വർക്കല: ചൊവ്വാഴ്ച വർക്കല ഉണർന്നത് ദുരന്ത വാർത്തയിൽ വിറങ്ങലിച്ച്. കേട്ടവർ ഞെട്ടിത്തരിച്ച് ചെറുന്നിയൂർ പന്തുവിളയിലേക്ക് പാഞ്ഞു. അപ്പോഴേക്കും നേരം വെളുക്കുന്നതേയുണ്ടായിരുന്നുള്ളൂ. ഒരു കുടുംബത്തിലെ ഗൃഹനാഥനും ഗൃഹനാഥയും കൈക്കുഞ്ഞുമടക്കം അഞ്ച് വിലപ്പെട്ട ജീവനുകളെയാണ് അഗ്നിബാധ കവർന്നത്.
ചെറുന്നിയൂർ പന്തുവിള രാഹുൽ നിവാസിൽ ബേബി എന്ന പ്രതാപൻ (62), ഭാര്യ ഷെർലി (53), ഇവരുടെ രണ്ടാമത്തെ മകൻ അഹിൽ (29), മൂന്നാമത്തെ മകൻ നിഹുലിന്റെ ഭാര്യ അഭിരാമി (24), ഇവരുടെ എട്ട് മാസം പ്രായമുള്ള മകൻ റയാൻ എന്നിവരാണ് മരിച്ചത്. ഗുരുതര പൊള്ളലേറ്റ നിഹുലിനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇദ്ദേഹം വെന്റിലേറ്ററിൽ ചികിത്സയിലാണ്. പുത്തൻചന്ത ജങ്ഷനിൽ ആർ.കെ.എൻ വെജിറ്റബിൾസ് ആൻഡ് ഫ്രൂട്ട്സ് മൊത്തക്കച്ചവട സ്ഥാപനത്തിന്റെ ഉടമയാണ് പ്രതാപൻ. അഹിലും നിഹുലും ഇതേ സ്ഥാപനത്തിൽ അച്ഛനെ സഹായിക്കുന്നു.
തിങ്കളാഴ്ച രാത്രി കുടുംബം അത്താഴവും കഴിച്ച് അവരവരുടെ മുറികളിൽ ഉറങ്ങാൻ പോയതാണ്. രാത്രി വീടിനകം വിഴുങ്ങിയ അഗ്നിയിലും കനത്ത പുകയിലും അഞ്ച് ജീവനുകൾ ഒടുങ്ങുകയായിരുന്നു. താഴത്തെ നിലയിലെ മൂന്ന് മുറികളിലൊന്നാണ് പ്രതാപന്റെയും ഷെർളിയുടെയും കിടപ്പുമുറി. മുകളിലെ രണ്ടു മുറികളിലൊന്നിൽ അഹിലും മറ്റേതിൽ നിഹുലും ഭാര്യയും കൈക്കുഞ്ഞും. ഇവിടേക്കാണ് തീ പടർന്നത്. എവിടെ നിന്നാണ് വീടിനകത്തേക്ക് തീ പടർന്നുകയറിയതെന്നതിന് തിട്ടമില്ല. സിറ്റൗട്ടിൽ വെച്ചിരുന്ന ബൈക്കുകൾ കത്തുന്നത് എതിർവശത്തെ വീട്ടിലെ ശശാങ്കനാണ് പുലർച്ച കണ്ടത്. അദ്ദേഹം മകൾ അലീനയെ വിളിച്ചുണർത്തി രാഹുൽ നിവാസിലെ ഗേറ്റിലടിച്ച് ശബ്ദമുണ്ടാക്കി അകത്തുള്ളവരെ ഉണർത്താൻ ശ്രമിച്ചു. വീടിനകത്തെ എല്ലാ മുറികളിലും എ.സിയുള്ളതിനാൽ വായു കടക്കാത്തവിധം സുരക്ഷിതമായിരുന്നു. അതിനാൽ തീ വിഴുങ്ങാൻ വരുന്നെന്ന് പുറത്തുനിന്ന് ശശാങ്കനും മകളും അലറിവിളിച്ചിട്ടും ശബ്ദം അകത്തെത്താതെ പോയി.
ഇതിനിടെ, പരിസര വാസികളും വന്നു. അപ്പോഴേക്കും ബൈക്കുകളിൽനിന്ന് തീ വീടിനകത്തേക്ക് ആളിക്കയറി. വീടിനുള്ളിൽനിന്ന് കനത്ത പുകയുയർന്നു. കൈയിൽകിട്ടിയ പാത്രങ്ങളിലൂടെ വെള്ളം കോരി മതിലിനുമുകളിലൂടെ ഒഴിക്കുമ്പോഴേക്കും ഫയർഫോഴ്സ് സ്ഥലത്തെത്തി. അവർ മുൻ വാതിൽ ചവിട്ടിത്തുറന്ന് അകത്തുകയറി. മറ്റൊരു സംഘം പിറകുവശത്തെ വാതിൽ ഗ്യാസ് കട്ടർ ഉപയോഗിച്ചാണ് പൊളിച്ചത്. അപ്പോഴേക്കും നിഹുൽ ഗോവണിയിറങ്ങിയെത്തി. തന്റെ ഭാര്യയും കുഞ്ഞും മുകളിലുണ്ടെന്നും രക്ഷിക്കണമെന്നും പറഞ്ഞ നിഹുൽ കുഴഞ്ഞുവീണു. ഇയാളെ ഫയർഫോഴ്സ് ആംബുലൻസിൽ ആശുപത്രിയിലേക്ക് കൊണ്ടുപോയി. മുകളിലെ കിടപ്പുമുറിയോട് ചേർന്ന ബാത്ത്റൂമിൽ നിഹുലിന്റെ ഭാര്യ അഭിരാമിയും എട്ടുമാസം മാത്രം പ്രായമുള്ള മകൻ റയാനും മരിച്ച നിലയിലായിരുന്നു. കനത്ത പുകയിലും തീയിലും നിന്ന് രക്ഷപ്പെടാനായി അഭിരാമി കുഞ്ഞിനെയുമെടുത്ത് ബാത്ത് റൂമിൽ കയറിയതാകാം. തൊട്ടടുത്ത മുറിയിൽ അഹിലിനെ മരിച്ചനിലയിൽ കണ്ടു. താഴത്തെ നിലയിലെ കിടപ്പുമുറിയിൽ പ്രതാപനും ഭാര്യ ഷെർളിയും മരിച്ച നിലയിലായിരുന്നു.
തീപിടിത്തത്തിന്റെ കാരണം പരിശോധിച്ചറിയാൻ ഫയർഫോഴ്സും ഫിംഗർ പ്രിന്റ്, ഫോറൻസിക് വിദഗ്ധരും തെളിവ് ശേഖരിച്ചു. വീടിനകത്തേക്ക് ആദ്യം കടന്ന ഫയർഫോഴ്സ് പറയുന്നത് മരിച്ചവർക്കെല്ലാം നിസ്സാര പൊള്ളലേ ഉണ്ടായിരുന്നുള്ളൂവെന്നാണ്. അവരൊക്കെ കിടന്ന കട്ടിൽ, മെത്ത, മുറികളിലെ വസ്ത്രങ്ങൾ എന്നിവയിലേക്കൊന്നും തീ പടർന്നിട്ടുമില്ല. അപ്പോൾ ഹാളിലെ സോഫാ സെറ്റികളിലെ സ്പോഞ്ചും മുറികളിലെ ജിപ്സം ഇന്റീരിയറും കത്തിയപ്പോഴുണ്ടായ വിഷപ്പുക ശ്വസിച്ചതാകും മരണകാരണമെന്ന് ഫയർഫോഴ്സ് അനുമാനിക്കുന്നു. വീടിനകത്ത് മണ്ണെണ്ണയുടെയോ മറ്റോ സാന്നിധ്യമുണ്ടായിരുന്നില്ലെന്നും ഫയർഫോഴ്സ് വ്യക്തമാക്കുന്നു. തീപിടിത്തകാരണം ഷോർട്ട് സർക്യൂട്ടാകാമെന്നാണ് സ്ഥലം പരിശോധിച്ച ഇലക്ട്രിക്കൽ ഇൻസ്പെക്ടറുടെ പ്രഥമിക നിഗമനം. ഇലക്ട്രിക് മെയിൻ സ്വിച്ചും ഡിസ്ട്രിബ്യൂഷൻ പാനലും കത്തിയതാണ് കാരണമായി പറയുന്നത്. അവ കത്തിയപ്പോൾ സിറ്റൗട്ടിലിരുന്ന ബൈക്കുകളിലേക്ക് തീ പടർന്നതാകാം. ഇലക്ട്രിക് വയറുകളിലൂടെ തീ വീടിനകത്തേക്കും ഇന്റീരിയറിലെ ജിപ്സം ഷീറ്റുകളീലേക്കും പടർന്നിരിക്കാം.
അഞ്ചുമാസം മുമ്പായിരുന്നു അഹിലിന്റെ വിവാഹ നിശ്ചയം. വരുന്ന നവംബറിൽ വിവാഹം നടത്താൻ ഉറപ്പിച്ചിരുന്നതാണ്. പ്രതാപൻ എന്ന ബേബിയണ്ണൻ നാട്ടുകാർക്കെല്ലാം പ്രിയപ്പെട്ടവനായിരുന്നു. അദ്ദേഹത്തോടുള്ള ആദര സൂചകമായി പുത്തൻചന്തയിലും വർക്കല ടൗണിലും കടകളടച്ച് ഹർത്താലാചരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.