വർക്കല: മുന്നറിയിപ്പ് അവഗണിച്ച് സഞ്ചാരികൾ പതിവായി അപകടങ്ങളും മരണവും ക്ഷണിച്ചുവരുത്തുന്നു; വെള്ളിയാഴ്ചയും പാപനാശം കടലിൽ ദുരന്തം ആവർത്തിച്ചു. കള്ളക്കടലിൽപെട്ട് പിന്നെയും ഒരു വിദേശികൂടി മരിച്ചു. ബ്രിട്ടീഷ് പൗരനായ റോയി ജോൺ ടെയ്ലർ (54) ആണ് മരിച്ചത്.
വെള്ളിയാഴ്ച ഉച്ചക്ക് പന്ത്രണ്ടോടെയായിരുന്നു അപകടം. തീരത്ത് കടലിൽ കുളിക്കവെയാണ് ഇയാൾ കൂറ്റൻ തിരയിലകപ്പെട്ടത്. ഇരുന്നൂറ് മീറ്ററോളം ദൂരത്തിലാണ് ഇയാളെ കടൽ വലിച്ചുകൊണ്ടുപോയത്. ഡ്യൂട്ടിയിലുണ്ടായിരുന്ന ലൈഫ് ഗാർഡുമാരായ സന്തോഷും മുഹ്സിനും ചേർന്നാണ് സാഹസികമായി നീന്തി റോയിയെ രക്ഷിച്ച് തീരത്തെത്തിച്ചത്. പാപനാശം തീരം പൂർണമായും ഇപ്പോൾ അപകടക്കെണിയാണ്. തീരക്കടലിൽ തന്നെ പതിനഞ്ച് മീറ്ററോളം ആഴത്തിലാണ് കയങ്ങൾ രൂപപ്പെട്ടത്. അതുകഴിഞ്ഞ് മണൽതിട്ടകളുമുണ്ട്. ഇങ്ങനെ ഇടയ്ക്കിടെ കൂറ്റൻ കുഴികളും തിട്ടകളും രൂപപ്പെട്ട നിലയിലാണ് തീരക്കടൽ.
കഴിഞ്ഞ ദിവസം കലക്ടറുടെ കള്ളക്കടൽ അപകട മുന്നറിയിപ്പ് ഉണ്ടായതുമുതൽ തീരത്തെ ലൈഫ് ഗാർഡുകൾ അതീവ ജാഗ്രതയിലാണ്. രണ്ട് മാസമായി റോയിയും ഭാര്യ സാമന്റ ലൂയിസ് എംബല്ലോയും വിനോദ സഞ്ചാരികളായെത്തി പാപനാശത്ത് താമസിച്ചുവരികയായിരുന്നു. റോയി നന്നായി നീന്തി ബോഡി സർഫിങ് നടത്തുന്നതും പതിവായിരുന്നു.
എന്നാൽ വെള്ളിയാഴ്ച ഇവർ തീരത്തെത്തുമ്പോൾതന്നെ കടലിൽ ഇറങ്ങരുതെന്നും അപകടമാണെന്നും കലക്ടറുടെ കർശനമായ ജാഗ്രത നിർദേശം ഉണ്ടെന്നും മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ തനിക്ക് നന്നായി നീന്താനറിയാമെന്ന് പറഞ്ഞാണ് റോയി കടലിലിറങ്ങിയത്. ഭാര്യ തീരത്തിരുന്ന് വിശ്രമിക്കുകയും ചെയ്തു. റോയി നീന്തി അധികം ദൂരം പോകാതെ തന്നെ തിരകൾക്ക് മുകളിലൂടെ ‘ബോഡി സർഫിങ്’ നടത്തിയും നീന്തിയും കുളിച്ചുംകൊണ്ടിരുന്നു. ഇതിനിടയിൽ വലിയ തിരകൾ ഉയർന്നപ്പോൾതന്നെ ഭാര്യ റോയിയോട് മടങ്ങി വരാൻ ഉച്ചത്തിൽ വിളിച്ചുപറഞ്ഞതും റോയി അവഗണിച്ചു. ഇതിനിടെയാണ് അപ്രതീക്ഷിതമായി കള്ളക്കടൽ പാഞ്ഞടുത്തതും റോയി കടലടിച്ചതും.
അപകടത്തിൽ റോയിക്ക് ഗുരുതര പരിക്കേറ്റിരുന്നു. കൂറ്റൻ തിര ഇയാളെ പൊക്കിയെടുത്താണ് മണൽത്തിട്ടയിലടിച്ചതെന്ന് ലൈഫ് ഗാർഡുകൾ പറഞ്ഞു. അപകടത്തിൽ കഴുത്തൊടിഞ്ഞും മൂക്ക് തകർന്നുമാണ് പരിക്കേറ്റത്. മൂക്കിലൂടെ കനത്ത രക്തസ്രാവവുമുണ്ടായി. ഇയാളെ വർക്കല താലൂക്ക് ആശുപത്രിയിലും തുടർന്ന് വർക്കലയിലെ തന്നെ സ്വകാര്യ മൾട്ടി സ്പെഷാലിറ്റി ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഇക്കഴിഞ്ഞ ഫെബ്രുവരി, മാർച്ച് മാസങ്ങളിലായി പാപനാശം, കാപ്പിൽ കടലുകളിലായി ആറ് പേരാണ് കള്ളക്കടലിൽ അകപ്പെട്ട് മരിച്ചത്. ഇതിലും വിദേശ പൗരന്മാരുണ്ടായിരുന്നു. അപകടമുന്നറിയിപ്പുകളൊന്നും വിദേശികളും ആഭ്യന്തര സഞ്ചാരികളും വകവെക്കുന്നില്ലെന്ന് ലൈഫ് ഗാർഡുകളുടെ പരാതിയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.