വർക്കല: പൂവനി ഒരുക്കാൻ ഇടവ ഗ്രാമ പഞ്ചായത്തിന്റെ പുറപ്പാട്. ആസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി രണ്ട് ഹെക്ടർ ഭൂമിയിലാണ് പുഷ്പകൃഷി തുടങ്ങിയത്. പുഷ്പകൃഷിയിൽ സ്വയം പര്യാപ്തത നേടുക എന്ന ലക്ഷ്യത്തോടെ ഗ്രാമ പഞ്ചായത്തിന്റെയും കൃഷിഭവന്റെയും നേതൃത്വത്തിൽ തൊഴിലുറപ്പ് തൊഴിലാളികളെ ഉൾക്കൊള്ളിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ തുടക്കമെന്ന നിലയിൽ ഗ്രാമപഞ്ചായത്തിന്റെ ഒന്നാം വാർഡായ കാപ്പിലെ 40 സെന്റ് വസ്തുവിൽ പൂച്ചെടികളുടെ നടീൽ ഉത്സവം നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ. ബാലിക് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ശുഭ ആർ.എസ്. കുമാർ അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ വി. സതീശൻ, ബിന്ദു, വാർഡ് മെംബർമാരായ പുത്തലീ ഭായ്, സിമിലിയ, സജീന, ഷീബ, ജെസി, ശ്രീദേവി, കൃഷി ഓഫിസർ അനശ്വര എന്നിവർ സംബന്ധിച്ചു.
സുരേന്ദ്രൻ വെൺകുളം, ഹലീമ കിണറ്റിൻകരവിള എന്നിവരുടെ നേതൃത്വത്തിൽ രണ്ട് ഏക്കർ വസ്തുവിൽ പുഷ്പകൃഷി വരും ദിവസങ്ങളിൽ ആരംഭിക്കുമെന്നും കാടുപിടിച്ചു കിടക്കുന്ന സ്വകാര്യ വസ്തുക്കൾ ഏറ്റെടുത്തു വസ്തു ഉടമകളുടെ സമ്മതത്തോടെ കൃഷി വ്യാപകമാക്കുമെന്നും പ്രസിഡന്റ് എ. ബാലിക് അറിയിച്ചു. ഓണത്തിന് ആവശ്യമായ പൂക്കൾ ഉൽപാതിപ്പിക്കാനാണ് തൊഴിലുറപ്പ് തൊഴിലാളികളുടെയും കുടുംബശ്രീ പ്രവർത്തകരുടെയും സഹായത്തോടെ ഇടവ കൃഷിഭവൻ ജീവനക്കാർ ശ്രമിക്കുന്നത്.
ആറ്റിങ്ങൽ: തോന്നയ്ക്കൽ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഇക്കോ ക്ലബിന്റെ നേതൃത്വത്തിൽ ഞാറുനടീൽ ഉത്സവം സംഘടിപ്പിച്ചു. കുട്ടികളിൽ കാർഷിക സംസ്കാരം വളർത്തുക, ജൈവ കൃഷിരീതി പ്രോത്സാഹിപ്പിക്കുക എന്നിവ ലക്ഷ്യംവെച്ചാണ് ഞാറുനടീൽ ഉത്സവം സംഘടിപ്പിച്ചത്. പിരപ്പമൺകാട് ഏലായിൽ സ്കൂൾ പാട്ടത്തിനെടുത്ത 25 സെന്റ് ഭൂമിയിലാണ് കൃഷിയിറക്കിയത്. ഉമ നെല്ലിനമാണ് ഉപയോഗിച്ചത്. എച്ച്.എം. സുജിത്, പി.ടി.എ പ്രസിഡന്റ് നസീർ, പി.ടി.എ അംഗം വിനയ്, സീഡ് കോഓഡിനേറ്റർമാരായ സൗമ്യ, ഷാബിമോൻ, കായികാധ്യാപകനായ രഞ്ജു, അധ്യാപക ഇതര ജീവനക്കാരൻ ഷാനവാസ്, ക്ലബ് അംഗങ്ങൾ എന്നിവർ ചേർന്നാണ് ഞാറുകൾ ഏലായിയിൽ നട്ടത്. തുടർച്ചയായി മൂന്നാം തവണയാണ് സ്കൂൾ കൃഷിയിറക്കുന്നത്. കഴിഞ്ഞവർഷം കൃഷിചെയ്ത നെല്ല് തൃപ്തി റൈസ് എന്ന പേരിൽ വിൽപന നടത്തി.
കല്ലമ്പലം: ഓണത്തിന് ഒരു കൈകുമ്പിൾ പൂവ് എന്ന ലക്ഷ്യത്തിനായി കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് നടപ്പാക്കുന്ന പൂവനി പദ്ധതിയുടെ ഭാഗമായി ഞെക്കാട് സ്കൂളിന്റെ ആഭിമുഖ്യത്തിൽ പുഷ്പ കൃഷിക്ക് തുടക്കമായി. ഒറ്റൂർ പഞ്ചായത്ത് രണ്ടാം വാർഡിലെ മതിരക്കോട് പ്രദേശത്തുള്ള 10 സെന്റ് സ്ഥലത്താണ് വ്യത്യസ്തയിനങ്ങളിലുള്ള ചെണ്ടുമല്ലി തൈകൾ നട്ടത്. ഒറ്റൂർ കൃഷി ഭവനിലെ കൃഷി ഓഫിസർ എൻ. ലീന ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ഒ. ലിജ അധ്യക്ഷത വഹിച്ചു.
മാനേജ്മെന്റ് കമ്മിറ്റി ചെയർമാൻ എസ്. അനിൽകുമാർ, പി.ടി.എ വൈസ് പ്രസിഡന്റ് സി.വി. രാജീവ്, ഹൈസ്കൂൾ പ്രഥമാധ്യാപകൻ എൻ. സന്തോഷ്, സ്റ്റാഫ് കൗൺസിൽ സെക്രട്ടറി ദീപ, അധ്യാപികമാരായ പ്രീതി, ദീപ, ശ്രീപ്രിയ എന്നിവർ സംസാരിച്ചു. ഞെക്കാട് ഗവ. വി.എച്ച്.എസ്.എസിലെ അപ്പർ പ്രൈമറി വിഭാഗം എക്കോ ക്ലബ്, സയൻസ് ക്ലബ് എന്നിവയിലെ അംഗങ്ങൾ സംയുക്തമായാണ് പൂകൃഷിക്ക് നേതൃത്വം നൽകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.