തിരുവനന്തപുരം: പൗരന്മാരെ തുല്യരായി പരിഗണിച്ച് നീതിയും ധര്‍മവും നടപ്പാക്കുമെന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറിയവര്‍ സ്വജനപക്ഷപാതവും അക്രമവും പ്രോത്സാഹിപ്പിക്കുന്നത് നിര്‍ഭാഗ്യകരവും വേദനജനകവുമാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല.
വൈജ്ഞാനിക മേഖലയില്‍ അറുപത് കൊല്ലത്തെ മികച്ചസേവനം പൂര്‍ത്തിയാക്കിയ തിരുവനന്തപുരം വലിയ ഖാസി ചേലക്കുളം മുഹമ്മദ് അബുല്‍ ബുഷ്റ മൗലവിയെ ആദരിക്കുന്നതിന് കേരള ഖത്തീബ്സ് ആന്‍ഡ് ഖാസി ഫോറം സംഘടിപ്പിച്ച സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രാജഭരണകാലത്തും അധികാരികൾ പണ്ഡിതരുടെ ഉപദേശങ്ങള്‍ സ്വീകരിക്കുമായിരുന്നു. ആരുടെയും ഉപദേശങ്ങള്‍ മുഖവിലക്കെടുക്കാതെ തന്നിഷ്ടപ്രകാരം പ്രവര്‍ത്തിക്കുന്നവര്‍ പിന്നീട് ഖേദിക്കേണ്ടി വരും. ജനാധിപത്യ ഇന്ത്യയുടെ സംസ്ഥാപനത്തിന് ഇസ്ലാം മതപണ്ഡിതര്‍ സമര്‍പ്പിച്ച സംഭാവനകള്‍ നിസ്തുലമാണ്. രാജ്യം പ്രതിസന്ധി നേരിടുന്ന ഘട്ടങ്ങളില്‍ കേരളത്തിലെ പണ്ഡിത സംഘടനകള്‍ സ്വീകരിക്കുന്ന നിലപാട് പ്രശംസനീയമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഫോറം പ്രസിഡൻറ് പാനിപ്ര ഇബ്റാഹീം മൗലവി അധ്യക്ഷത വഹിച്ചു. ദക്ഷിണ കേരള ജംഇയ്യതുല്‍ ഉലമ ജനറല്‍ സെക്രട്ടറി തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി, സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി, ആര്‍ച് ബിഷപ് ഡോ. സൂസപാക്യം, കടയ്ക്കല്‍ അബ്ദുല്‍ അസീസ് മൗലവി, പാച്ചല്ലൂര്‍ അബ്ദുസലീം മൗലവി, പി.എച്ച് അബ്ദുല്‍ ഗഫാര്‍ മൗലവി, കരമന അഷ്റഫ് മൗലവി, കുറ്റിച്ചല്‍ ഹസന് ബസരി മൗലവി, ഷാജഹാന് ദാരിമി പനവൂര്‍, വിഴിഞ്ഞം അബ്ദുറഹ്മാന് സഖാഫി, മാമം അബ്ദുൽ ലത്തീഫ് മൗലവി, വി.എം. ഫത്തഹുദ്ദീന്‍ റഷാദി, കെ.കെ. സുലൈമാന്‍ മൗലവി, എ. ആബിദ് മൗലവി, ഇ.പി അബൂബക്കര്‍ അല്‍ഖാസിമി, മൗലവി നവാസ് മന്നാനി പനവൂര്‍, കടുവയില്‍ ഷാജഹാന് മൗലവി എന്നിവർ സംസാരിച്ചു.
തൊടുപുഴ ഷഹനാസ് ഖാസിമി രചിച്ച 'സൈനുല്‍ ഉലമ ശൈഖുനാ'യെന്ന വലിയ ഖാസിയുടെ ജീവിത ചരിത്ര ഗ്രന്ഥം ചടങ്ങില്‍ പ്രതിപക്ഷനേതാവ് പ്രകാശനം ചെയ്തു. മണക്കാട് വലിയ പള്ളി ജമാഅത്ത് പ്രസിഡൻറ് മോഡേണ്‍ അബ്ദുല്‍ ഖാദര്‍ ഹാജി ഏറ്റുവാങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.