തിരുവനന്തപുരം: ഒഴിവുകൾ പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യൽ, എൻജിനീയർമാരുടെ സ്ഥലം മാറ്റം തുടങ്ങിയ വിഷയങ്ങളെച്ചൊല്ലി ജല അതോറിറ്റിയിൽ വിവാദത്തിര. അസി. എൻജിനീയർ തസ്തികയിലെ എൻ.ജെ.ഡി ഒഴിവുകൾ പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യുന്നതിലെ വീഴ്ചയാണ് ആദ്യം പരാതിക്കിടയാക്കിയത്. ഈ വിഷയത്തിൽ നടപടി ആവശ്യപ്പെട്ട് പരാതി നൽകിയ സംഘടനാ നേതാക്കൾക്കടക്കം കാരണം കാണിക്കൽ നോട്ടീസ് നൽകിയതോടെ വിവാദം മുറുകി. മുഖ്യമന്ത്രിക്കടക്കം അസോസിയേഷൻ ഓഫ് കേരള വാട്ടർ അതോറിറ്റിയാണ് (അക്വ) പരാതി നൽകിയത്.
അതിനിടെ, എൻ.ജെ.ഡി വിവാദത്തിൽ മുഖ്യമന്ത്രിയുടെ ഓഫിസ് ജല അതോറിറ്റിയിൽനിന്ന് വിശദീകരണം തേടി. 10 ദിവസത്തിനകം മറുപടി നൽകാനാണ് നിർദേശം. പുതുതായി 73 അസി. എൻജിനീയർമാരെ കഴിഞ്ഞയാഴ്ച നിയമിച്ചിരുന്നു. ഈ ഒഴിവുകൾ വരുന്നതിനുമുമ്പുള്ള അഞ്ച് എൻ.ജെ.ഡി ഒഴിവുകൾ പിഎസ്.സിക്ക് റിപ്പോർട്ട് ചെയ്തിരുന്നില്ല. 2017ൽ പുറത്തിറങ്ങിയ അസി. എൻജിനീയർ റാങ്ക് ലിസ്റ്റിൽനിന്ന് നിയമനം നടത്തിയപ്പോൾ ഈഴവ -രണ്ട്, ലാറ്റിൻ കാത്തലിക്-ഒന്ന്, വിശ്വകർമ -ഒന്ന്, ജനറൽ - ഒന്ന് എന്നിങ്ങനെ അഞ്ച് ഒഴിവുകളാണ് എൻ.ജെ.ഡി ആയിരുന്നത്.
ഈ ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നതിലാണ് വീഴ്ച വന്നത്. 2023ൽ പുറത്തിറങ്ങിയ അസി. എൻജിനീയർ റാങ്ക് ലിസ്റ്റിൽ നിന്ന് 2022 ഡിസംബർ 31വരെ റിപ്പോർട്ട് ചെയ്ത ഒഴിവുകളുടെ അടിസ്ഥാനത്തിൽ 73 പേർക്ക് അഡ്വൈസ് മെമ്മോ അയക്കുകയായിരുന്നു. ഇതിൽ ആറുപേർ ഡിപ്പാർട്മെന്റ് ക്വോട്ടയിൽ പെട്ടവരും 67 പേർ നേരിട്ടുള്ള ഡിഗ്രി ക്വോട്ടയിൽ പെട്ടവരുമാണ്. ഈ 67 ഒഴിവുകളിൽ മൂന്നെണ്ണം പി.എസ്.സി നേരത്തേ തന്നെ എൻ.ജെ.ഡിയായി ഉൾപ്പെടുത്തിയിരുന്നതാണ്. ബാക്കിയുള്ള 64 ഒഴിവുകൾ പുതിയ ഒഴിവുകളായാണ് റിപ്പോർട്ട് ചെയ്തത്.
നിലവിലെ റാങ്ക് ലിസ്റ്റിലുള്ളവർ പരാതി നൽകിയപ്പോഴാണ് ഇക്കാര്യം പുറത്തറിയുന്നത്. പരാതി ലഭിച്ച ശേഷവും വേണ്ടത്ര പരിശോധന നടത്താതെ നാല് ഒഴിവുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്തത്. വീണ്ടും പരാതിക്കാർ ഇക്കാര്യം ചൂണ്ടിക്കാണിച്ചപ്പോഴാണ് അഞ്ചാമത്തെ ഒഴിവ് റിപ്പോർട്ട് ചെയ്യുന്നത്. ഒഴിവുകൾ പി.എസ്.സിയെ യഥാസമയം അറിയിക്കാനുള്ള ചുമതല എച്ച്.ആർ.ഡി വിഭാഗത്തിലെ ഡെപ്യൂട്ടി ചീഫ് എൻജിനീയർ, ചീഫ് എൻജിനീയർ എന്നിവർക്കാണെന്നിരിക്കെ, അതുണ്ടായില്ലെന്ന ആക്ഷേപം ശക്തമാണ്. കഴിഞ്ഞ 27ന് നിയമന ഉത്തരവ് ലഭിച്ച പുതിയ അസി. എൻജിനീയർമാരിൽ പലരും 28, 29 തീയതികളിൽ വിവിധ ജില്ലകളിൽ ചുമതലയേറ്റിരുന്നു. എന്നാൽ, 30ന് ഇവരിൽ പലരെയും സ്ഥലം മാറ്റി വീണ്ടും ഉത്തരവിറക്കിയതും വിവാദത്തിന് കാരണമായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.