തിരുവനന്തപുരം: പി.എസ്.സിയെയും എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിനെയും നോക്കുകുത്തിയാക്കി സി.പി.എമ്മിന്റെ സമാന്തര സംവിധാനമാണ് സംസ്ഥാനത്ത് നടക്കുന്നതെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശന്. ജോലിക്ക് നിയമിക്കേണ്ടവരുടെ പേര് ആവശ്യപ്പെട്ട് മേയര്‍ കത്തെഴുതിയത് പാര്‍ട്ടി സെക്രട്ടറിക്കാണ്. സി.പി.എം ജില്ല സെക്രട്ടറി ആനാവൂര്‍ നാഗപ്പനെന്നാണ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് ഡയറക്ടറായതെന്ന് അദ്ദേഹം ചോദിച്ചു.
നിയമനം നല്‍കുന്നത് സി.പി.എമ്മിന്റെ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ നിന്നുമാണ്. കേരളത്തില്‍ പതിനായിരക്കണക്കിന് പാര്‍ട്ടിക്കാരെയാണ് ഇപ്രകാരം നിയമവിരുദ്ധമായി നിയമിച്ചിരിക്കുന്നതെന്ന് പ്രതിപക്ഷനേതാവ് ആരോപിച്ചു. പിന്‍വാതില്‍ നിയമനങ്ങള്‍ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് യു.ഡിഎഫിന്റെ നേതൃത്വത്തില്‍ നടത്തിയ സെക്രട്ടേറിയറ്റ് ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നിയമങ്ങളും കോടതിവിധികളും അട്ടിമറിക്കപ്പെടുന്നു. പാര്‍ട്ടി തീരുമാനം മാത്രം നടപ്പാക്കപ്പെടുന്നു. തിരുവനന്തപുരത്ത് പാര്‍ട്ടി ഓഫിസ് റെയ്ഡ് ചെയ്ത് മേയര്‍ അയച്ച കത്ത് പിടിച്ചെടുക്കേണ്ടതിന് പകരം സെക്രട്ടറിയെ താണുവണങ്ങി ഫോണ്‍ ചെയ്ത് മൊഴിയെടുക്കുന്നത് പരിതാപകരമാണ്. പാര്‍ട്ടിക്കാരായ കൊലപാതകികളുടെ കുടുംബത്തിനും പിന്‍വാതിലിലൂടെ നിയമനം നടത്തുന്നു. സര്‍വകലാശാലകളില്‍ സി.പി.എം ഉന്നത നേതാക്കളുടെ യോഗ്യതയില്ലാത്ത ഭാര്യമാര്‍ക്ക് പിന്‍വാതില്‍ നിയമനം നല്‍കാനാണ് സര്‍വകലാശാലകളില്‍ ഇഷ്ടക്കാരെ നിയമലംഘനത്തിലൂടെ വി.സിയാക്കുന്നതെന്നും പ്രതിപക്ഷനേതാവ് ആരോപിച്ചു.
യു.ഡി.എഫ് ജില്ല ചെയര്മാന് പി.കെ. വേണുഗോപാല്‍ അധ്യക്ഷത വഹിച്ചു. പി.കെ. കുഞ്ഞാലിക്കുട്ടി, പി.ജെ. ജോസഫ്, എ.എ. അസീസ്, അനൂപ് ജേക്കബ്, ഡി.സി.സി പ്രസിഡന്റ് പാലോട് രവി, എം. വിന്‍സന്റ് എം.എല്‍.എ, വി.എസ്. ശിവകുമാര്‍, എന്‍. ശക്തന്, ബീമാപള്ളി റഷീദ്, തോന്നയ്ക്കല്‍ ജമാല്‍, ഇറവൂര്‍ പ്രസന്നകുമാര്‍, എം.ആര്. മനോജ്, കൊട്ടാരക്കര പൊന്നച്ചന്, മനോജ്, എം.പി. സാജു, ആര്.എസ്. ഹരി, കാരയ്ക്കാമണ്ഡപം രവി, ജി. സുബോധന്‍, ജി.എസ്. ബാബു, വി. പ്രതാപചന്ദ്രന്, ടി. ശരത്ചന്ദ്ര പ്രസാദ്, നെയ്യാറ്റിന്‍കര സനല്‍, മണക്കാട് സുരേഷ്, എം.എ. വാഹിദ്, വര്‍ക്കല കഹാര്‍ എന്നിവര്‍ സംസാരിച്ചു. ആറ്റിപ്ര അനില്‍, ചെമ്പഴന്തി അനില്‍, എം. ശ്രീകണ്ഠന് നായര്‍, വിനോദ്സെന്‍, ആര്. ഹരികുമാര്‍, കെ. ജയകുമാര്‍, ആനക്കുഴി ഷാനവാസ് എന്നിവര്‍ നേതൃത്വം നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.