വർക്കല: പണി പൂർത്തിയായ വീടിന് കോൺക്രീറ്റ് സൈഡ് വാൾ നിർമിക്കുന്നതിനിടെ സമീപത്തെ കുന്നിടിഞ്ഞ് തൊഴിലാളി മരിച്ചു. ഒരാൾക്ക് പരിക്ക്. നാലു പേർ ഓടി രക്ഷപ്പെട്ടു. കോല്ലം പരവൂർ പോളച്ചിറ വാറുവിള വീട്ടിൽ രാജേന്ദ്രന്‍റെയും സുശീലയുടെയും മകൻ സുബി എന്നുവിളിക്കുന്ന വികാസ് (34) ആണ് മരിച്ചത്.
പോളച്ചിറ അതിരുവിള വീട്ടിൽ ഉണ്ണി (40) ക്ക് സാരമായി പരിക്കേറ്റു. വ്യാഴാഴ്ച വൈകീട്ട് നാലരയോടെ വെട്ടൂർ മേൽവെട്ടൂർ ഉദയം നഗറിലാണ് അപകടം. ഉദയം നഗറിൽ ബാബു വിലാസത്തിൽ ബാബുവിന്‍റെ പണി പൂർത്തിയായ വീട്ടുമറ്റത്ത് കോൺക്രീറ്റ് മതിൽ നിർമിക്കുന്നതിനിടെയാണ് സമീപത്തെ ഇരുപത് അടിയോളം ഉയരത്തിലുണ്ടായിരുന്ന കുന്നിടിഞ്ഞത്. ബാബുവിന്‍റെ മകന്‍റെ പുരയിടത്തിലെ കുന്നിന്‍റെ അരികുവശമാണ് അടർന്നു താഴേക്ക് വീണത്. സൈഡ് വാൾ നിർമിക്കുന്നതിനായി തോണ്ടിയ കുഴിയിൽ കോൺക്രീറ്റ് ബൈൽറ്റ് ചെയ്യുകയായിരുന്നു ആറുപേരടങ്ങുന്ന തൊഴിലാളി സംഘം.
വികാസും ഉണ്ണിയും കോൺക്രീറ്റ് നിരത്തുകയായിരുന്നു. ഇവർക്ക് മുകളിലേക്കാണ് കുന്നിടിഞ്ഞത്. അപ്രതീക്ഷിതമായാണെങ്കിലും കുന്നിടിഞ്ഞുവരുന്നതിനിടയിൽ പുറത്തുനിന്ന നാലുപേരും അലറിവിളിച്ച് ഓടിമാറിയെങ്കിലും വികാസിനും ഉണ്ണിക്കും മുകളിലൂടെ മണ്ണ് ഒരാൾ പൊക്കത്തിൽ വീണു. കുന്നിൻ മുകളിലെ വീടിന്‍റെ കക്കൂസും അതിന് മുകളിലിരുന്ന വാട്ടർ ടാങ്കും ഉൾപ്പെടെയാണ് താഴേക്ക് പതിച്ചത്. ഒപ്പമുണ്ടായിരുന്ന തൊഴിലാളികളും ഓടിക്കൂടിയ നാട്ടുകാരും ചേർന്ന് മണ്ണ് നീക്കം ചെയ്യുന്നതിനിടെ ഫയർഫോഴ്സുമെത്തി. രണ്ടു പേരെയും പുറത്തെടുക്കുമ്പോഴേക്കും വികാസ് അബോധാവസ്ഥയിലായിരുന്നു.
ഉടൻതന്നെ വർക്കലയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും വികാസ് മരിച്ചു. ശ്രീക്കുട്ടിയാണ് വികാസിന്‍റെ ഭാര്യ. മക്കൾ: ആദിത്യൻ, അദ്വൈത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.