വര്‍ക്കല: പൊതുനിരത്തുകൾ വീക്ഷിക്കാൻ നഗരത്തിൽ 14 കാമറകളുണ്ടായിട്ടും നഗരസഭയുടെ മാലിന്യശേഖരണം കൃത്യമായി നടന്നിട്ടും വർക്കല മേഖലയിലെ റോഡുകളിൽ മാലിന്യം തള്ളല്‍ വ്യാപകം. മാലിന്യം തള്ളുന്നവരെ കണ്ടെത്താന്‍ വിവിധയിടങ്ങളിലായാണ് 14 കാമറ സ്ഥാപിച്ചത്. ദൃശ്യങ്ങള്‍ പരിശോധിച്ച് കർശന നടപടിയെടുക്കാത്തതാണ് മാലിന്യം തള്ളൽ കുറയാത്തതിനു കാരണം. ഗാർഹികവും ഗാർഹികേതരവുമായ മാലിന്യം നിറച്ച പ്ലാസ്റ്റിക് ബാഗുകളും ചാക്കുകളും നഗരത്തിലെ പലയിടങ്ങളിൽ കൂടികിടന്ന് ദുർഗന്ധം വമിക്കുന്നു.
പുന്നമൂട്ടിലെ പബ്ലിക് മാര്‍ക്കറ്റിന് മുന്നിലുള്‍പ്പെടെ വിവിധ സ്ഥലങ്ങളില്‍ നിന്ന് വലിയ കവറുകളിലാക്കി മാലിന്യം കൊണ്ടിടുന്നത് പതിവാണ്. ഇവിടെ നിന്ന് നഗരസഭയുടെ ശുചീകരണ തൊഴിലാളികള്‍ മാലിന്യം പതിവായി ശേഖരിക്കുന്നതിനാല്‍ സമീപ പഞ്ചായത്തില്‍ നിന്നുവരെ ഇവിടെ മാലിന്യം കൊണ്ടിടുന്നു.
പൊതു ഇടങ്ങളിലെ മാലിന്യം തള്ളലിന് തടയിടാനായി 9.75 ലക്ഷം രൂപ മുടക്കി ഏഴ് ഇടങ്ങളിൽ നഗരസഭ മുന്തിയതരം കാമറകള്‍ സ്ഥാപിച്ചു. നഗരസഭ ബസ് സ്റ്റാന്‍ഡ്, പുന്നമൂട് മാര്‍ക്കറ്റ്, തൊടുവെ, ഗവ. എല്‍.പി.ജി സ്കൂളിന് സമീപം, ഗസ്റ്റ് ഹൗസ് റോഡ്, മുണ്ടയില്‍, കാക്കോട്മുക്ക് മിനി എം.സി.എഫുകള്‍ക്ക് സമീപം എന്നിവിടങ്ങളിലാണ് കാമറയുള്ളത്. ഈ ഭാഗങ്ങളില്‍ ഇപ്പോഴും ആളുകൾ മാലിന്യം ചാക്കിലാക്കി വലിച്ചെറിയുന്നു. രാത്രി കാലങ്ങളിൽ വാഹനങ്ങളിൽ കൊണ്ടുവന്നു തള്ളുന്നതും പതിവായി.
പുന്നമൂട് മാര്‍ക്കറ്റിന് സമീപത്തെ ട്രാന്‍സ്ഫോര്‍മറിന് മുന്നിലാണ് ഏറ്റവുമധികം മാലിന്യം കൊണ്ടുവന്നിടുന്നത്. ചന്തയില്‍ നിന്നുള്ള മാലിന്യങ്ങളേക്കാള്‍ മറ്റിടങ്ങളില്‍ നിന്നുള്ളവയാണ് കൂടുതലായി തള്ളുന്നത്. ഇടവ, ഓടയം, കാപ്പിൽ ഭാഗത്തെ റിസോര്‍ട്ടുകള്‍, ഭക്ഷണശാലകള്‍ എന്നിവിടങ്ങളില്‍ നിന്ന് സ്ഥിരമായി ഇവിടെ മാലിന്യ ചാക്കുകൾ കൊണ്ടുവന്നിടുന്നു. ഇടവയില്‍ മാലിന്യശേഖരണത്തിന് സംവിധാനമില്ലാത്തതിനാല്‍ എളുപ്പവഴിയായി മാലിന്യച്ചാക്കുകൾ പുന്നമൂട്ടിലെത്തിച്ച് തള്ളുന്നു. എല്ലാത്തരം മാലിന്യങ്ങളും ഇവിടെയെത്തുന്നുണ്ട്. റോഡിലേക്ക് വീണുകിടക്കുന്ന മാലിന്യങ്ങളില്‍ വാഹനങ്ങള്‍ കയറിയിറങ്ങിയും തെരുവുനായകള്‍ കടിച്ചുവലിച്ചിട്ടും പരിസരമാകെ മലീമസമാക്കുന്നുണ്ട്.
മുമ്പ് നഗരസഭയുടെ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥര്‍ രാത്രികാല പരിശോധന നടത്തി നടപടി സ്വീകരിച്ചിരുന്നു. മാലിന്യവുമായി എത്തുന്ന വാഹനങ്ങളെ കാമറ ദൃശ്യങ്ങള്‍ പരിശോധിച്ച് കണ്ടെത്താനുള്ള ശ്രമവും ഉപേക്ഷിച്ചു. മാലിന്യനിക്ഷേപം നടത്തിയ നമ്പര്‍ ലഭ്യമായ ഏഴ് വാഹനങ്ങളുടെ വിവരങ്ങള്‍ ലഭ്യമാക്കുന്നതിന് ആര്.ടി.ഒക്ക് കത്ത് നല്‍കിയെന്നാണ് ഇതേക്കുറിച്ച് വിവരവകാശ നിയമപ്രകാരം ചോദിച്ചപ്പോള്‍ നഗരസഭ അപേക്ഷകന് നല്കിയ മറുപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.