തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പിൽ ഈസിയായി ബി.ജെ.പി ജയിക്കുമെന്ന് പ്രതീക്ഷിച്ചവർക്ക് തെറ്റുകയാണെന്ന് കോൺഗ്രസ് പ്രവർത്തക സമിതിയംഗം എ.കെ. ആന്റണി. ഇൻഡ്യ സഖ്യം ശക്തമായി മുന്നോട്ടുപോവുകയാണ്. രാഹുൽ മത്സരിക്കുന്നത് പ്രധാനമന്ത്രിയാകാനല്ല. രാജ്യവും ഭരണഘടനയും കാത്തുസൂക്ഷിക്കാനുള്ള പടയോട്ടമാണ് അദ്ദേഹം നടത്തുന്നത്.
മാധ്യമപ്രവർത്തകൻ എൻ. അശോകൻ രചിച്ച ‘രാഹുൽ ഗാന്ധി, വെല്ലുവിളികളിൽ പതാറാതെ’ പുസ്തകം പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം. ബി.ജെ.പി അവരുടെ എല്ലാ മെഷിനറികളും രാഹുലിനെതിരെ ഉപയോഗിക്കുന്നു. പപ്പു, പപ്പു എന്ന് വിളിച്ച് തേജോവധം ചെയ്യുന്നു. ഇന്നല്ലെങ്കിൽ നാളെ ഇന്ത്യ രാഹുലിന്റെ കരങ്ങളിൽ ഭദ്രമാകുന്ന കാലംവരും. താൻ നെഹ്റു കുടുംബത്തിന്റെ അന്ധനായ അനുയായിയാണെന്ന് പറയുന്നുവരുണ്ട്.
ആ കുടുംബവുമായി തനിക്ക് ആഴത്തിലുള്ള ബന്ധമുണ്ട്. വീട്ടിൽ തോക്കുമായി കാവൽനിൽക്കുന്നവരെ മാറ്റണമെന്ന് ഇന്ദിരഗാന്ധിയെ രഹസ്യാന്വേഷണ ഏജൻസികൾ അറിയിച്ചിരുന്നു. ഇന്ദിര അതിന് തയാറായില്ല. ഒരു പ്രത്യേക മതവിഭാഗത്തിൽപെട്ട സുരക്ഷ ജീവനക്കാരെ മാറ്റുന്നത് നല്ല സന്ദേശമല്ലെന്ന് ഇന്ദിര പറഞ്ഞു.
ഏത് നിമിഷവും കൊല്ലപ്പെടുമെന്ന് അവർക്കറിയാമായിരുന്നു. മരിക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പ് ഭുവനേശ്വറിൽ സംസാരിക്കുമ്പോൾ രാജ്യത്തിനായി രക്തംചിന്താൻ തയാറാണെന്ന് ഇന്ദിര പറഞ്ഞു. മതേതരത്വത്തിനായി ജീവൻ ത്യജിക്കാൻ തയാറായ കുടുംബമാണത്.
കോൺഗ്രസ് കുറഞ്ഞ സീറ്റുകളിൽ മത്സരിക്കുന്ന തെരഞ്ഞെടുപ്പാണിത്. നേതാക്കൾക്ക് അത് ഉൾക്കൊള്ളാൻ കഴിഞ്ഞില്ലെന്നറിയാം. മോദിയുടെ ഭരണത്തിന് അറുതിവരുത്താൻ 28 പാർട്ടികളെ കോർത്തിണക്കി മുന്നോട്ടുപോവുകയാണെന്നും ആൻറണി പറഞ്ഞു. യോഗം കെ.പി.സി.സി ആക്ടിങ് പ്രസിഡന്റ് എം.എം. ഹസൻ ഉദ്ഘാടനം ചെയ്തു. ജാൻസി ജയിംസ്, സണ്ണിക്കുട്ടി എബ്രഹാം, ടി.കെ. രാജീവ് കുമാർ, ചെറിയാൻ ഫിലിപ് തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.