മെഡിക്കല്‍ കോളജ്: തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ വിമന്‍സ് ഹോസ്റ്റല്‍ പരിസരം കാടുകയറിയ നിലയിൽ. എം.ബി.ബി.എസ്, പി.ജി വിദ്യാര്‍ഥികള്‍ താമസിക്കുന്ന ഹോസ്റ്റലിനു സമീപമാണ് കാടുകയറിയത്. തോരാതെ പെയ്യുന്ന മഴയില്‍ കൊതുകിന്റെയും ഈച്ചയുടെയും ശല്യവും വർധിച്ചു.
പരിസരം ഇഴജന്തുക്കളുടെയും തെരുവുനായ്ക്കളുടെയും താവളമായി മാറി. അധികൃതരുടെ ശ്രദ്ധയില്‍പെടുത്തിയിട്ടും യാതൊരുവിധ നടപടിയും ഉണ്ടാകുന്നില്ലെന്നാണ് അന്തേവാസികളുടെ പരാതി.
ഹോസ്റ്റല്‍ പരിസരത്തെ ഇരിപ്പിടങ്ങള്‍ പൊട്ടിപ്പൊളിഞ്ഞ് ചളി നിറഞ്ഞു കിടക്കുന്നു. പ്രവേശന കവാടത്തിനു സമീപത്തുകൂടി പോയാല്‍ പിന്നിലായി ഭയാനകമായ തരത്തില്‍ കാടുമൂടികിടക്കുന്നതു കാണാം. ഇവിടെയാണ് പാമ്പുകളും എലിയും പെരുച്ചാഴികളുമുള്ളത്. മതിലും ഗേറ്റും വള്ളിപ്പടര്‍പ്പുകൾ നിറഞ്ഞ് തിരിച്ചറിയാന്‍ കഴിയാത്ത അവസ്ഥയിലായി. പരിസരത്ത് തെരുവുവിളക്കുകള്‍ പ്രകാശിക്കാത്തതും ഭീതി കൂട്ടുന്നു. കാടുമൂടിയതിനാലും തെരുവുവിളക്കുകള്‍ കത്താത്തതിനാലും വിദ്യാര്‍ഥികള്‍ക്ക് രാത്രിയായാല്‍ പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയാണ്.
സുരക്ഷക്കായി ഒന്നോ രണ്ടോ കാമറകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും പ്രവര്‍ത്തിക്കുന്നുണ്ടോ എന്ന കാര്യം സംശയമാണ്. അധികൃതര്‍ ഇടപെട്ട് ഹോസ്റ്റലിന്റെ പരിസരത്തെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാണ് ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.