വർക്കല: വേനൽ തുടങ്ങിയതോടെ വർക്കല നഗരസഭ പരിധിയിലെ ഉയർന്ന പ്രദേശങ്ങളിൽ ജലക്ഷാമം കടുത്തു. വാട്ടർ അതോറിറ്റിയുടെ പൈപ്പ് ലൈനുകളെ മാത്രം ആശ്രയിക്കുന്ന കുടുംബങ്ങളാണ് കൂടുതൽ ദുരിതം നേരിടുന്നത്. കരുനിലക്കോട്, പുല്ലാന്നിക്കോട്, കണ്ണ്വാശ്രമം ഉൾപ്പെടെയുള്ള വാർഡുകളിലാണ് കടുത്ത ജല ക്ഷാമം നേരിടുന്നത്.
ഇവിടം ഉയർന്ന പ്രദേശമായതിനാൽ കിണർ കുത്താൻ വൻ തുകയാണ് വേണ്ടിവരുന്നത്. സാധാരണക്കാർ താമസിക്കുന്ന ഭൂരിഭാഗം വീടുകളിലും കിണറില്ല. പൈപ്പ് ലൈനുകളെയും പൊതുടാപ്പുകളെയുമാണ് ഇവർ ആശ്രയിച്ചിരുന്നത്.
രണ്ടു മാസം മുമ്പ് വർക്കല റെയിൽവേ സ്റ്റേഷന് സമീപം ഗുഡ്ഷെഡ് റോഡിൽ കേബിൾ കുഴിച്ചിടുന്നതിനിടെ വാട്ടർ അതോറിറ്റിയുടെ പൈപ്പുകൾ പൊട്ടി. പരിസരത്തെ നാലഞ്ചു വാർഡുകളിലേക്കുള്ള ശുദ്ധ ജലവിതരണം ആഴ്ചകളോളം മുടങ്ങി. ഇതിനെതുടർന്നാണ് ജലവിതരണത്തിന് ടാങ്കർ സർവിസ് ആരംഭിക്കാൻ നഗരസഭ കൗൺസിൽ യോഗം തീരുമാനിച്ചത്.
രൂക്ഷമായ ജലക്ഷാമം നേരിടുന്ന ഭാഗങ്ങളിൽ ടാങ്കുകളിൽ ശേഖരിച്ച കുടിവെള്ള വിതരണം ചെയ്യുന്നുണ്ട്. ജലക്ഷാമം മുതലെടുത്ത് സ്വകാര്യ കുടിവെള്ള സർവിസുകാർ അമിതവില ഈടാക്കുന്നുണ്ട്. വെള്ളമില്ലാതെ ജീവിതം ദുസ്സഹമാകുമ്പോൾ നാട്ടുകാർക്ക് സ്വകാര്യ സർവിസുകാരെ ആശ്രയിക്കാതെ പറ്റില്ല. സ്വകാര്യ ഏജൻസികൾ നിലവിൽ 500 ലിറ്റർ കുടിവെള്ളത്തിന് ആയിരം രൂപവരെ ഈടാക്കുന്നുണ്ട്. അമിത ജലചൂഷണവും നടക്കുന്നതായി പരാതി ഉയർന്നിട്ടുണ്ട്.
ജല ഉപഭോഗത്തിൽ വന്ന ഗണ്യമായ വർധനയാണ് പ്രതിസന്ധി വർധിപ്പിക്കുന്നതെന്ന് വാട്ടർ അതോറിറ്റി അധികൃതർ പറയുന്നു. പ്രതിദിനം 19 എം.എൽ.ഡി (മില്യൻ ലീറ്റർ പെർ ഡേ) വെള്ളമാണ് വാട്ടർ അതോറിറ്റിയുടെ പൈപ്പ് ലൈൻ വഴി വിതരണം ചെയ്യുന്നതെങ്കിലും ജനങ്ങളുടെ ആവശ്യം ഇതിലും ഏറെ വലുതാണ്.
ജലജീവൻ മിഷൻ പദ്ധതിയിൽ ഗാർഹിക പൈപ്പ് കണക്ഷനുകൾ കൂടിയിട്ടും ആനുപാതികമായി ജലസ്രോതസ്സ് കണ്ടെത്താനാകാത്തത് പോരായ്മയായി തുടരുന്നുണ്ട്. വർക്കല മേഖലയിൽ നഗരസഭക്ക് പുറമെ വെട്ടൂർ, ചെറുന്നിയൂർ, ഒറ്റൂർ, ഇലകമൺ, മണമ്പൂർ, ഇടവ, ചെമ്മരുതി, കരവാരം, മടവൂർ, പള്ളിക്കൽ, നാവായിക്കുളം പഞ്ചായത്തുകളാണ് വർക്കല വാട്ടർ അതോറിറ്റി സബ് ഡിവിഷന് കീഴിലുള്ളത്. ജലക്ഷാമവുമായി ബന്ധപ്പെട്ട പരാതികൾക്കായി വർക്കല വാട്ടർ അതോറിറ്റി പരാതി പരിഹാര സെൽ തുറന്നു. ഫോൺ നമ്പർ- 0470 2602402.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.