തിരുവനന്തപുരം: അവധിക്കാലത്തിനായി മൃഗശാല വീണ്ടും സജീവമാകുമ്പോഴും ക്ഷയരോഗഭീഷണി ആശങ്കയായി നിലനിൽക്കുന്നു. ക്ഷയരോഗം ബാധിച്ച് മാനും പുള്ളിമാനും കൃഷ്ണമൃഗങ്ങളുമടക്കം ചത്തിട്ടും പ്രതിരോധ പ്രവർത്തനങ്ങൾ കാര്യക്ഷമമാകുന്നില്ലെന്നാണ് പരാതികൾ. ഒരു വർഷത്തിനിടെ മാത്രം 127 മൃഗങ്ങളാണ് ഇവിടെ ചത്തത്.
കഴിഞ്ഞ ഒരാഴ്ചക്കിടെ, ഒരു ഡസനിലധികം മൃഗങ്ങൾ ക്ഷയരോഗം ബാധിച്ച് ചത്തു. കടുത്ത വേനലും പ്രതിസന്ധി സൃഷിക്കുന്നു. വേനലിൽ നിന്ന് രക്ഷനേടാൻ തണുത്ത അന്തരീക്ഷവും തണുത്ത ഭക്ഷണവും മൃഗങ്ങൾക്ക് നൽകുന്നുണ്ട്. എന്നാൽ, പരിചരണത്തിലെ പിഴവും പരിപാലനത്തിലെ വീഴ്ചകളുമാണ് മൃഗങ്ങളുടെ കൂട്ടമരണത്തിന് കാരണമെന്ന് ആരോപണമുണ്ട്.
സ്കൂളുകൾ അടച്ചതോടെ കുട്ടികളും മുതിർന്നവരും ധാരാളമായി മൃഗശാല കാണാനെത്തുന്നുണ്ട്. എന്നാൽ, ഒഴിഞ്ഞ കൂടുകളാണ് അവരെ സ്വാഗതം ചെയ്യുന്നത്. മിക്ക മൃഗങ്ങളും ചത്തതോടെ ഭൂരിപക്ഷം കൂടുകളും കാലിയാണ്. പാമ്പുകളിലെ ആകർഷണ ഇനമായ അനാക്കോണ്ടകൾ ഏഴെണ്ണം ഉണ്ടായിരുന്നത് ഇപ്പോൾ രണ്ടായി ചുരുങ്ങി.
മൃഗശാലയിലേക്ക് പുതിയ മൃഗങ്ങളെ കൊണ്ടുവരുമെന്ന് അധികൃതർ പ്രഖ്യാപിച്ചിട്ട് കാലങ്ങളായി. ആഫ്രിക്കയിൽനിന്ന് ജിറാഫിനെ ഉൾപ്പെടെ കൊണ്ടുവരുമെന്നായിരുന്നു തീരുമാനം. സിംഹം, സീബ്ര തുടങ്ങിയവയെ എത്തിക്കുമെന്നും അറിയിച്ചിരുന്നു. നിലവിൽ പുതുതായി ഒരു മൃഗത്തിനെയുമെത്തിക്കാൻ കഴിയാത്ത സ്ഥിതിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.