തിരുവനന്തപുരം: വിശ്വസനീയവും പഴുതുകളില്ലാത്തതുമായ ഓണ്‍ലൈന്‍ പരീക്ഷ സംവിധാനം വികസിപ്പിക്കാന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന് സർവകലാശാല വൈസ് ചാൻസലർമാർക്ക് നിർദേശം നൽകി. വൈസ് ചാന്‍സലര്‍മാരുടെ ഓണ്‍ലൈന്‍ സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
രഹസ്യാത്മകതയും നിഷ്പക്ഷതയും ഉറപ്പാക്കുന്ന സംവിധാനമാണ് ഓണ്‍ലൈന്‍ പരീക്ഷകള്‍ക്ക് ഉണ്ടാകേണ്ടത്. ഓണ്‍ലൈന്‍ പരീക്ഷയും ക്ലാസുമെല്ലാം ഇപ്പോഴത്തെയും വരുംകാലത്തെയും അനിവാര്യതയാണെന്നും 'സ്വയം' പോര്ട്ടല്പോലുള്ള സൗകര്യങ്ങള്‍ ഉപയോഗിച്ച് ഓണ്‍ലൈന്‍ ക്ലാസുകളുടെ എണ്ണം വർധിപ്പിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സര്‍വകലാശാലകളുടെ ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് വിദ്യാർഥികള്‍ക്കിടയില്‍ കൂടുതല്‍ പ്രചാരം നല്‍കണം.
ഓരോ പഠനവകുപ്പും അധ്യാപകരും ഓണ്‍ലൈന്‍ ക്ലാസുകളുടെ ശേഖരത്തിലേക്ക് ആവുന്നത്ര ക്ലാസുകള്‍ സംഭാവന ചെയ്യണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. ജോയൻറ് ഡിഗ്രി, സംയുക്ത ഗവേഷണം, ലേണിങ് മാനേജ്മെൻറ് സിസ്റ്റം എന്നിവയും യോഗം ചര്‍ച്ച ചെയ്തു. ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്മാന് ഡോ. രാജന് ഗുരുക്കള്‍, ഗവര്‍ണറുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ദേവേന്ദ്ര കുമാര്‍ ഡൊദാവത്, കേരള, എം.ജി, കാലിക്കറ്റ്, കണ്ണൂര്‍, കുസാറ്റ്, ശ്രീശങ്കര, കേരള കാര്‍ഷിക സര്‍വകലാശാല വി.സിമാര്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.