വർക്കല: തിങ്കളാഴ്ച രാത്രി മുതൽ ചൊവ്വാഴ്ച ഉച്ചവരെ തിമിർത്ത് പെയ്ത മഴയിൽ മേഖലയിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ടുകൾ രൂപപ്പെട്ടു. രണ്ട് വീടുകളും ഒരു കിണറും തകർന്നു. ചെറുന്നിയൂർ കട്ടിങ് വാർഡിൽ ഒലിപ്പുവിളവീട്ടിൽ രമണിയുടെ വീടാണ് പൂർണമായും തകർന്നുവീണത്. മൺകട്ട കൊണ്ട് കെട്ടിയ നേർത്ത ഭിത്തികളിന്മേൽ ഷീറ്റ് മേഞ്ഞ വീട്ടിലാണ് വൃദ്ധയായ രമണി താമസിച്ചുവന്നത്. വീടിന്റെ മുക്കാൽ ഭാഗവും കുതിർന്ന് നിലംപൊത്തി. സംഭവസമയം രമണി പുറത്തായിരുന്നതിനാൽ അപകടം ഒഴിവായി.
വർക്കല ജനാർദനപുരം മേലേഗ്രാമത്തിൽ അശ്വതിയിൽ പ്രേമലതയുടെ വീടിന്റെ മുക്കാൽ ഭാഗവും തകർന്നുവീണു. ആൾതാമസമില്ലാതെ പൂട്ടിക്കിടന്നതിനാൽ ഇവിടെയും അപകടം ഒഴിവാകുകയായിരുന്നു. കാറാത്തല കുന്നുവിളവീട്ടിൽ ലീലാംബികയുടെ വീട്ടുമുറ്റത്തെ കിണർ കുടുങ്ങി താഴ്ന്നു.
തിങ്കളാഴ്ച പകൽ വർക്കലയിലും സമീപ പഞ്ചായത്തുകളിലും ചാറ്റൽ മഴ മാത്രമേ ഉണ്ടായിരുന്നുള്ളൂ. മഴ മാറിയ ആശ്വാസത്തിലായിരുന്നു ആളകൾ. എന്നാൽ പാതിരാത്രി ഒന്നരയോടെയാണ് പിന്നെയും കനത്ത മഴ ഉണ്ടായത്. മഴക്കൊപ്പം കൊടുങ്കാറ്റിന് സമാനമായി കാറ്റും വീശിയടിച്ചു.
ഒന്നരക്ക് തുടങ്ങിയ മഴ പുലർച്ച മൂന്നരവരെ നിർത്താതെ പെയ്തു. അര മണിക്കൂർ ഇടവേളക്കുശേഷം നാലോടെ പിന്നെയും കനത്ത കാറ്റും മഴയുമായി. രൂക്ഷമായി വീശിയടിച്ച കാറ്റിൽ മരങ്ങൾ വ്യാപകമായി ഒടിഞ്ഞുവീണു. താഴ്ന്ന പ്രദേശങ്ങളും വെള്ളക്കെട്ടിലായി.
മഴ കനക്കുന്നപക്ഷം ഇടവയിലെ മേൽക്കുളം, പുന്നകുളം, കന്നിന്മേൽ, പൊട്ടക്കുളം, ചന്ദ്രത്തിൽ, ഇലകമണിലെ അയിരൂർ ഏല, നഗരസഭയിലെ വിളക്കുളം, ചിലക്കൂർ, വള്ളക്കടവ്, താഴേവെട്ടൂർ മേഖലകളാകെ ദുരിതത്തിലാകും. അയിരൂർ ആറ് നിറഞ്ഞൊഴുകുകയാണ്.
മംഗലപുരം: തിരുവനന്തപുരം പള്ളിപ്പുറത്ത് ദേശീയപാതയിൽ മണ്ണിടിച്ചിൽ. വലിയഅപകടം ഉണ്ടാകുമെന്ന ആശങ്കയിലാണ് യാത്രക്കാരും പ്രദേശവാസികളും. മംഗലപുരം പള്ളിപ്പുറത്ത് കുറക്കോട് ഒരാഴ്ച മുമ്പ് ടാങ്കർ ലോറി മറിഞ്ഞ സ്ഥലത്തിനുസമീപമാണ് മണ്ണിടിച്ചിലുണ്ടായത്. ദേശീയപാത നിർമാണത്തിനായി ഇരുപതടിയിലധികം താഴ്ചയിൽ നിലവിലെ പാതയിൽനിന്ന് മണ്ണിടിച്ചുമാറ്റിയിരിക്കുകയാണ്.
ദിവസങ്ങളായി തുടരുന്ന മഴയിൽ റോഡിന്റെ വശത്ത് മണ്ണിടിഞ്ഞതിനെത്തുടർന്ന് സംരക്ഷണത്തിനായി സ്ഥാപിച്ച ക്രാഷ് ബാരിയർ തകർന്നുതുടങ്ങി. മഴ കനക്കുന്നതോടെ മണ്ണിടിച്ചിൽ കൂടാനാണ് സാധ്യത. ഇങ്ങനെ വന്നാൽ കൂടുതലായി വാഹനങ്ങൾ അപകടത്തിൽപെടാൻ സാധ്യതയേറെയാണ്.
ഭാരമുള്ള വാഹനങ്ങൾ കടന്നുപോകുമ്പോൾ പലയിടത്തും മണ്ണ് അടർന്നുവീഴുന്നു. നിലവിൽ ആറ്റിങ്ങൽ ഭാഗത്തേക്ക് മാത്രമാണ് ഗതാഗതം അനുവദിച്ചിട്ടുള്ളത്. മണ്ണിടിച്ചിൽ കൂടുതലായാൽ ഇവിടേക്കുള്ള ഗതാഗതം പൂർണമായും വഴിതിരിച്ചുവിടേണ്ടി വരും. മതിയായ സുരക്ഷയൊരുക്കി റോഡുനിർമാണം നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.