തിരുവനന്തപുരം: നാലാംദിനം വോട്ടെണ്ണാൻ ഒരുങ്ങി തലസ്ഥാനവും. ആറ്റിങ്ങൽ, തിരുവനന്തപുരം ലോക്സഭ മണ്ഡലങ്ങൾക്കായി നാലാഞ്ചിറ മാർ ഇവാനിയോസ് വിദ്യാനഗർ കാമ്പസിലാണ് വോട്ടെണ്ണൽ കേന്ദ്രം. ജൂണ്‍ നാലിനാണ് വോട്ടെണ്ണൽ. മുഖ്യതെരഞ്ഞെടുപ്പ് ഓഫിസര്‍ സഞ്ജയ് കൗള്ളിന്റെ മേൽനോട്ടത്തിൽ ഇവിടെ വിവിധ സ്ഥാപനങ്ങളിൽ ക്രമീകരിച്ച വോട്ടിങ് യന്ത്രങ്ങള്‍ സൂക്ഷിച്ച സ്ട്രോങ് റൂമുകളുടെ സുരക്ഷയും വോട്ടെണ്ണല്‍ പ്രക്രിയക്കുള്ള ഒരുക്കവും അവലോകനം ചെയ്തു.
കേന്ദ്ര തെരഞ്ഞടുപ്പ് കമീഷന് നിര്‍ദേശിച്ച 21 പോയന്റുകളുടെ അടിസ്ഥാനത്തിലായിരുന്നു അവലോകനം. കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്റെ നിര്‍ദേശപ്രകാരമുള്ള ത്രിതല സുരക്ഷാ സംവിധാനമാണ് സ്ട്രോങ് റൂമുകൾക്ക് ഏർപ്പെടുത്തിയത്. സ്ട്രോങ് റൂമുകളുടെ 100 മീറ്റര്‍ അകലെനിന്ന് ആരംഭിക്കുന്ന ആദ്യ സുരക്ഷാവലയത്തില്‍ സംസ്ഥാന പൊലീസും രണ്ടാം വലയത്തില്‍ സംസ്ഥാന സായുധ സേനയും മൂന്നാം വലയത്തില്‍ കേന്ദ്ര സായുധ സേനയുമാണ് സുരക്ഷ ഒരുക്കുന്നത്. സ്ട്രോങ് റൂമിന് പുറത്ത് പ്രവേശനകവാടങ്ങള്‍, സ്ട്രോങ് റൂം ഇടനാഴികള്‍, സ്ട്രോങ് റൂമില്‍നിന്ന് വോട്ടെണ്ണല്‍ ഹാളിലേക്കുള്ള വഴി, വോട്ടെണ്ണല്‍ ഹാള്‍, ടാബുലേഷന്‍ ഏരിയ എന്നിവിടങ്ങളെല്ലാം 24 മണിക്കൂറും സി.സി ടി.വി നിരീക്ഷണത്തിലാണ്.
സ്ട്രോങ് റൂമുകളും കൃത്യമായ ഇടവേളകളില്‍ ഉദ്യോഗസ്ഥര്‍ സന്ദര്‍ശിച്ച് സുരക്ഷ ഉറപ്പുവരുത്തി സന്ദര്‍ശക രജിസ്റ്റര്‍ സൂക്ഷിക്കുന്നുണ്ട്. എല്ലാ കേന്ദ്രങ്ങളിലും അഗ്നിരക്ഷാ സൗകര്യങ്ങളും അസൗകര്യങ്ങളും സേവനവും ലഭ്യമാണ്. വോട്ടെണ്ണലിനുള്ള മേശകള്‍, കൗണ്ടിങ് ഏജന്റുമാര്‍ക്ക് ഇരിക്കാനുള്ള സ്ഥലം എന്നിവ സജ്ജമാക്കിയതോടൊപ്പം വോട്ടണ്ണല്‍ തീയതി, സമയം, സ്ഥലം എന്നിവ സ്ഥാനാര്‍ഥികളെയും അവരുടെ ഏജന്റുമാരെയും ഫോം എം 22 പ്രകാരം അറിയിച്ചു. കൗണ്ടിങ് ഏജന്റുമാരുടെ ഫോട്ടോ അടക്കമുള്ള വിവരങ്ങള്‍ ഫോം 18ല്‍ അറിയിക്കാനും സ്ഥാനാര്‍ഥികള്‍ക്ക് നിര്‍ദേശം നല്കി.
കാലതാമസം കൂടാതെ വോട്ടെണ്ണല്‍ പ്രക്രിയ പൂര്‍ത്തീകരിക്കാനും ഫലം പ്രഖ്യാപിക്കാനും ആവശ്യമായത്ര വോട്ടെണ്ണല്‍ ഹാളുകളും മേശകളും സജ്ജമായി. സര്‍വിസ് വോട്ടര്‍മാരുടെ ഇലക്ട്രോണിക് പോസ്റ്റല്‍ ബാലറ്റുകള്‍ എണ്ണുന്നതിന് ആവശ്യമായ ക്യു.ആര് കോഡ് സ്കാനറുകളും കമ്പ്യൂട്ടര്‍ സംവിധാനങ്ങളും ലഭ്യമാക്കി പരിശോധിച്ച് പ്രവര്‍ത്തനക്ഷമത ഉറപ്പുവരുത്തി. വോട്ടെണ്ണലും ഫലപ്രഖ്യാപനവും സുഗമമായി പൂര്‍ത്തീകരിക്കുന്നതിന് ആവശ്യമായ ജീവനക്കാരെ നിയമിച്ചു. ജീവനക്കാരുടെ ആദ്യ റാന്ഡമൈസേഷന് മേയ് 17ന് പൂര്‍ത്തിയായി. രണ്ടാം റാന്‍ഡമൈസേഷനും മൂന്നാം റാന്‍ഡമൈസേഷനും ജൂണ്‍ മൂന്നിന് രാവിലെ എട്ട് മണിക്കും ജൂണ്‍ നാലിന് രാവിലെ അഞ്ച് മണിക്കും നടക്കും.
തപാല്‍വോട്ട് അടക്കമുള്ളവയുടെ വോട്ടെണ്ണലിന് ആവശ്യമായ അഡീഷനല്‍ റിട്ടേണിങ് ഓഫിസര്‍മാരെ നിയമിക്കും. വോട്ടെണ്ണല്‍ ജീവനക്കാര്‍ക്കുള്ള ആദ്യഘട്ട പരിശീലനം മേയ് 22നും 23നും രണ്ടാംഘട്ട പരിശീലനം മേയ് 28നും പൂര്‍ത്തിയായി. അവസാനഘട്ട പരിശീലനം ജൂണ്‍ ഒന്നിന് നടക്കും. മത്സരഫലങ്ങള്‍ തടസ്സം കൂടാതെ തത്സമയം ലഭ്യമാക്കുന്നതിന് എന്‍കോര്‍, ഇ.ടി.പി.ബി.എം.എസ് ടീമുകള്‍ക്ക് ആവശ്യമായ പരിശീലനവും സൗകര്യങ്ങളും ഒരുക്കി. ടാബുലേഷന്‍ നടപടികളുടെ ഡ്രൈ റണ്‍ മേയ് 25ന് നടന്നു.
വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനത്തിന് എക്സിക്യൂട്ടിവ് മജിസ്ട്രേറ്റിന്റെ നേതൃത്വത്തിൽ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി. വോട്ടെണ്ണുന്ന ഉദ്യോഗസ്ഥര്‍ക്കും കൗണ്ടിങ് ഏജന്റുമാര്‍ക്കും തിരിച്ചറിയല്‍ കാര്‍ഡുകള്‍ നല്‍കും. ഓരോ മേശയിലും ഓരോ ഘട്ടത്തിലും എണ്ണുന്ന വോട്ടിങ് യന്ത്രങ്ങളുടെ പട്ടിക സ്ഥാനാര്‍ഥികള്‍ക്ക് നല്‍കും. തത്സമയ ഫലം ലഭ്യമാക്കുന്നതിന് ആവശ്യമായ ടെലഫോണ്‍, കമ്പ്യൂട്ടര്‍, ഫാക്സ്, ഇന്റര്‍നെറ്റ് എന്നിവ അടക്കമുള്ള കമ്യൂണിക്കേഷന്‍ റൂമുകളും വോട്ടെണ്ണല്‍ കേന്ദ്രത്തിൽ ഒരുക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.