വട്ടിയൂര്‍ക്കാവ്: വട്ടിയൂര്‍ക്കാവിന് സമീപം മേലത്തുമേലെ ജങ്ഷനില്‍ പടുകൂറ്റന്‍ ആല്‍മരം കടപുഴകി വന്‍ അപകടം ഒഴിവായി. രണ്ട് സ്കൂട്ടര്‍ യാത്രികര്‍ രക്ഷപ്പെട്ടത് തലനാരിഴക്ക്. മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. കൂറ്റന്‍ ആല്‍മരം മുറിച്ചുമാറ്റിയത് നാലര മണിക്കൂറിലേറെ സമയം ചെലവഴിച്ച്.
മരം മുറിച്ചുനീക്കണമെന്ന് നാട്ടുകാര്‍ നല്കിയ നിരവധി നിവേദനങ്ങള്‍ക്ക് പരിഹാരം ഉണ്ടായില്ലെന്ന് വ്യാപക പരാതി. വെള്ളിയാഴ്ച പുലര്‍ച്ച അഞ്ചുമണിയോടെയാണ് വന്‍ ശബ്ദത്തോടെ വര്‍ഷങ്ങള്‍ പഴക്കം ചെന്ന ആല്‍മരം വേരോടെ പിഴുതുവീണത്. സംഭവസമയത്ത് ഇതുവഴി സഞ്ചരിക്കുകയായിരുന്ന വട്ടിയൂര്‍ക്കാവ് സ്വദേശികളായ കിരണ്‍കുമാര്‍, സന്തോഷ് എന്നിവര്‍ തലനാരിഴക്കാണ് രക്ഷപ്പെട്ടത്.
ഓടിക്കൊണ്ടിരുന്ന സ്കൂട്ടറിലേക്ക് ആല്‍മരത്തിന്റെ ശിഖരം പതിച്ച് സന്തോഷിന്റെ താടിയെല്ലിന് പരിക്കേറ്റു. കിരണ്‍കുമാര്‍ രക്ഷപ്പെടുകയായിരുന്നു. മണ്ണാംമൂല ജങ്ഷന് സമീപം ജിംനേഷ്യം നടത്തിവരുകയാണ് കിരണ്‍കുമാര്‍.
നിരന്തരം പരാതികള്‍ ലഭിച്ചതിനെത്തുടര്‍ന്ന് ഫയര്‍ഫോഴ്സ് അധികൃതര്‍ കാലാകാലം ആല്‍മരത്തിന്റെ ശിഖരങ്ങള്‍ നീക്കം ചെയ്തുകൊണ്ടിരുന്നുവെങ്കിലും മരം തീര്‍ത്തും അപകടാവസ്ഥയിലായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. ആല്‍മരം ഇലക്ട്രിക് ലൈനിന് മുകളിലേക്ക് വീണെങ്കിലും ലൈന്‍ പൊട്ടിവീഴാത്തത് വന്‍ അപകടം ഒഴിവാക്കി.
നാട്ടുകാര്‍ വിവരം പൊലീസിലും ഫയര്‍ഫോഴ്സിലും അറിയിച്ചതിനെത്തുടര്‍ന്ന് അവര്‍ സ്ഥലത്തെത്തി സുരക്ഷാനടപടികള്‍ സ്വീകരിച്ചു. തിരുവനന്തപുരം ഫയര്‍ സ്റ്റേഷന് ഓഫിസില്‍ നിന്ന് അസി. സ്റ്റേഷന് ഓഫിസര്‍ ഷാജി ഖാന്റെ നേതൃത്വത്തിലുള്ള സംഘം എത്തി നാലര മണിക്കൂറോളം പരിശ്രമിച്ചാണ് മരത്തിന്റെ ശിഖരങ്ങള്‍ മുറിച്ചുമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.