്‍സ് ജീവനക്കാര്‍ ഉടന്‍ ആശുപത്രിയിലെത്തി ശീതളുമായി കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് യാത്ര തിരിച്ചു.

കോട്ടയം നഗരത്തില്‍ എത്തിയപ്പോഴേക്കും ശീതളിന്റെ ആരോഗ്യനില കൂടുതല്‍ വഷളായി. എമര്‍ജന്‍സി മെഡിക്കല്‍ ടെക്‌നീഷ്യന്‍ സിജുവിൻെറ പരിശോധനയില്‍ പ്രസവം എടുക്കാതെ മുന്നോട്ട് പോകാന്‍ കഴിയുന്ന സാഹചര്യമല്ല എന്ന് മനസിലായി. തുടർന്ന് സജ്ജീകരണങ്ങള്‍ ഒരുക്കി. സിജുവിന്റെ പരിചരണത്തില്‍ അഞ്ചു മണിയോടെ ശീതള്‍ കുഞ്ഞിന് ജന്മം നല്‍കി. പ്രഥമ ശുശ്രൂക്ഷ നല്‍കിയ ശേഷം ഉടന്‍ തന്നെ അമ്മയെയും കുഞ്ഞിനെയും സമീപത്തെ കോട്ടയം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. അഭിലാഷ്, ശീതള്‍ ദമ്പതികളുടെ രണ്ടാമത്തെ കുഞ്ഞാണ് ഇത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.